| Wednesday, 22nd June 2022, 8:35 pm

ബാബര്‍ അസമിനും വിരാട് കോഹ്‌ലിക്കുമടക്കം വലവിരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിനോളം തന്നെ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഫ്രാഞ്ചൈസി ലീഗാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിഗ് ബാഷ് ലീഗ് എന്ന ബി.ബി.എല്‍.

എണ്ണം പറഞ്ഞ താരങ്ങളുണ്ടായിട്ടും എല്ലാത്തിലുമുപരി മൈറ്റി ഓസീസിന്റെ ഫ്രാഞ്ചൈസി ലീഗായിട്ടും ഐ.പി.എല്‍ പോലെ രാജ്യാന്തര തലത്തിലെ ക്രിക്കറ്റ് ആരാധകരെ ആകര്‍ഷിക്കാന്‍ ബി.ബി.എല്ലിനായിട്ടില്ല.

എന്നാലിപ്പോള്‍ ബാബര്‍ അസം, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ തുടങ്ങിയ താരങ്ങളെ ബി.ബി.എല്ലിലേക്കെത്തിക്കാനും അതുവഴി ബ്രോഡ്കാസ്റ്റിങ് അടക്കം കൂടുതല്‍ വിപുലമാക്കാനുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം.

ഇതിനായി കൂടുതല്‍ ശമ്പളം ഓഫര്‍ ചെയ്ത് ഡ്രാഫ്റ്റിലൂടെ താരങ്ങളെ ബി.ബി.എല്ലിലേക്കെത്തിക്കാനാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നത്.

ബി.ബി.എല്ലിന്റെ സമയത്ത് തന്നെയാണ് യു.എ.ഇ ടി-20 ലീഗ് അടക്കമുള്ള ടൂര്‍ണമെന്റുകള്‍ നടക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ പല സൂപ്പര്‍ താരങ്ങളേയും കൂടെയെത്തിക്കാന്‍ ബി.ബി.എല്‍ ടീമുകള്‍ക്കായിരുന്നില്ല. ഇതിന് പരിഹാരം കൂടിയായിട്ടാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഡ്രാഫ്രറ്റ് സിസ്റ്റം ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇതുവരെ ബി.ബി.എല്‍ ടീമുകള്‍ സ്വകാര്യമായിട്ടായിരുന്നു വിദേശ താരങ്ങളെ ടീമിലെത്തിച്ചിരുന്നത്. എന്നാല്‍ ഡ്രാഫ്റ്റ് സിസ്റ്റം വരുന്നതോടെ ഐ.പി.എല്ലിലെ ലേലമെന്ന പോലെ ടീമുകള്‍ ഒരിടത്ത് ഒത്തുകൂടുകയും രണ്ടോ മൂന്നോ വിദേശ കളിക്കാരെ ടീമിലെത്തിക്കുകയും ചെയ്യും.

ഓഗസ്റ്റില്‍ ഡ്രാഫ്റ്റ് നടന്നേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.

ഡ്രാഫ്റ്റിനായി താരങ്ങള്‍ സ്വയം രജിസ്റ്റര്‍ ചെയ്യണം. പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നീ നാല് കാറ്റഗറിയിലൊന്നിലാണ് വിദേശ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓരോ കാറ്റഗറിക്കും ലഭിക്കുന്ന തുക-

പ്ലാറ്റിനം – 3,40,000 ഓസ്‌ട്രേലിയന്‍ ഡോളര്‍
ഗോള്‍ഡ് – 2,60,000 ഓസ്‌ട്രേലിയന്‍ ഡോളര്‍
സില്‍വര്‍ – 1,75,000 ഓസ്‌ട്രേലിയന്‍ ഡോളര്‍
ബ്രോണ്‍സ് – 1,00,000 ഓസ്‌ട്രേലിയന്‍ ഡോളര്‍

ലോട്ടറി സിസ്റ്റത്തിലൂടെ ആയിരിക്കും ടീമുകളുടെ പിക്കിങ് ഓര്‍ഡര്‍ തീരുമാനിക്കുക. പ്ലാറ്റിനം കാറ്റഗറിയില്‍ ഉള്‍പ്പെട്ട എട്ട് താരങ്ങളെ ആയിരിക്കും ആദ്യം ടീമുകള്‍ക്ക് തെരഞ്ഞെടുക്കാനാവുക.

ബി.ബി.എല്‍ 11ല്‍ അവസാനമെത്തിയ ടീമിനായിരിക്കും ആദ്യം പ്ലാറ്റിനം താരത്തെ തെരഞ്ഞെടുക്കാന്‍ അനുവാദമുണ്ടാവുക. പിന്നാലെ മറ്റു ടീമുകള്‍ക്കും പ്ലാറ്റിനം താരത്തെ തെരഞ്ഞെടുക്കാം. അതായത് എട്ട് ടീമിലും ഓരോ പ്ലാറ്റിനം താരങ്ങള്‍ വീതം ഉണ്ടായിരിക്കും.

ഇതേ രീതിയില്‍ ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് കാറ്റഗറിയിലെ താരങ്ങളെയും ടീമികള്‍ക്ക് തെരഞ്ഞെടുക്കാനാവും.

Content Highlight: Cricket Australia introduces new changes to attract big players like Babar Azam and Virat Kohli

We use cookies to give you the best possible experience. Learn more