പന്തിലെ കൃത്രിമം: കോച്ചിനെതിരെ നടപടിയില്ല; മാപ്പപേക്ഷിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ
Cricket
പന്തിലെ കൃത്രിമം: കോച്ചിനെതിരെ നടപടിയില്ല; മാപ്പപേക്ഷിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th March 2018, 11:52 pm

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഓസ്ട്രേലിയന്‍ താരം പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ കോച്ച് ഡാരന്‍ ലേമാനെതിരെ നടപടിയിയുണ്ടാവില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ലേമാനുമായുള്ള കരാര്‍ തുടരുമെന്ന് സി.ഇ.ഒ സതര്‍ലാണ്ട് വ്യക്തമാക്കി. ക്രിക്കറ്റ് ആരാധകരോടു് ക്രിക്കറ്റ് ഓസ്‌ട്രേലിയ മാപ്പു പറഞ്ഞു.

അതേസമയം സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രാഫ്റ്റ് എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകും. ഐ.പി.എല്‍ കരാറിനെ കുറിച്ച് ബി.സി.സി.ഐ ക്ക് തീരുമാനിക്കാമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്കു മാത്രമാണു സംഭവത്തില്‍ പങ്കെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ 24 മണിക്കൂറിനകം നടപടി പ്രഖ്യാപിക്കും

നേരത്തെ ലേമനെതിരെ വിമര്‍ശനവുമായി മുന്‍ ഓസീസ് നായകന്‍ മൈക്കള്‍ ക്ലാര്‍ക്ക് രംഗത്തെത്തിയിരുന്നു. സംഭവത്തെ കുറിച്ച് ലേമാന് നേരത്തെ അറിഞ്ഞിരുന്നില്ലെങ്കില്‍ ടീമിന് മേല്‍ അദ്ദേഹത്തിന് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നാണ് ക്ലാര്‍ക്ക് പറഞ്ഞത്. ലേമാന് സംഭവത്തെ കുറിച്ച് വിവരമുണ്ടായിരുന്നെങ്കില്‍ മറ്റാരെയും പോലെയോ അതിലധികോ അദ്ദേഹവും കുറ്റക്കാരനാണെന്നും ക്ലാര്‍ക്ക് പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് ലേമാന്‍ പ്രതികരിച്ചിരുന്നില്ല.

ഒരു വര്‍ഷത്തെ കരാര്‍ കൂടി അവശേഷിക്കുന്നുണ്ടെങ്കിലും പുതിയ സംഭവവികാസങ്ങളുടെ വെളിച്ചെത്തില്‍ ലേമാന്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന സൂചനകളുണ്ടായിരുന്നു. പന്തില്‍ കൃത്രിമം നടത്താനുള്ള തീരുമാനം പരിശീലകന്‍ അറിയാതെ സീനിയര്‍ താരങ്ങള്‍ ചേര്‍ന്ന് എടുത്തതാണെന്ന് സ്റ്റീവന്‍ സ്മിത്ത് വ്യക്തമാക്കിയിരുന്നു.