| Saturday, 21st December 2019, 10:47 am

'ഇന്റര്‍നെറ്റല്ല, മോദിയുടെ വായാണ് അടച്ചുപൂട്ടേണ്ടത്'; പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവുകളില്‍ ഉയരുന്ന ചില പോസ്റ്ററുകള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളില്‍ ശ്രദ്ധേയമായി ചില പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും. സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞിരിക്കുകയാണു ഈ പോസ്റ്ററുകള്‍.

വസ്ത്രം നോക്കി പ്രതിഷേധക്കാരെ തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഇന്ദുലേഖ എന്ന പെണ്‍കുട്ടി ഉയര്‍ത്തിയ പോസ്റ്ററാണ് ഇതിലൊന്ന്. ഹിജാബ് ധരിച്ചെത്തിയ ഇന്ദുലേഖ പിടിച്ചിരിക്കുന്ന പോസ്റ്ററില്‍ പറയുന്നതിങ്ങനെ- ‘മിസ്റ്റര്‍ മോദീ, ഞാന്‍ ഇന്ദുലേഖ. എന്റെ വസ്ത്രം വെച്ച് എന്നെ തിരിച്ചറിയൂ.’

ബെംഗളൂരുവിലെ ഒരു പ്രതിഷേധത്തിനിടയില്‍ ഒരു ഡോക്ടര്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡും ചര്‍ച്ചയായിക്കഴിഞ്ഞു. താനൊരു ഡോക്ടറാണെന്നും എല്ലാ മനുഷ്യരെയും ഒരുപോലെ ചികിത്സിക്കണമെന്ന പ്രതിജ്ഞയാണു താനെടുത്തതെന്നു പറയുന്ന പ്ലക്കാര്‍ഡില്‍, പൗരത്വ ഭേദഗതി നിയമത്തെ താന്‍ തള്ളിക്കളയുന്നതായി വ്യക്തമാക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നിങ്ങളുടെ ഡിഗ്രി കാണിക്കുമെങ്കില്‍ എന്റെ രേഖകള്‍ ഞാന്‍ കാണിക്കാം’ എന്നായിരുന്നു ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ഉയര്‍ന്ന ഒരു പോസ്റ്റര്‍. മോദിയുടെ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവാദം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

മറ്റൊരു പോസ്റ്റര്‍ ഇങ്ങനെ- ‘ഈ വൃത്തികേടിനെതിരെ പ്രതിഷേധിച്ചില്ലേ എന്ന് എന്റെ കുട്ടി ചോദിക്കുന്ന ഒരു ഭാവിയിലേക്കു പോകാന്‍ എനിക്കാവില്ല.’ റദ്ദാക്കേണ്ടത് ഇന്റര്‍നെറ്റല്ല, ഫാസിസമാണെന്നായിരുന്നു മറ്റൊരു പോസ്റ്റര്‍. ഇന്റര്‍നെറ്റല്ല, മോദിയുടെ വായാണ് അടച്ചുപൂട്ടേണ്ടത് എന്ന് ഒരു പോസ്റ്ററില്‍ പറയുന്നു.

‘സ്ത്രീകള്‍ ഹിന്ദു രാഷ്ട്രം തകര്‍ക്കും’ എന്നായിരുന്നു ഒരു ബാനര്‍. ‘പേര്- പേരില്ല, മതം- സ്‌നേഹം, രാജ്യം- ഇന്ത്യ, ആവശ്യം- മനുഷ്യത്വം’ എന്നാണ് ഒരു പ്ലക്കാര്‍ഡില്‍ പറയുന്നത്.

‘ഒരാള്‍ക്ക് ഒരു പുസ്തകം സംഭാവന ചെയ്യുക. വിദ്യാര്‍ഥിയുടെ പേര്- അമിത് ഷാ, പുസ്തകം- ഇന്ത്യന്‍ ഭരണഘടന’ എന്നാണ് ഒരു പോസ്റ്റര്‍. ‘ERROR 404, ഹിന്ദു രാഷ്ട്രം കാണാനില്ല’ എന്നാണു മറ്റൊരു പോസ്റ്റര്‍. ഈ പേപ്പര്‍ പോലെ സര്‍ക്കാരിനെയും റീസൈക്കിള്‍ ചെയ്യാം എന്ന് ഒരു പോസ്റ്ററില്‍ പറയുന്നു.

ഇതില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് ദല്‍ഹിയിലെ തെരുവുകളിലും ജാമിഅ മില്ലിയ, ജെ.എന്‍.യു സര്‍വകലാശാലകളിലും നിറയുന്ന മലയാള പോസ്റ്ററുകളും ചുവരെഴുത്തുകളുമാണ്. ‘മൈരന്‍ മോദി’ എന്ന് ദല്‍ഹി പൊലീസ് ആസ്ഥാനത്തെ റോഡില്‍ പ്രതിഷേധക്കാര്‍ എഴുതിവെച്ചിരിക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.


We use cookies to give you the best possible experience. Learn more