ത്രിപുര സഖ്യത്തില്‍ ഭിന്നത; ബി.ജെ.പി സര്‍ക്കാറിനെതിരെ പ്രക്ഷോഭവുമായി ഐ.പി.എഫ്.ടി ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍
Tripura Election 2018
ത്രിപുര സഖ്യത്തില്‍ ഭിന്നത; ബി.ജെ.പി സര്‍ക്കാറിനെതിരെ പ്രക്ഷോഭവുമായി ഐ.പി.എഫ്.ടി ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th April 2018, 3:54 pm

 

അഗര്‍ത്തല: ത്രിപുരയില്‍ അധികാരം ഏറ്റെടുത്ത് ഒരുമാസം ആകുമ്പോഴേക്കും എന്‍.ഡി.എ സഖ്യത്തില്‍ ഭിന്നത. ത്രിപുരയില്‍ ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ ഇന്‍ഡീജിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര ബി.ജെ.പിയ്‌ക്കെതിരെ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ത്രിപുരയിലെ ആദിവാസി ജനതയ്ക്ക് പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഒരു പുരോഗതിയും ഇല്ലെന്ന് ആരോപിച്ചാണ് ഐ.പി.എഫ്.ടിയുടെ പ്രതിഷേധം.

മാര്‍ച്ച് 30ന് ഐ.പി.എഫ്.ടിയുടെ യൂത്ത് വിങ് കുത്തിയിരുന്നും നിരാഹാരമിരുന്നും പ്രതിഷേധിച്ചു. ത്രിപുര ട്രൈബല്‍ ഏരിയാസ് ഓട്ടോണമസ് ജില്ലാ കൗണ്‍സിലിന്റെ ഹെഡ്ക്വാട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന കുമുലിങ്ങിലായിരുന്നു പ്രതിഷേധം.


Must read: വീണ്ടും ‘സത്യം പറഞ്ഞ്’ അമിത് ഷാ, നിങ്ങളാണ് ഞങ്ങളുടെ സ്റ്റാര്‍ കാമ്പെയ്‌നറെന്ന് കര്‍ണാടക കോണ്‍ഗ്രസ്


പ്രതിഷേധത്തില്‍ ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ചിരുന്ന മറ്റ് ആദിവാസി സംഘടനകളും പങ്കുചേര്‍ന്നു.

“തെരഞ്ഞെടുപ്പിന് മുമ്പ് അവര്‍ വാക്കു തന്നത് ഞങ്ങളുടെ ആവശ്യം പരിശോധിക്കാന്‍ ഒരു കമ്മിറ്റിക്കു രൂപം നല്‍കുമെന്നാണ്.” ഐ.പി.എഫ്.ടി യൂത്ത് വിങ് ജനറല്‍ സെക്രട്ടറി ശുക്ല ചരന്‍ നോട്ടിയാ പറഞ്ഞു. “അവര്‍ വാക്കു പാലിക്കണം. പറഞ്ഞ വാക്ക് പാലിക്കാന്‍ അവരെ ഓര്‍മ്മിപ്പിക്കാനാണ് ഈ സമരം സംഘടിപ്പിച്ചത്. എപ്പോഴാണ് കമ്മിറ്റി രൂപീകരിക്കുകയെന്നെങ്കിലും അവര്‍ പറയണം.” അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഐ.പി.എഫ്.ടിയുടെ സഹോദര സംഘടനയായ ഓള്‍ ത്രിപുര ഇന്‍ഡീജിയസ് സ്റ്റുഡന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പീറ്റര്‍ ഡെബ്ബര്‍മ്മയും മുന്നറിയിപ്പു നല്‍കുന്നു.

“എത്രയും പെട്ടെന്ന് കമ്മിറ്റി രൂപീകരിച്ചില്ലെങ്കില്‍ ഞങ്ങളുടെ സംഘടനകളെല്ലാം പ്രക്ഷോഭവുമായി ഇറങ്ങുകയും സമരം സംഘടിപ്പിക്കുകയും ചെയ്യും. വീണ്ടും ജനകീയ സമരങ്ങള്‍ ഉണ്ടാവും.” അദ്ദേഹം വ്യക്തമാക്കി.


Also Read: അമേരിക്കയില്‍ മാനസിക രോഗിയായ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ചു കൊന്നു


പ്രത്യേക സംസ്ഥാനമെന്ന ഐ.പി.എഫ്.ടി ആവശ്യത്തെക്കുറിച്ച് പഠിക്കാന്‍ ഒരു ഉന്നത തല സമിതിക്ക് രൂപം നല്‍കുമെന്ന് ജനുവരിയില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പിയും ഐ.പി.എഫ്.ടിയും തമ്മില്‍ സഖ്യമുണ്ടാക്കുകയും ചെയ്തിരുന്നു.

പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐ.പി.എഫ്.ടിയുടെ പിന്തുണയോടെ ബി.ജെ.പി വിജയിക്കുകയും ചെയ്തിരുന്നു. ത്രിപുരയില്‍ 25വര്‍ഷക്കാലത്ത് ഇടതുഭരണത്തിന് അന്ത്യം കുറച്ചുകൊണ്ടായിരുന്നു ബി.ജെ.പി അധികാരത്തിലെത്തിയത്. എന്നാലിപ്പോള്‍ തുടക്കത്തില്‍ തന്നെ ബി.ജെ.പി സഖ്യകക്ഷികള്‍ പാര്‍ട്ടിയ്‌ക്കെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്.


ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം