| Sunday, 8th December 2024, 8:22 am

ഇന്ത്യാ സഖ്യത്തിൽ വിള്ളൽ ; നേതൃത്വം ഏറ്റെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇന്ത്യാ സഖ്യത്തിൽ വിള്ളൽ വീഴുന്നതായി റിപ്പോർട്ട്. പാർലമെന്റിന് അകത്തും പുറത്തും കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ ഇന്ത്യാ സഖ്യത്തിൽ അസ്വസ്ഥത വളരുന്നതായാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്.

മുന്നണിയെ നയിക്കാൻ കോൺഗ്രസിന് കഴിയില്ലെങ്കിൽ എന്ത് ചെയ്യാനാകുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ചോദിച്ചു. തനിക്ക് അവസരം കിട്ടിയാൽ സുഗമമായി ഇന്ത്യാ സഖ്യത്തെ മുന്നോട്ടു കൊണ്ടുപോകുമെന്നും അവർ പ്രതികരിച്ചു.

എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ പാർലമെന്റ് സമ്മേളന ദിവസങ്ങളിൽ ചേരുന്ന യോഗങ്ങളിൽനിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ ദിവസം എസ്‌.പി പ്രതിനിധികളും യോഗത്തിൽ നിന്ന് വിട്ടുനിന്നു.

നേതൃത്വം ഏറ്റെടുക്കാനുള്ള ടി.എം.സിയുടെ താത്‌പര്യത്തിൽ സന്തോഷമുണ്ടെന്ന് ശിവസേന (ഉദ്ധവ് താക്കറെ) വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. അതേസമയം മമതയുടെ പരാമർശം നല്ല തമാശയാണെന്ന് കോൺഗ്രസ് എം.പി മാണിക്കം ടാഗോർ പ്രതികരിച്ചു. ബംഗാളിന് പുറത്ത് ടി.എം.സിക്ക് കാര്യമൊന്നുമില്ലെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു.

ലോക്സഭയിൽ ഇരിപ്പിടങ്ങൾ പുനഃക്രമീകരിച്ചപ്പോൾ കോൺഗ്രസ് എടുത്ത സമീപനം കൂട്ടായ്മയ്ക്ക് ഗുണകരമായില്ലെന്ന വിമർശനവുമുണ്ട്. പ്രതിപക്ഷത്തിന് ഏറ്റവും ശ്രദ്ധ ലഭിക്കുന്ന, ഇടത്തേഅറ്റത്ത് എട്ടാം ബ്ലോക്കിൽ ഒന്നാംനിരയിൽ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്ക് സമീപം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനാണ് ഇരിപ്പിടം ലഭിച്ചത്. മൂന്നാമനായി ഡി.എം.കെയിലെ ടി. ആർ. ബാലുവും ആണുള്ളത്. രണ്ടാം നിരയിൽ ഏക കോൺഗ്രസിതര എം.പി ഡി.എം.കെയിലെ എ. രാജ മാത്രമാണ്.

നേരത്തെ എസ്‌.പി നേതാക്കളായ അഖിലേഷ് യാദവ്, അവധേഷ് പ്രസാദ്, എൻ.സി.പിയിലെ സുപ്രിയ സുലെ എന്നിവർ എട്ടാം ബ്ലോക്കിൽ കോൺഗ്രസ് നേതാക്കൾക്ക് സമീപത്തായിരുന്നു. എട്ടാം ബ്ലോക്ക് മുൻനിരകൾ കോൺഗ്രസ് ഏതാണ്ട് കയ്യടക്കി. അഖിലേഷ് യാദവിനെ ആറാം ബ്ലോക്കിലെ മുൻനിരയിലേക്ക് മാറ്റി.

ഇതിനെതിരെ അദ്ദേഹം പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. കോൺഗ്രസുമായി ചർച്ചചെയ്താണ് സീറ്റുകൾ പുനഃക്രമീകരിച്ചതെന്ന് സർക്കാർ വക്താക്കൾ വിശദീകരിക്കുന്നു. പ്രതിപക്ഷത്ത് ഭിന്നത സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ കെണിയിൽ കോൺഗ്രസ് വീണുവെന്നാണ് ഇതര പാർട്ടികളുടെ നിഗമനം.

അതേസമയം എസ്‌.പി മഹാവികാസ് അഘാഡി വിട്ടു. ബാബരി മസ്‌ജിദ് സംഘപരിവാർ പൊളിച്ചതിനെ അനുകൂലിച്ച് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര‌യിൽ സമാജ്‌വാദി പാർട്ടി മഹാവികാസ് അഘാഡി വിട്ടു. വർഗീയ ആശയങ്ങളോട് എസ്‌.പിക്ക് ഒത്തുപോകാനാകില്ലെന്ന് സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ അബു അസിം ആസ്മി പ്രഖ്യാപിച്ചു.

ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായി മിലിന്ദ് നർവേക്കർ ആണ് ബാബരി മസ്‌ജിദ് തകർക്കുന്നതിൻ്റെ ചിത്രവും ഇത് ചെയ്തവരെയോർത്ത് അഭിമാനിക്കുന്നുവെന്ന ബാൽ താക്കറെയുടെ വാചകവും അടങ്ങിയ പോസ്റ്റിട്ടത്.

നിയമസഭയിൽ ഒറ്റയ്ക്ക് നിൽക്കാൻ തയാറാണെന്നും വർഗീയ ആശയം പ്രചരിപ്പിക്കുന്ന ശിവസേനയൊപ്പം സഖ്യത്തിൽ തുടരാനില്ലെന്നും അബു അസിം പ്രഖ്യാപിച്ചു. എസ്‌.പി അധ്യക്ഷൻ അഖിലേഷ് യാദവുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭയിൽ സമാജ്‌വാദി പാർട്ടിക്ക് രണ്ട് എം.എൽ.എമാരാണുള്ളത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷമായ മഹാവികാസ് അഘാഡി സത്യപ്രതിജ്ഞ ബഹിഷ്കരിച്ചിരുന്നു. എന്നാൽ എസ്.പി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു.

Content Highlight: Cracks in India Alliance; Mamata expressed her desire to take the leadership

We use cookies to give you the best possible experience. Learn more