യുവകര്‍ഷകന്റെ മരണം, എഫ്.ഐ. ആര്‍ ഇടുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കര്‍ഷകനേതാക്കള്‍
India
യുവകര്‍ഷകന്റെ മരണം, എഫ്.ഐ. ആര്‍ ഇടുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കര്‍ഷകനേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd February 2024, 7:09 pm

ചണ്ഡിഗഢ്; ഹരിയാന പൊലീസും പഞ്ചാബ് കര്‍ഷകരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ മരിച്ച ശുഭ്കരന്‍ സിങ്ങിന്റെ മരണത്തല്‍ ഉത്തരവാദികളായവര്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ കേസെടുക്കുന്നതുവരെ സംസ്‌കാരം നടത്തില്ലെന്ന് ‘ദല്‍ഹി ചലോ’ പ്രക്ഷോഭത്തില്‍ പങ്കെടുത്ത കര്‍ഷക നേതാക്കള്‍ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഒരു കോടി രൂപ നഷ്ടപരിഹാരവും ശുഭ്കരന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച ശേഷമാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.

പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരി അതിര്‍ത്തി പോയിന്റില്‍ ബുധനാഴ്ച ഹരിയാന പൊലീസും പഞ്ചാബ് കര്‍ഷകരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ബതിന്‍ഡ സ്വദേശിയായ ശുഭ്കരണ്‍ സിങ് (21) മരിച്ചത്. കര്‍ഷകര്‍ തങ്ങളുടെ മാര്‍ച്ചുമായി മുന്നോട്ട് പോകുന്നത് തടയാന്‍ ഹരിയാന അധികാരികള്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളിലേക്ക് കര്‍ഷകര്‍ ഓടിയെത്തിയതിനെത്തുടര്‍ന്നാണ് പൊലീസ് കര്‍ഷകരുമായി ഏറ്റുമുട്ടിയത്.

തലയ്ക്ക് പരിക്കേറ്റതാണ് ശുഭ്കരന്റെ മരണകാരണമെന്ന് പട്യാലയിലെ രജീന്ദ്ര ഹോസ്പിറ്റലിന്റെ മെഡിക്കല്‍ സൂപ്രണ്ട് തന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ശുഭ്കരന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി കര്‍ഷക നേതാവ് സര്‍വാന്‍ സിങ്പന്ദേര്‍ പട്യാലയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘രണ്ട് ദിവസമോ 10 ദിവസമോ വേണ്ടിവരുമെന്ന് ഞങ്ങള്‍ ശുഭ്കരന്റെ കുടുംബത്തോട് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്ക് പണമല്ല പ്രധാനം. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമേ ശവസംസ്‌കാരം നടത്തുള്ളൂവെന്നാണ് ഞങ്ങള്‍ അറിയിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

വിളകള്‍ക്ക് മിനിമം താങ്ങുവിലയുടെ നിയമപരമായ ഗ്യാരണ്ടിയും കാര്‍ഷിക വായ്പ എഴുതിത്തള്ളലും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വേണ്ടിയാണ് സംയുക്ത കിസാന്‍ മോര്‍ച്ചയും, കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ‘ദല്‍ഹി ചലോ’ മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്. ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടര്‍ ട്രോളികളും ട്രക്കുകളുമായി ഖനൗരിയിലും ശംഭുവിലും ക്യാമ്പ് ചെയ്യുന്നത്.

Content Highlight: Cremation of young farmer won’t happen till FIR filed said by farmers