ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ കഴിഞ്ഞ കുറെ നാളുകളായി അഭിപ്രായ വ്യത്യാസങ്ങളും അസ്വാരസ്യങ്ങളും നിലനില്‍ക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
എംബാപ്പെ പി.എസ്.ജിയില്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നയാളാണെന്നും നെയ്മര്‍ ക്ലബ്ബില്‍ തുടരുന്നതിനോട് എംബാപ്പെക്ക് വിയോജിപ്പുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.
വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ സ്‌കോട്ടിഷ് താരം ക്രെയ്ഗ് ബേര്‍ലി. നെയ്മറും എംബാപ്പെയും ചേര്‍ന്ന് പി.എസ്.ജിയില്‍ ടോക്‌സിക് അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ബേര്‍ലി പറഞ്ഞു. ഇ.എസ്.പി.എന്‍ എഫ്.സിയുടെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘എംബാപ്പെയും നെയ്മറും പി.എസ്.ജിയില്‍ അനാവശ്യ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഇരുവരും ചേര്‍ന്ന് അവിടെയൊരു ‘ടോക്‌സിക് സര്‍ക്കസ്’ സൃഷ്ടിക്കുന്നു.
ഞാന്‍ മെസിയെ പരിഗണിക്കുന്നില്ല. കാരണം അദ്ദേഹം സ്വന്തം കാര്യം നോക്കി, പി.എസ്.ജിയോട് യോജിച്ചാണ് നില്‍ക്കുന്നത്. പി.എസ്.ജിയില്‍ നടക്കുന്ന തര്‍ക്കങ്ങളെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അതിന് എംബാപ്പെയും നെയ്മറുമാണ് കാരണക്കാര്‍,’ ബേര്‍ലി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ നടന്ന മത്സരത്തില്‍ പി.എസ്.ജി. മികച്ച വിജയം സ്വന്തമാക്കിയെങ്കിലും നെയ്മറിന് പരിക്കേറ്റിരുന്നു.
താരത്തിന് എംബാപ്പെ അയച്ച സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. സ്ട്രോങ്ങായി ഇരിക്കൂവെന്നും, ഞങ്ങളെല്ലാവരും കാത്തിരിക്കുകയാണെന്നുമാണ് എംബാപ്പെയുടെ സന്ദേശം.
പി.എസ്.ജിയില്‍ ഇതുതാരങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ എംബാപ്പെ നെയ്മര്‍ക്ക് ഇങ്ങനെയൊരു സന്ദേശം അയച്ചതിന്റെ അമ്പരപ്പിലാണ് ആരാധകര്‍.
തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് നെയ്മര്‍ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം എംബാപ്പെ നെയ്മര്‍ക്കുള്ള സന്ദേശം പങ്കുവെച്ചത്.
‘സ്ട്രോങ് ആയിരിക്കൂ നെയ്മര്‍. മുഴുവന്‍ ടീമും നിങ്ങള്‍ പെട്ടെന്ന് തിരിച്ചുവരാന്‍ കാത്തിരിക്കുകയാണ്. ലെറ്റസ് ഗോ ബ്രോ,’ എന്നാണ് എംബാപ്പെ കുറിച്ചത്.
കളിയുടെ അവസാന നിമിഷങ്ങളില്‍ എംബാപ്പെയും മെസിയും സ്‌കോര്‍ ചെയ്ത ഗോളുകളിലാണ് പി.എസ്.ജി ജയം കണ്ടത്. കളിയുടെ അവസാന മിനിട്ടില്‍ മെസിയുടെ ഒരു മികച്ച സെറ്റ് പീസ് ഗോളും മത്സരത്തില്‍ സംഭവിച്ചിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മറിന് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത്.
മത്സരത്തിന്റെ 51ാം മിനിട്ടില്‍ ലോസ്‌ക ലില്ലിയുടെ താരവുമായി കൂട്ടിയിടിച്ച് നെയ്മര്‍ മൈതാനത്ത് വീഴുകയായിരുന്നു. ഉടന്‍ താരം ഗ്രൗണ്ട് വിടുകയും ചെയ്തു.
ലോസ്‌ക് ലില്ലിക്കായി ബഫോഡ് ഡിയാകൈറ്റ്, ജോനാഥാന്‍ ഡേവിഡ്, ജോനാഥന്‍ ബാംബ എന്നിവരാണ് ഗോള്‍ വല ചലിപ്പിച്ചത്.
വമ്പന്‍ സ്‌ക്വാഡ് കൈവശമുള്ള പാരിസ് ക്ലബ്ബിനെതിരെ കൂടുതല്‍ സമയം പന്ത് കൈവശം വെച്ച് കളിക്കാനും ഷോട്ടുകള്‍ ഉതിര്‍ക്കാനും ലില്ലിക്ക് കഴിഞ്ഞിരുന്നു.
കൂടാതെ ടീമിന്റെ പ്രതിരോധത്തിലെ പിഴവും ലോസ്‌ക്കിനെതിരെ നടന്ന മത്സരത്തില്‍ നന്നായി വെളിപ്പെട്ടിരുന്നു. ഫെബ്രുവരി 27ന് മാഴ്‌സലെക്കെതിരെയുള്ള ഡെര്‍ബി മത്സരമാണ് പി.എസ്.ജിക്ക് അടുത്തതായി കളിക്കാനുള്ളത്.
Content Highlights: Craig Burley claims Kylian Mbappe and Neymar are turning PSG into a toxic circus