| Monday, 4th May 2020, 10:45 am

'രാഷ്ട്രീയ അജണ്ടയില്ല , ജൂതരും ഇസ്രഈലും രണ്ട്', വിവാദത്തിനു പിന്നാലെ വിശദീകരണവുമായി സൗദി സീരിയല്‍ നിര്‍മാതാക്കള്‍, 40 കളിലെ ജൂത-മുസ്‌ലിം സഹവര്‍ത്തിത്വം കാണിച്ച സീരിയലിന് വന്‍ ജനപ്രീതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൗദിയില്‍ റമദാന്‍ മാസത്തോടനുബന്ധിച്ച് സംപ്രേഷണം ചെയ്യുന്ന സീരിയലുകളെ തുടര്‍ന്നുള്ള വിവാദം തുടരുന്നു. ഉം ഹരൗണ്‍, എക്‌സിറ്റ് 7 എന്നീ രണ്ട് സീരിയലുകളാണ് ഇസ്രഈലുമായുള്ള സൗഹൃദം ദൃശ്യവല്‍ക്കരിച്ചതിന്റെ പേരില്‍ വിവാദത്തിലായത്. ഇപ്പോഴിതാ വിവാദത്തിനു പിന്നാലെ വിശദീകരണവുമായി വന്നിരിക്കുകയാണ് ഉം ഹരൗണിന്റെ മുഖ്യ രചയിതാവ് അലി ഷംസ്.

തങ്ങള്‍ക്ക് രാഷട്രീയ അജണ്ടയില്ലെന്നും പരസ്പര സഹവര്‍ത്തിത്വത്തെ മുന്‍ നിര്‍ത്തിയാണ് സീരിയല്‍ നിര്‍മിച്ചതെന്നുമാണ് ഇദ്ദേഹം പറയുന്നത്.

‘ നമ്മുടെ സമൂഹങ്ങള്‍ ഇപ്പോഴുള്ളതിനേക്കാള്‍ സഹന മനോഭാവം പുലര്‍ത്തിയരുന്നെന്ന സന്ദേശം നല്‍കാനാണ് ഈ തിരക്കഥ എഴുതിയത്. ജനങ്ങള്‍ പഴയ മൂല്യങ്ങളിലേക്ക് തിരിച്ചു പോവണം. ഇസ്രഈലിനെയും ജൂതരെയും ഞങ്ങള്‍ വേര്‍തിരിക്കുന്നു. ഇസ്രഈല്‍ ഫലസ്തീനെ കൈയ്യടക്കുകയും ഫലസ്തീന്‍ ജനങ്ങള്‍ക്കെതിരെ അതിക്രമങ്ങളും നടത്തുന്നുണ്ട്,’ അലി ഷംസ് പറയുന്നു.

എം.ബി.സി നെറ്റ്‌വര്‍ക്കും കുവൈറ്റിലെയും യു.എ.ഇയിലെയും പ്രൊഡക്ഷന്‍ കമ്പനികള്‍ ചേര്‍ന്നാണ് സീരിയല്‍ നിര്‍മിച്ചതെന്നും എന്നാല്‍ ഇതില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലെന്നും സീരിയലിന്റെ പ്രൊഡ്യൂസറായ എമദ് അല്‍ എനസി പറയുന്നു.

‘ ഞങ്ങളുടെ സൃഷ്ടിക്ക് രാഷട്രീയപരമായി ഒന്നും ചെയ്യാനില്ല, ഫലസ്തീന്‍ വിഷയം ഞങ്ങളുടേത് കൂടിയാണ്,’ എമദ് അല്‍ എനസി പറഞ്ഞു.

1940 കളിലെ  പേര് പറയാത്ത ഒരു പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യത്തെ ചുറ്റിയാണ് ഉം അരൗണിന്റെ കഥ. മുസ്‌ലിം മതസ്ഥരും ജൂതരും, ക്രിസ്ത്യന്‍ വിഭാഗക്കാരും സമാധാനത്തോടെ ജീവിക്കുന്ന ഒരു സമൂഹത്തെ കാണിക്കുന്ന സീരിയലില്‍ ജൂതരും മുസ്‌ലിങ്ങളും തമ്മിലുള്ള പ്രണയവും വിഷയമാവുന്നു. സീരിയല്‍ സൗദിയില്‍ വലിയ തരത്തില്‍ ജനപ്രീതി നേടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ സീരീയലിനെതിരെ വിമര്‍ശനവും ഉണ്ട്. സൗദി സര്‍ക്കാരിന് ഉടമസ്ഥതയില്‍ പങ്കുള്ള ചാനലായ എം.ബി.എസ് ആണ് ഈ സീരിയല്‍ സംപ്രേഷണം ചെയ്യുന്നത്. ഇസ്രഈലുമായി അടുക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ക്ക് പൊതു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടാനുള്ള ശ്രമത്തിന്റെ ആദ്യപടിയാണിതെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ പറയുന്നത്.

നേരത്ത സമാനമായ രീതിയില്‍ എക്സിറ്റ് 7 എന്ന പേരില്‍ ഇറങ്ങിയ സീരീയലിലെ എപ്പിസോഡുകളും വിവാദമായിരുന്നു.

സൗദിയില്‍ നടക്കുന്ന സാമൂഹിക മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന ഒരു പിതാവിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. ഇതിനിടയില്‍ തന്റെ മകന്‍ ഒരു ഇസ്രഈലിയുമായി ഓണ്‍ലൈന്‍ ഗെയിമിലൂടെ സൗഹൃദത്തിലാവുന്നത് ഇയാള്‍ മനസ്സിലാക്കുന്നു. ഇക്കാര്യം ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നു. കുടുംബത്തിലെ ചിലര്‍ ഇതില്‍ ഞെട്ടിയപ്പോള്‍ ഇദ്ദേഹത്തിന്റെ അമ്മായിഅച്ഛന്‍ അതില്‍ ഒരു കുഴപ്പവും കാണുന്നില്ല.

നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇസ്രഈല്‍ അവിടെ തന്നെയുണ്ട് എന്നാണ് ഇദ്ദേഹം പറയുന്നത്. ഒപ്പം ഇസ്രഈല്‍ ജനങ്ങളുമായി ബിസിനസിലേര്‍പ്പെടാന്‍ താന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതായും സൗദിയെ എപ്പോഴും കുറ്റപ്പെടുത്തുന്ന ഫലസ്തീനികളാണ് രാജ്യത്തിന്റെ ശത്രുക്കളെന്നും ഈ കഥാപാത്രം പറയുന്നു.

നിലവില്‍ ഈജിപ്തിനും ജോര്‍ദ്ദാനുമൊഴികെ മറ്റു അറബ് രാജ്യങ്ങള്‍ക്ക് ഇസ്രഈലുമായി നയതന്ത്ര ബന്ധമില്ല. എന്നാല്‍ സൗദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായി ശത്രുതയിലുള്ള ഇറാന്‍ ഇസ്രഈലിന്റെയും പൊതു ശത്രുവായതിനാല്‍ ഈ രാജ്യങ്ങള്‍ക്ക് ഇസ്രഈലുമായി രഹസ്യമായി ചില ബന്ധങ്ങള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

റമദാന്‍ മാസത്തോടനുബന്ധിച്ച് അറബ് രാജ്യങ്ങളിലെ വീടുകളില്‍ സംപ്രേഷണം ചെയ്യപ്പെടുന്നവയാണ് ഈ സീരിയലുകള്‍. വൈകുന്നേരത്തെ ഇഫ്താര്‍ വിരുന്നിന് ശേഷം സംപ്രേഷണം ചെയ്യുന്ന സീരിയലുകള്‍ ഉള്‍പ്പെടെയുള്ള ടെലിവിഷന്‍ പരിപാടികള്‍ക്ക് വലിയ ജനപ്രീതിയാണ് ഇവിടെ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more