| Sunday, 15th May 2022, 8:11 am

സൈമണ്ട്‌സിന്റെ മരണം ഞെട്ടിപ്പിക്കുന്നത്; അനുശോചനം രേഖപ്പെടുത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ’46ാം വയസില്‍ ദാരുണമായി മരണമടഞ്ഞ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ക്വീന്‍സ്‌ലാന്‍ഡെറിന്റെ വേര്‍പാട് ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്,’ ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വീറ്റ് ചെയ്തു.

ശനിയാഴ്ച രാത്രി ടൗണ്‍സ്വില്ലിന് പുറത്ത് ഒരു കാര്‍ അപകടത്തിലായിരുന്നു സൈമണ്ട്‌സിന്റെ
മരണം. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ അവിസ്മരണീയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ സൈമണ്ട്‌സ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു.

സൈമണ്ട്സ് താമസിച്ചിരുന്ന ടൗണ്‍സ്വില്ലെയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഹെര്‍വി റേഞ്ചിലായരുന്നു മരണത്തിനിടയാക്കിയ കാറപകടം നടന്നത്. അപകടത്തെ പറ്റി അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

രാത്രി 11 മണിക്ക് ശേഷം ഹെര്‍വി റേഞ്ച് റോഡില്‍ കാര്‍ ഓടിക്കുന്നതിനിടയില്‍ ആലീസ് റിവര്‍ ബ്രിഡ്ജിന് സമീപം കാര്‍ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരങ്ങള്‍. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ എമര്‍ജന്‍സി സര്‍വീസുകള്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഓസ്ട്രേലിയയ്ക്കായി 198 ഏകദിനങ്ങള്‍ കളിച്ച സൈമണ്ട്സ് 2003ലും 2007ലും തുടര്‍ച്ചയായി ലോകകപ്പുകള്‍ നേടിയ ഓസ്‌ട്രേലിയന്‍ ടീമിലെ പ്രധാന അംഗമായിരുന്നു. രണ്ട് ലോകകപ്പിലും ഒരു മത്സരത്തില്‍ നിന്ന് പോലും സൈമണ്ട്‌സ് മാറി നിന്നിരുന്നില്ല. 2003 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ മാച്ച് വിന്നിംഗ് സെഞ്ച്വറിയുമായി അദ്ദേഹം വിജയത്തില്‍ നിര്‍ണായക പങ്കാളിയായി.

എതിരാളികള്‍ പേടിച്ചിരുന്ന അപകടകാരിയായ വലംകൈയ്യന്‍ ബാറ്റ്‌സ്മാനായ സൈമണ്ട്‌സ് 26 ടെസ്റ്റുകളും കളിച്ചു, ഇംഗ്ലണ്ടിനും ഇന്ത്യക്കുമെതിരെ സെഞ്ച്വറി നേടി. ഓഫ് ബ്രേക്ക് ബൗളറായ അദ്ദേഹം 24 ടെസ്റ്റ് വിക്കറ്റുകള്‍ നേടി. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്നു സൈമണ്ട്‌സ്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്ണൗട്ടുകള്‍ നേടുന്ന അഞ്ചാമത്തെ ഫീല്‍ഡ്‌സ്മാന്‍ എന്ന നേട്ടവും സൈമണ്ടസ് സ്വന്തമാക്കി.

Content Highlight: Cricket Australia condoles death of Andrew Symonds

We use cookies to give you the best possible experience. Learn more