ക്ഷമ ചോദിച്ചിട്ടും പ്രതിഷേധം അവസാനിച്ചില്ല; കടുവയില്‍ നിന്നും വിവാദ ഡയലോഗ് നീക്കാന്‍ അണിയറപ്രവര്‍ത്തകര്‍
Film News
ക്ഷമ ചോദിച്ചിട്ടും പ്രതിഷേധം അവസാനിച്ചില്ല; കടുവയില്‍ നിന്നും വിവാദ ഡയലോഗ് നീക്കാന്‍ അണിയറപ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th July 2022, 6:47 pm

ഷാജി കൈലാസ്-പൃഥ്വിരാജ് ചിത്രം കടുവയിലെ ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടിയെ പറ്റിയുള്ള രംഗത്തില്‍ മാറ്റം വരുത്താന്‍ അണിയറപ്രവര്‍ത്തകര്‍. സീന്‍ കട്ട് ചെയ്യാതെ ഡയലോഗില്‍ മാത്രം മാറ്റം വരുത്താനുള്ള ശ്രമമാണ് നടത്തുന്നത്. സിനിമയിലെ രംഗത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

സിനിമയുടെ പല ഭാഗങ്ങളിലും സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടെങ്കിലും ഈ സംഭാഷണത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടിരുന്നില്ലെന്നും അതുകൊണ്ടാണ് ഈ ഡയലോഗോടുകൂടി സിനിമ പുറത്തിറക്കിയതെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ പ്രതികരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

മാതാപിതാക്കള്‍ ചെയ്ത തെറ്റിന്റെ ഫലമായാണ് ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ ജനിക്കുന്നതെന്നാണ് പൃഥ്വിരാജിന്റെ നായകകഥാപാത്രം പറഞ്ഞത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ വിവാദ പരാമര്‍ശത്തില്‍ ഷാജി കൈലാസും പൃഥ്വിരാജും ക്ഷമ ചോദിച്ച് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ രംഗം നീക്കം ചെയ്യാനുള്ള തീരുമാനവും എത്തുന്നത്. ഇരുവരും ക്ഷമ ചോദിച്ചിരുന്നുവെങ്കിലും രംഗം നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു.

സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായത് മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു എന്നാണ് ഷാജി കൈലാസ് ക്ഷമ ചോദിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല, എന്നാണ് ഷാജി കൈലാസ് കുറിച്ചത്.

ക്ഷമിക്കണം. അത് ഒരു തെറ്റായിരുന്നു. ഞങ്ങള്‍ അത് അംഗീകരിക്കുന്നു എന്നാണ് ഷാജി കൈലാസിന്റെ ഈ ക്ഷമാപണ പോസ്റ്റ് പങ്കുവെച്ച് കൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കില്‍ എഴുതിയത്.

Content Highlight: Crews to change the scene about a child with Down syndrome in kaduva