സുനില്‍ പി ഇളയിടവും സണ്ണി എം കപിക്കാടും ചെയ്യുന്നത് ശവങ്ങള്‍ മാന്തി മാറ്റിയെടുക്കുന്ന കുറുനരികളുടെ ജോലി: സി.ആര്‍ പരമേശ്വരന്‍
Kerala News
സുനില്‍ പി ഇളയിടവും സണ്ണി എം കപിക്കാടും ചെയ്യുന്നത് ശവങ്ങള്‍ മാന്തി മാറ്റിയെടുക്കുന്ന കുറുനരികളുടെ ജോലി: സി.ആര്‍ പരമേശ്വരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th November 2018, 3:45 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സുനില്‍ പി. ഇളയിടത്തേയും സണ്ണി എം. കപിക്കാടിനേയും ശ്രിചിത്രനേയും വിമര്‍ശിച്ച് എഴുത്തുകാരന്‍ സി.ആര്‍ പരമേശ്വരന്‍.

പണ്ട് കുഴിച്ചിട്ട ജഡങ്ങളെ മാന്തിപ്പുറത്തിടുന്നത് കുറുനരികളുടെ ജോലിയാണ് സണ്ണി കപിക്കാടും സുനില്‍ ഇളയിടവും ശ്രീചിത്രനും ചെയ്യുന്നത് എന്നായിരുന്നു സി.ആര്‍ പരമേശ്വരന്റെ വിമര്‍ശനം.

ഏറനാടന്‍ ഗ്രാമങ്ങളില്‍ നൂറുവര്‍ഷം മുന്‍പ് നടന്ന ജന്മിത്വ ചൂഷണത്തെ കുറിച്ചോ, മാപ്പിളകലാപത്തില്‍ നടന്നിരിക്കാവുന്ന കൊലകളെ കുറിച്ചോ, ബലാല്‍സംഗങ്ങളെ കുറിച്ചോ, ബ്രിട്ടീഷ് പട്ടാളത്തിനു കലാപകാരികളെ അയല്‍ക്കാര്‍ ഒറ്റുകൊടുത്തതിനെ കുറിച്ചോ, അതേ കുറിച്ച് ദുര്‍ബ്ബലമായ ധാരണകള്‍ മാത്രമുള്ള, നാലഞ്ചു തലമുറകള്‍ക്കിപ്പുറമുള്ള പുതു തലമുറയോട് ഒരു കൂട്ടര്‍ നൂറുകണക്കിന് പ്രസംഗങ്ങള്‍ ചെയ്യുന്നതായി സങ്കല്‍പ്പിക്കുക. ആ ഗ്രാമത്തിന്റെ സ്ഥിതി പിന്നെയെന്താവും? പണ്ട് കുഴിച്ചിട്ട ജഡങ്ങളെ മാന്തിപ്പുറത്തിടുന്നത് കുറുനരികള്‍ ആണ്.  അത്തരം കുറുനരികളുടെ ജോലിയാണ് സണ്ണി കപിക്കാടും സുനില്‍ ഇളയിടവും ശ്രീചിത്രനും ചെയ്യുന്നത്.


കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്ക് കെ.എസ്.യു പ്രവര്‍ത്തകയുടെ പരാതി; പൊലീസും കെ.പി.സി.സിയും നടപടിയെടുത്തില്ലെന്നും പെണ്‍കുട്ടി


വര്‍ത്തമാനകാലയാഥാര്‍ത്ഥ്യം എന്തുമാവട്ടെ, അവര്‍ ബ്രാഹ്മണ്യത്തിന്റെയും സവര്‍ണ്ണതയുടെയും ഘോരതകളെ കുറിച്ച് ഓരോ പ്രസംഗത്തിലും പറയുന്നു. അതേക്കാള്‍ എത്രയോ ഘോരമാണ് പുതുകാല ബ്രാഹ്മണ്യമെന്നും സി.ആര്‍ പറയുന്നു.

രണ്ടുദാഹരണങ്ങള്‍ മാത്രം പറയാം, പോയ നൂറ്റാണ്ടുകളില്‍ പുലയന്‍ ചേറില്‍ മൃഗതുല്യം അദ്ധ്വാനിച്ച് മരിച്ചു വീണിരുന്നു. ഈ ദരിദ്രജനയാഥാര്‍ത്ഥ്യത്തില്‍ ഉദാസീനരായാണ് പഴയകാല ബ്രാഹ്മണരും മഹാരാജാക്കന്മാരും സുഖവാസവും സുഖചികിത്സയും നടത്തിയിരുന്നത്.

കാസര്‍ഗോട്ടെ പതിനൊന്നു പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ മഴ വര്‍ഷിച്ചത് നവകാലഇടതു വലതു ബ്രാഹ്മണര്‍ തന്നെയാണ്. അയ്യായിരം പേര്‍ എന്ന് കണക്കാക്കിയിട്ടുള്ള ആ ദുരിതാത്മാക്കള്‍ക്ക് മൂന്നു ലക്ഷം രൂപ സഹായധനം നല്‍കണമെന്ന ഒരു സുപ്രീംകോടതിവിധിയുണ്ട്- അതെ, നടപ്പാക്കാന്‍ ഒരു തിടുക്കവും ആവശ്യമില്ലാത്ത മറ്റൊരു സുപ്രീംകോടതിവിധി! ആ സഹായധനം നല്‍കല്‍ എങ്ങുമെത്തിയിട്ടില്ല.- സി.ആര്‍ പറയുന്നു.

ഇത്തരം സുപ്രധാന ബാധ്യതകള്‍ നിറവേറ്റാത്ത ഭരണാധികാരി ,അദ്ദേഹത്തിന്റെ ജീവന്‍ സമൂഹത്തിന് എത്ര വിലപ്പെട്ടതായാലും, തനിക്കായി ലോകത്തിലെ ഏറ്റവും വിലകൂടിയ ചികിത്സ തിരഞ്ഞെടുക്കുന്നത് അധാര്‍മ്മികമായ മുന്‍ഗണനയാണ്. ഇതാണ് പുതുകാല ബ്രാഹ്മണ്യം.(വിലകൂടിയ ചികിത്സയുടെ മേന്മ എന്നെപ്പോലെ അറിയുന്നവര്‍ അധികം പേരുണ്ടാവില്ല പണമില്ലാത്തതിനാല്‍ അത്തരം ചികിത്സ വേണ്ട സമയത്ത് കിട്ടാതെ പോയ ഒരാള്‍ എന്ന നിലയില്‍! )

കായല്‍ രാജാവായ മറ്റൊരു നവ ബ്രാഹ്മണന്റെ ചികിത്സാവശ്യത്തിന് ഈ സാധു സംസ്ഥാനം ചെലവാക്കിയത് രണ്ടു കോടിയോളം രൂപയാണ്. എന്താണയാള്‍ സമൂഹത്തിനു നല്‍കിയ സംഭാവന? കിളിരൂര്‍-കവിയൂരിലെ ആരോപിത പങ്കാളിത്തം? കുവൈറ്റ്തട്ടിപ്പു മൂലമുള്ള സല്‍പ്പേര്? കായലും ക്ഷേത്രസ്വത്തുക്കളും കയ്യേറിയത്?- സി.ആര്‍ ചോദിക്കുന്നു.

നാം ജീവിച്ചു കൊണ്ടിരിക്കുന്ന ഈ ചൂഷണവ്യവസ്ഥയുടെ പേരാണ് പുതുകാല ബ്രാഹ്മണിസം. ഈ പുതുകാലബ്രാഹ്മണിസത്തിന്റെ കൂലിയടിമകളാണ് ഞാന്‍ മുന്‍പ് പറഞ്ഞ സാമൂഹികധ്രുവീകരണം നടത്തുന്ന കുറുനരികള്‍ എന്നത് ആരാധകരായ മണ്ടന്മാര്‍ മനസ്സിലാക്കണം.

രഹ്നന ഫാത്തിമയുടേതിനേക്കാള്‍ നൂറു മടങ്ങ് ഗൌരവാവഹമാണ് സമൂഹത്തെ ധ്രുവീകരിക്കുക വഴി ഇക്കൂട്ടര്‍ നടത്തുന്ന മതനിന്ദകള്‍ എന്നും സി.ആര്‍ പരമേശ്വരന്‍ കുറ്റപ്പെടുത്തുന്നത്.