ജനുവരിയില്‍ മോദി ഉദ്ഘാടനം ചെയ്ത അടല്‍ സേതു പാലത്തില്‍ വിള്ളല്‍; നിര്‍മാണത്തിനായി മുടക്കിയത് 18000 കോടി
national news
ജനുവരിയില്‍ മോദി ഉദ്ഘാടനം ചെയ്ത അടല്‍ സേതു പാലത്തില്‍ വിള്ളല്‍; നിര്‍മാണത്തിനായി മുടക്കിയത് 18000 കോടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd June 2024, 9:40 am

മുംബൈ: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ അടൽ സേതു എന്ന് പേരിട്ടിരിക്കുന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൻ്റെ (എം.ടി.എച്ച്.എൽ ) അപ്രോച്ച് റാമ്പിൽ വിള്ളൽ. കടൽപാലത്തിന്റെ നിർമാണം നിലവാരമില്ലാത്തതാണെന്നും പാലത്തിൽ വിള്ളൽ സംഭവിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാനാ പട്ടോലെ ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റി കാര്യം വ്യക്തമാക്കിയത്.

പാലത്തിന്റെ നിർമാണം ശരിയല്ലെന്നും നിലവാരമില്ലാത്തതാണെന്നും റോഡിന്റെ ഒരു ഭാഗം ഒരടിയോളം ഇടിഞ്ഞിട്ടുണ്ടെന്നും പാലം പരിശോധിച്ച പാട്ടോലെ പറഞ്ഞിരുന്നു.

‘ഈ പാലം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തതാണ്. ഉദ്ഘാടനം ചെയ്ത് മാസങ്ങൾക്കുള്ളിൽ തന്നെ വിള്ളൽ ഉണ്ടായി. ഇത് തികഞ്ഞ അഴിമതിയാണ്. ജനങ്ങളുടെ ജീവനിൽ സർക്കാരിന് യാതൊരു വിധ ആശങ്കയും ഇല്ല എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് ഇത്,’ പട്ടോലെ പറഞ്ഞു.

എന്നാൽ, പദ്ധതിയിലെ ഘടനാപരമായ അപാകതകൾ കൊണ്ടല്ല വിള്ളലുകൾ ഉണ്ടായതെന്നും പാലത്തിൻ്റെ ഘടനയ്ക്ക് ഭീഷണിയില്ലെന്നും ഭരണകക്ഷിയായ ബി.ജെ.പിയും പദ്ധതിയുടെ നോഡൽ ഏജൻസിയായ എം.എം.ആർ.ഡി.എയും വ്യക്തമാക്കി.

വിള്ളലുകൾ കണ്ടത് അടൽ സേതുവിലല്ലെന്നും പാലത്തിലേക്കുള്ള റോഡിലാണെന്നും കോൺഗ്രസ് നേതാവിൻ്റെ ആരോപണങ്ങളോട് പ്രതികരിച്ച് ബി.ജെ.പി എക്‌സിൽ പറഞ്ഞു. എം.എം.ആർ.ഡി.എ കരാറുകാർ ഇതിനകം തന്നെ അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്, ഇത് 24 മണിക്കൂറിനുള്ളിൽ പൂർത്തിയാകും. ഗതാഗതം തടസപ്പെടുത്താതെയാണ് ഈ പ്രവൃത്തി നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

‘പാലത്തിൽ വിള്ളലുകളുണ്ടെന്ന് കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. ഈ വിള്ളലുകൾ പാലത്തിലല്ല, മറിച്ച് ഉൾവെയിൽ നിന്ന് മുംബൈയിലേക്കുള്ള എം.ടി.എച്ച്.എല്ലിനെ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിലാണ് വിള്ളൽ,’ എന്നായിരുന്നു എം.എം.ആർ.ഡിഎയുടെ മെട്രോ പൊളിറ്റൻ കമ്മിഷണർ ഡോ.സഞ്ജയ് മുഖർജി പറഞ്ഞത്.

തെക്കൻ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന മുംബൈ ട്രാൻസ്-ഹാർബർ ലിങ്ക് എന്നറിയപ്പെടുന്ന ‘അടൽ ബിഹാരി വാജ്‌പേയി സെവ്രി-നവ ഷെവ അടൽ സേതു’ ഈ വർഷം ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. 17,840 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ആറുവരി പാലത്തിന് 21.8 കിലോമീറ്റർ നീളമാണുള്ളത്.

Content Highlight: cracks found on approach road connecting Atal Setu, says MMRDA