| Monday, 13th November 2023, 12:48 pm

'ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനായി' വിരാട് കോഹ്‌ലി, ഒപ്പം മാക്‌സ്‌വെല്ലും വാര്‍ണറും; ടീം പുറത്തുവിട്ട് കങ്കാരുക്കള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പിന്റെ ടീം ഓഫ് ദി ടൂര്‍ണമെന്റ് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നയിക്കുന്ന പ്ലെയിങ് ഇലവനില്‍ നാല് ഇന്ത്യന്‍ താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ലോകകപ്പിലെ എല്ലാ ടീമുകളുടെയും എല്ലാ താരങ്ങളുടെയും പ്രകടനം വിലയിരുത്തിയ ശേഷമുള്ള ഓസ്‌ട്രേലിയയുടെ ടീം ഓഫ് ദി ടൂര്‍ണമെന്റ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്.

പത്ത് ടീമുകള്‍ പങ്കെടുത്ത ലോകകപ്പില്‍ സെമി ഫൈനലിന് യോഗ്യത നേടിയ നാല് ടീമുകളിലെ താരങ്ങള്‍ മാത്രമാണ് ഓസീസിന്റെ ടീം ഓഫ് ദി ടൂര്‍ണമെന്റില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഏറ്റവുമധികം താരങ്ങള്‍ ഇന്ത്യയില്‍ നിന്നുമാണ്, നാല് പേര്‍. ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളില്‍ നിന്നും മൂന്ന് വീതം താരങ്ങള്‍ ഇടം നേടിയപ്പോള്‍ ഒരു ന്യൂസിലാന്‍ഡ് താരവും ഇലവനില്‍ ഇടം നേടി.

പ്രോട്ടിയാസ് താരം ക്വിന്റണ്‍ ഡി കോക്കും ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. ടീമിന്റെ വിക്കറ്റ് കീപ്പറുടെ ചുമതലയും ഡി കോക്കിന് തന്നെയാണ്.

മൂന്നാം നമ്പറില്‍ ന്യൂസിലാന്‍ഡ് യുവതാരം രചിന്‍ രവീന്ദ്രയെത്തുമ്പോള്‍ നാലാം നമ്പറില്‍ വിരാട് കോഹ്‌ലി കളത്തിലിറങ്ങും.

അഞ്ചാം നമ്പറില്‍ ഏയ്ഡന്‍ മര്‍ക്രവും ആറാം നമ്പറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് അണിനിരക്കുന്നത്. ടൂര്‍ണമെന്റിലെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍മാരായ മാര്‍കോ യാന്‍സെനും രവീന്ദ്ര ജഡേജയും കൂടി ഉള്‍പ്പെടുന്നതാണ് ടീമിന്റെ മിഡില്‍ ഓര്‍ഡര്‍.

മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും പേസ് നിരയില്‍ കരുത്താകുമ്പോള്‍ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായ ഓസീസ് സ്റ്റാര്‍ സ്പിന്നര്‍ ആദം സാംപയും ഉള്‍ച്ചേരുന്നതാണ് ഓസ്‌ട്രേലിയയുടെ ടീം ഓഫ് ദി ടൂര്‍ണമെന്റ്.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ടീം ഓഫ് ദി ടൂര്‍ണമെന്റ്

ക്വിന്റണ്‍ ഡി കോക്ക് (സൗത്ത് ആഫ്രിക്ക) – വിക്കറ്റ് കീപ്പര്‍

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)

രചിന്‍ രവീന്ദ്ര – (ന്യൂസിലാന്‍ഡ്)

വിരാട് കോഹ് ലി (ഇന്ത്) – ക്യാപ്റ്റന്‍

ഏയ്ഡന്‍ മര്‍ക്രം (സൗത്ത് ആഫ്രിക്ക)

ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ)

മാര്‍കോ യാന്‍സെന്‍ (സൗത്ത് ആഫ്രിക്ക)

രവീന്ദ്ര ജഡേജ (ഇന്ത്യ)

മുഹമ്മദ് ഷമി (ഇന്ത്യ)

ആദം സാംപ (ഓസ്‌ട്രേലിയ)

ജസ്പ്രീത് ബുംറ (ഇന്ത്യ)

Content Highlight: Cricket Australia’s team of the tournament

We use cookies to give you the best possible experience. Learn more