[share] [] കൊടുങ്ങല്ലൂര്‍(തൃശൂര്‍): നൂറിലധികം ദിവസമായി കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ഹോസ്പറ്റല്‍ നഴ്‌സുമാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. നഴ്‌സുമാര്‍ ആവശ്യപ്പെട്ട എല്ലാ ആവശ്യങ്ങളും നടപ്പിലാക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. അകാരണമായി പിരിച്ചുവിട്ട പ്രിയങ്ക, ഷിപ്‌സി എന്നീ നഴ്‌സുമാര്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ നഴ്‌സുമാരും മാര്‍ച്ച് ഒന്ന് മുതല്‍ ജോലിയില്‍ പ്രവേശിക്കുമെന്നും ഇവര്‍ക്ക് സമാശ്വാസം എന്ന രീതിയില്‍ 5000 രൂപ മാര്‍ച്ച് അഞ്ചിന് നല്‍കുമെന്നും മാനേജ്‌മെന്റ് ഉറപ്പുനല്‍കി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം മുന്‍കാല പ്രാബല്യം അടക്കം മുഴുവന്‍ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കും. കരാര്‍ പ്രകാരം പരാമാവധിപേരെയും മുമ്പ് ജോലി ചെയ്ത ഡിപാര്‍ട്ട്‌മെന്റുകളില്‍ തന്നെ തുടര്‍ന്നും ജോലി ചെയ്യും. സമരം ചെയ്യുന്ന യു.എന്‍.എയുടെയും സമര സഹായ സമിതിയുടെയും കൂടിയാലോചാനക്ക് ശേഷം അന്തിമ കരാര്‍ ഒപ്പ് വെക്കും. എന്നിവയാണ് മറ്റു പ്രധാന കരാറുകള്‍. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷക്കണമെന്നാവശ്യപ്പെട്ട് നഴ്‌സുമാര്‍ തെരുവില്‍ കഴിഞ്ഞത് 110 ദിവസമായിരുന്നു. അതേസമയം, നഴ്‌സുമാരുടെ അവകാശ സമരത്തെ പാടെ അവഗണിക്കുന്ന നിലപാടാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായത്. കൊടുങ്ങല്ലൂരിലെ സമര പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞത് ക്രാഫ്റ്റ് സമരം അനാവശ്യമാണെന്നായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാത്ത ആശുപത്രികള്‍ക്ക് അനുമതി നിഷേധിക്കുമെന്ന് മുമ്പ് ഉത്തരവിറക്കയതും ഈ മന്ത്രി തന്നെയായിരുന്നെന്ന് ഓര്‍ക്കേണ്ടതുണ്ടെന്ന് സമരസമിതി അഭിപ്രായപ്പെട്ടു. കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം