ലാ ലിഗയിലെ പുതിയ സീസണിൽ മിന്നും ഫോമിലാണ് കാറ്റലോണിയൻ ക്ലബ്ബ് ബാഴ്സലോണയുടെ മുന്നേറ്റം. നിലവിൽ 18 മത്സരങ്ങൾ പൂർത്തിയാവുമ്പോൾ 47 പോയി ന്റുമായി പട്ടികയിൽ ഒന്നാം സ്ഥനത്താണ് ബാഴ്സലോണ.
എന്നാൽ സ്പാനിഷ് ലീഗിൽ ഒന്നാമതാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ നിന്നും നാണം കെട്ട രീതിയിൽ തോറ്റ് പുറത്താകേണ്ടി വന്നതിന്റെ കേട് തീർക്കാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്സലോണ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സൂപ്പർ താരങ്ങളായ ഫെറാൻ ടോറസ്, ഒസ്മാൻ ഡെമ്പലെ എന്നിവരെ വിറ്റ് ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിൽ നിന്നും 25കാരനായ ഫെഡ്രിക്കോ ചിസയെ ടീമിലെത്തിക്കാനാണ് ബാഴ്സയുടെ ശ്രമങ്ങൾ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പുതിയ സീസണിൽ യുവന്റസിനായി എട്ട് മത്സരങ്ങളിൽ നിന്നും ഒരു ഗോളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ താരത്തെ തങ്ങളുടെ ക്യാമ്പിലേക്കെത്തിക്കാൻ നിരവധി യൂറോപ്യൻ ക്ലബ്ബുകൾ ശ്രമം നടത്തുന്നു എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
അടുത്ത സീസൺ മുതൽ സാവിയുടെ കളി ശൈലിക്ക് അനുസരിച്ച് ടീമിനെ തയ്യാറാക്കുന്നതിന്റെ ഭാഗമായി ബാഴ്സയിൽ നിന്നും കൂടുതൽ താരങ്ങളെ വിൽക്കുകയോ ലോണിന് വിടുകയോ ചെയ്യുമെന്നും ടീമിലേക്ക് കൂടുതൽ താരങ്ങളെയെത്തിക്കുമെന്നും മാർക്കയടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
2024 വരെ ബാഴ്സയിൽ കരാറുള്ള താരങ്ങളെ വിറ്റ് ബാഴ്സയുടെ പുതിയ കളി ശൈലിയ്ക്കും തന്ത്രങ്ങൾക്കും പറ്റിയ താരങ്ങളെ വാങ്ങുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം എന്നാണ് ഇറ്റാലിയൻ മാധ്യമമായ കാൽസിയോമെർകാറ്റൊ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ശനിയാഴ്ച ജിറോണക്കെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ ജയിച്ചിരുന്നു. മത്സരം 61 മിനിട്ട് പിന്നിടുമ്പോൾ യുവതാരം പെഡ്രിയാണ് ബാഴ്സയുടെ ആശ്വാസ ഗോൾ നേടിയത്.