Football
കരിയറിലെ വലിയ ഭാഗമാണ് നെയ്മര്‍ വലിച്ചെറിഞ്ഞിരിക്കുന്നത്; ചെയ്യേണ്ടിയിരുന്നത് മറ്റൊന്ന്: മുന്‍ താരം
പാരീസ് സെന്റ് ഷെര്‍മാങ് വിട്ട നെയ്മര്‍ ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്നായിരുന്നു ഫുട്‌ബോള്‍ ലോകം ഒന്നാകെ ഉറ്റുനോക്കിയത്. ലോകമെമ്പാടും ആരാധകരുള്ള ബ്രസീലിയന്‍ ഇന്റര്‍നാഷണലിന്റെ ട്രാന്‍സ്ഫര്‍ ഫുട്‌ബോള്‍ സര്‍ക്കിളുകളിലെല്ലാം പ്രധാന ചര്‍ച്ചയുമായിരുന്നു.
നെയ്മര്‍ ബാഴ്‌സയിലേക്ക് മടങ്ങിപ്പോകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ താരം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിനൊപ്പം കൈകോര്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയായിരുന്നു. താരത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ചും അനുകൂലിച്ചും പലരും രംഗത്തെത്തിയിരുന്നു.
നെയ്മറിന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ക്രൈഗ് ബര്‍ലി. നെയ്മര്‍ ബാഴ്‌സലോണ വിട്ട് പോകാന്‍ പാടില്ലായിരുന്നെന്ന് പറയുകയാണ് ബര്‍ലി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘തന്റെ കരിയറിലെ വലിയ ഭാഗമാണ് നെയ്മര്‍ വലിച്ചെറിഞ്ഞിരിക്കുന്നത്. അവന്‍ ബാഴ്‌സലോണയില്‍ തന്നെ നില്‍ക്കണമായിരുന്നു: ബര്‍ലി പറഞ്ഞു.
അതേസമയം, ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ നെയ്മര്‍ക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് അല്‍ ഹിലാല്‍ ഒരുക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യാത്രകള്‍ക്കായി സ്വകാര്യ വിമാനവും താമസിക്കാന്‍ കൊട്ടാരം പോലുള്ള വീടും പരിചാരകരെയും അല്‍ ഹിലാല്‍ നെയ്മര്‍ക്ക് ഓഫര്‍ ചെയ്തിട്ടുണ്ട്.
ഇവക്ക് പുറമെ അല്‍ ഹിലാലിന്റെ ഓരോ ജയത്തിനും 80,000 യൂറോ ബോണസ് നല്‍കും. സൗദി അറേബ്യയെ പ്രൊമോട്ട് ചെയ്യുന്ന ഓരോ പോസ്റ്റിനും അഞ്ച് ലക്ഷം യൂറോയും നെയ്മര്‍ക്ക് ലഭിക്കും. താരം ആവശ്യപ്പെടുന്നതെല്ലാം നല്‍കാന്‍ അല്‍ ഹിലാല്‍ തയ്യാറാണെന്നും ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു ഓഫര്‍ ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ താരമാണ് നെയ്മറെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
വാര്‍ഷിക പ്രതിഫലത്തിനും സീസണ്‍ ബോണസിനും പുറമെയാണ് നെയ്മര്‍ക്കായി അല്‍ ഹിലാല്‍ ഓഫറുകള്‍ വെച്ചുനീട്ടിയിരിക്കുന്നത്. ഇതോടൊപ്പം കാമുകി ബ്രൂണാ ബിയാന്‍കാഡിക്കൊപ്പം താമസിക്കുവാനും അനുമതി ലഭിക്കും. നേരത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ഇളവ് ലഭിച്ചിരുന്നു. സൗദിയില്‍ വിവാഹിതരല്ലാത്തവര്‍ ഒരുമിച്ച് താമസിക്കാന്‍ പാടില്ലെന്നാണ് നിയമം.
അല്‍ ഹിലാലുമായി നെയ്മര്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പുവെക്കുക. താരം നിലവില്‍ സൗദിയില്‍ എത്തിയിട്ടുണ്ടെന്നും വൈദ്യ പരിശോധനക്ക് ശേഷം ഈ ആഴ്ച തന്നെ നെയ്മറിനെ ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നെയ്മറിന്റെ ട്രാന്‍സ്ഫറിലൂടെ ഏകദേശം നൂറ് മില്യണിനടുത്താണ് പി.എസ്.ജിക്ക് ലഭിക്കുക. ഈ സമ്മറില്‍ കാലിദൗ കൗലിബാലി, റൂബന്‍ നീവ്‌സ് അടക്കമുള്ള താരങ്ങളെ ടീമിലെത്തിച്ച അല്‍ ഹിലാല്‍ നെയ്മറിനെയും തട്ടകത്തിലെത്തിച്ച് സ്‌ക്വാഡ് സ്‌ട്രെങ്ത് ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്.
Content Highlights: Craig Burley critizes Neymar