ഏകദിന മത്സരങ്ങളിൽ നിന്ന് ആരോൺ ഫിഞ്ച് വിരമിച്ചതോടെ ടീമിനൊരു നായകനില്ലാതെ നെട്ടോട്ടമോടുകയായിരുന്നു ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം. പാറ്റ് കമ്മിൻസും മിച്ചൽ മാർഷും ആദ്യമേ കയ്യൊഴിഞ്ഞു. പിന്നെയുള്ളത് ഡേവിഡ് വാർണറാണ്, പുള്ളിയാണേൽ പന്ത് ചുരണ്ടൽ വിവാദത്തിൽ കെട്ടിപ്പിടഞ്ഞ് കിടക്കുകയുമായിരുന്നു.
ഏകദിന മത്സരങ്ങളിലൊന്നും ക്യാപ്റ്റനാവാൻ പറ്റില്ലെന്നും ശരീരമൊക്കെ പുഷ്ടിപ്പെടുത്തി ലോകകപ്പിൽ മികച്ച ബാറ്റിങ് നടത്തലാണ് തന്റെ ലക്ഷ്യമെന്നും മിച്ചൽ മാർഷൽ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. താരത്തെ പറഞ്ഞിട്ടും കാര്യമില്ല, കഴിഞ്ഞ ലോകകപ്പിൽ മരണ മാസ് പെർഫോമൻസ് ആയിരുന്നു കാഴ്ച വെച്ചത്. താരത്തിന്റെ ബാറ്റിങ്ങിന്റെ മികവിലാണ് ഓസീസ് ലോകകപ്പ് നേടിയത് തന്നെ.
അടുത്ത ഊഴം പാറ്റ് കമ്മിൻസിന്റേതായിരുന്നു, ഒരുപക്ഷേ ഫിഞ്ചിന്റെ വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഓസ്‌ട്രേലിയൻ കണ്ണുകൾ ആദ്യം പോയത്
താരത്തിന്റെ നേർക്കായിരുന്നിരിക്കണം. പക്ഷേ സംഘാടകർ ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ താരം തന്റെ കാര്യം പറഞ്ഞ് തടിയൂരുകയായിരുന്നു.
നമ്മളിനി എന്ത് ചെയ്യും മല്ലയ്യാന്നും പറഞ്ഞ് പരസ്പരം നോക്കിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിന് മുന്നിൽ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. എതിരെ കളിക്കാൻ വന്ന ടീമിന്റെ പന്ത് ചുരണ്ടാൻ പോയി, അത് ക്യാമറയിൽ പിടിക്കപ്പെട്ട് വിവാദത്തിലായ ഡേവിഡ് വാർണർ.
സമകാലിക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫീൾഡർമാരിൽ ഒരാൾ, പറക്കും ക്യാച്ചുകളും റണ്ണൗട്ടുകളും സേവുകളുമായി ഓസ്‌ട്രേലിയയുടെ വിശ്വസ്തനായ ഫീൾഡറെന്ന വിശേഷണമുള്ള താരം. പറഞ്ഞിട്ടെന്താ കാര്യം, മത്സരത്തിലെ നിയമാവലികളിൽ വിശ്വാസവഞ്ചന നടത്തിയതിന് ക്യാപ്റ്റൻസിയിൽ നിന്ന് തന്നെ ആജീവാനന്ത വിലക്കാണ് താരത്തിന് ഏർപ്പെടുത്തിയിരുന്നത്.
എന്നാലിപ്പോൾ കങ്കാരുവിന്റെ നാട്ടിലെ കളിക്കാർക്ക് പേരിനൊരു ക്യാപ്റ്റനില്ലാത്തത് ടീമിനെ വലിയ സമ്മർദത്തിലാക്കിയതിനാൽ ഡേവിഡ് വാർണറുടെ ആജീവനാന്ത വിലക്കിന് നേരിയ മാറ്റമുണ്ടാക്കിയിരിക്കുകയാണ്. താരത്തിന് നായക സ്ഥാനത്ത് തുടരാമെന്നായി. എന്നാൽ വിലക്ക് അങ്ങനെ ഒറ്റയടിക്കൊന്നും പോയിപ്പോവില്ല. ബോർഡിന്റെ നിയമാവലിയൊക്കെ പതുക്കെ തിരുത്തിയ ശേഷം മാത്രമേ നടപടിയുണ്ടാകൂ.