| Saturday, 18th June 2022, 12:54 pm

എന്തിനും ഏതിനും സഞ്ജുവിനെ കുറ്റം പറയാന്‍ നടക്കുന്നവര്‍ നാലില്‍ നാലും തോറ്റ പന്തിനെ ഇതുവരെ കണ്ടില്ലേ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. തന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടനേട്ടത്തിനടുത്തുവരെ ത്തിച്ചിട്ടും സഞ്ജുവിനെതിരെയുള്ള വിമര്‍ശനശരങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

ആകാശ് ചോപ്ര, സുനില്‍ ഗവാസ്‌കര്‍ തുടങ്ങിയ മുന്‍ ഇന്ത്യന്‍ താരങ്ങളായിരുന്നു സഞ്ജുവിന്റെ നിരന്തരവിമര്‍ശകര്‍. താരത്തിന്റെ പ്രകടനം മോശമാണ്, ക്യാപ്റ്റനെന്ന നിലയില്‍ തീരേ പോരാ തുടങ്ങിയ വിമര്‍ശനങ്ങള്‍ അവര്‍ ഉന്നയിച്ചുകൊണ്ടേയിരുന്നു.

ഐ.പി.എല്‍ 2022ല്‍ ടോസ് ഭാഗ്യം തീരെ കടാക്ഷിക്കാത്ത നായകനായിരുന്നു സഞ്ജു. ടോസ് നഷ്ടപ്പെടുന്നതിന് കാരണക്കാരന്‍ സഞ്ജുവാണെന്ന തരത്തിലും ഇവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

സഞ്ജുവിനേക്കാള്‍ പ്രകടനത്തിലും ക്യാപ്റ്റന്‍സിയിലും ഏറെ പിറകിലായിരുന്ന പല താരങ്ങളും ഇത്തരക്കാരുടെ വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. അത്തരത്തില്‍ ഗവാസ്‌കറടക്കമുള്ളവരുടെ വിമര്‍ശനത്തില്‍ നിന്നും രക്ഷപ്പെട്ട താരമാണ് ഇന്ത്യന്‍ നായകന്‍ റിഷബ് പന്ത്.

കളിക്കിടയില്‍ ടീമിനെ തിരിച്ചുവിളിച്ച സംഭവത്തില്‍ മാത്രമാണ് ഗവാസ്‌കര്‍ താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. പന്തിന്റെ ലോ സ്‌കോറിങ്ങോ, മോശം സ്‌ട്രൈക്ക് റേറ്റോ ഒന്നും ഇവര്‍ക്ക് പ്രശ്‌നമായിരുന്നില്ല.

ഇപ്പോഴിതാ, ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലും പന്ത് മോശം ഫോം തുടരുമ്പോഴും ആകാശ് ചോപ്രയടക്കമുള്ള പല ക്രിക്കറ്റ് അനലിസ്റ്റുകളും പന്തിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. കളിച്ച നാലില്‍ നാല് മത്സരത്തിലും ടോസ് നഷ്ടപ്പെടുത്തിയിട്ടും പന്ത് ഇവരുടെ കണ്ണില്‍ പെട്ടിട്ടില്ല.

എന്നാല്‍, റിഷബ് പന്തിന്റെ കാര്യത്തില്‍ മാത്രമാണ് ഇക്കൂട്ടര്‍ മൗനം പാലിക്കുന്നത് എന്ന വസ്തുതയും ശ്രദ്ധേയമാണ്.

നാലാം മത്സരത്തിന് മുമ്പ് 7.5 എക്കോണമിയില്‍ പന്തെറിയുന്ന ആവേശ് ഖാനെ വിക്കറ്റില്ല എന്ന പേരില്‍ ടീമില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നത് ആകാശ് ചോപ്രയാണ്.

എന്നാല്‍, മത്സരത്തില്‍ എണ്ണം പറഞ്ഞ നാല് വിക്കറ്റുമായി പ്രോട്ടീസ് നിരയുടെ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചും ആകാശ് ചോപ്രയടക്കമുള്ള വിമര്‍ശകരുടെ വായടപ്പിച്ചുമാണ് ആവേശ് ഖാന്‍ കരുത്തുകാട്ടിയത്.

അടുത്ത മത്സരത്തില്‍ ടോസ് നേടാനുള്ള പൊടിക്കൈ തന്റെ പക്കലുണ്ടെന്ന് പന്ത് നേരത്തെ പറഞ്ഞിരുന്നു. അതുപയോഗിച്ച് ടോസ് ജയിക്കുമെന്നും മത്സരത്തില്‍ നിര്‍ണായകമാവുമെന്നുമായിരുന്നു പന്ത് പറഞ്ഞത്.

ജൂണ്‍ 19ന് ബെംഗളൂരുവില്‍ വെച്ചാണ് പരമ്പരയിലെ അഞ്ചാം മത്സരം. ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇരു ടീമുകളും അരയും തലയും മുറുക്കിയാവും മത്സരത്തിനിറങ്ങുക.

Content Highlight:  Cricket analysts do not criticize Rishabh’s poor performance

We use cookies to give you the best possible experience. Learn more