വിപണിയിലെ വമ്പിച്ച സ്വീകാര്യത; ക്രേറ്റയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചു
Big Buy
വിപണിയിലെ വമ്പിച്ച സ്വീകാര്യത; ക്രേറ്റയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd April 2016, 3:26 pm

creata inn

നിരത്തിലെത്തിയതു ഹ്യുണ്ടായ്‌യുടെ കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹന(എസ്.യു.വി)മായ ക്രേറ്റയ്ക്ക് വന്‍ ഡിമാന്റാണ്. 2015 ജൂലൈയില്‍ വില്‍പ്പനയ്‌ക്കെത്തിയ ക്രേറ്റ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നു വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. ആവേശകരമായ സ്വീകരണം ലഭിച്ചതോടെ ഒരു ലക്ഷത്തോളം ബുക്കിങ്ങുകളാണ് ഇന്ത്യയിലും വിദേശത്തുമായി ക്രേറ്റ വാരിക്കൂട്ടിയത്. ഇതില്‍ 68,000 യൂണിറ്റോളമാണ് ഹ്യുണ്ടായ് മാര്‍ച്ച് അവസാനം വരെ നിര്‍മിച്ചു നല്‍കിയത്. ക്രേറ്റയുടെ പ്രതിമാസ ശരാശരി വില്‍പ്പന 8,000 യൂണിറ്റിലെത്തിയിട്ടുണ്ട്.
വാഹനത്തിനുള്ള ആവശ്യം കുത്തനെ ഉയര്‍ന്നതോടെ പുതിയ ക്രേറ്റയ്ക്കായി ശരാശരി രണ്ടര മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഈ സാഹചര്യം പരിഗണിച്ച് വൈകാതെ ക്രേറ്റയുടെ പ്രതിമാസ ഉല്‍പ്പാദനം 20% വര്‍ധിപ്പിച്ച് 12,000 യൂണിറ്റായി ഉയര്‍ത്താനാണു ഹ്യുണ്ടായ്‌യുടെ തീരുമാനം. ഇതില്‍ 10,000 യൂണിറ്റ് ആഭ്യന്തര വിപണിയിലും ബാക്കി വിദേശ വിപണികളിലും വില്‍പ്പനയ്‌ക്കെത്തിക്കാനാണു കമ്പനിയുടെ നീക്കം. നിലവില്‍ മാസം തോറും നിര്‍മിക്കുന്ന 10,000 ക്രേറ്റയില്‍ 8,000 എണ്ണമാണ് ആഭ്യന്തര വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്. കൊളംബിയ, കോസ്റ്ററിക്ക, പെറു, പാനമ, ഒമാന്‍, യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത്, മൊറോക്കോ, നൈജീരിയ തുടങ്ങി 77ഓളം രാജ്യങ്ങളിലേക്കാണു ഹ്യുണ്ടേയ് ഇന്ത്യയില്‍ നിര്‍മിച്ച ക്രേറ്റ കയറ്റുമതി ചെയ്യുന്നത്. വില്‍പ്പനക്കണക്കില്‍ ആധിപത്യത്തിനു ശ്രമിക്കാതെ ആധുനിക പ്രീമിയം ബ്രാന്‍ഡ് എന്ന നിലയിലേക്കുള്ള പരിവര്‍ത്തനവും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്ന് ഹ്യുണ്ടേയ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ വൈ.കെ കോ വെളിപ്പെടുത്തി. നിലവില്‍ ഏഴു ലക്ഷം രൂപയാണു കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ ശരാശരി വില. ഈ നിലവാരം വിട്ട് വില കുറഞ്ഞ കാറുകളോടു മത്സരിക്കാനില്ലെന്നും കോ വ്യക്തമാക്കി. മൂന്നു ലക്ഷത്തോളം രൂപ വിലമതിക്കുന്ന “ഇയോണ്‍” മോഡല്‍ ശ്രേണിയിലുണ്ടെങ്കിലും ഇത്തരം പോരാട്ടമല്ല കമ്പനിയുടെ വിപണന തന്ത്രമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

രണ്ടര ലക്ഷം രൂപ വിലയ്ക്കു ലഭിക്കുന്ന കാറുകളോടു മത്സരിക്കാന്‍ ഹ്യുണ്ടായ് ഇല്ല; അത്തരം മത്സരം സാധ്യവുമല്ലെന്നു കോ കരുതുന്നു. ബ്രാന്‍ഡിന്റെ പ്രതിച്ഛായ സംരക്ഷിക്കുക എന്നതു സുപ്രധാനമാണ്. വാഹനങ്ങളുടെ ശരാശരി വില ഏഴു ലക്ഷത്തോളം രൂപയാണെന്നതു ഹ്യുണ്ടേയ് ആധുനിക പ്രീമിയം ബ്രാന്‍ഡ് ആണെന്നതിനു തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടപ്പു സാമ്പത്തിക വര്‍ഷത്തെ വാഹന വില്‍പ്പനയില്‍ ആറു മുതല്‍ എട്ടു ശതമാനം വരെ വളര്‍ച്ചയാണു കമ്പനി പ്രതീക്ഷിക്കുന്നത്. അതേസമയം 2015-16 കാലയളവിലെ വില്‍പ്പന മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 16% അധികമായിരുന്നു.