മെച്ചപ്പെട്ട സിവില്‍ സര്‍വ്വീസിനു വേണ്ടി പ്രവര്‍ത്തിച്ച ആം ആദ്മി പ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ് പിന്‍വലിക്കമമെന്ന് സി.ആര്‍ നീല കണ്ഠന്‍
Daily News
മെച്ചപ്പെട്ട സിവില്‍ സര്‍വ്വീസിനു വേണ്ടി പ്രവര്‍ത്തിച്ച ആം ആദ്മി പ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ് പിന്‍വലിക്കമമെന്ന് സി.ആര്‍ നീല കണ്ഠന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th June 2016, 9:13 pm

cr neelakandan

മലപ്പുറം: സര്‍ക്കാര്‍ ഉദ്യോഗസ്ഥുടെ മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കാനായി പ്രവര്‍ത്തിച്ച ആം ആദ്മി പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി ആം ആദ്മി സംസ്ഥാന സമിതി കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മൊറയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വൈകിവന്ന ജീവനക്കാര്‍ക്ക് പൂ നല്‍കി സ്വീകരിച്ച ആം ആദ്മി പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്തെന്ന നിലയില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

മധു, ആസിഫ്, അഷ്‌കര്‍, ഫൈസല്‍ എന്നീ ആം ആദ്മി പ്രവര്‍ത്തകര്‍ക്കെതിരായാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്. ആം ആദ്മി പ്രവര്‍ത്തകര്‍ ആ ഓഫീസിലെ ഒരു ജീവനക്കാരന്റെയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയായിരുന്നില്ലെന്നും മറിച്ച് ഇങ്ങനെയല്ല അവര്‍ പ്രവര്‍ത്തിക്കേണ്ടതെന്നു സ്‌നേഹബുദ്ധ്യാ ബോധിപ്പിക്കുവാനുള്ള ശ്രമം മാത്രമായിരുന്നു അതെന്നും സി.ആര്‍ നീല കണ്ഠന്‍ പറഞ്ഞു. കൂടാതെ പൊതുപ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിടുന്ന ഐ.പി.സി 353 വകുപ്പ് ഭേദഗതി റദ്ദാക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്യുന്ന തെറ്റുകള്‍ തുറന്നുകാട്ടാനും തിരുത്താനും വേണ്ടി വിവരാവകാശ നിയമം പോലുള്ളവ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന പൊതുപ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിനും ജയിലില്‍ അടക്കുന്നതിനും വേണ്ടി ഭേദഗതി ചെയ്യപ്പെട്ട കരിനിയമമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നതെന്ന് അദ്ദേദം പറയുന്നു.

അഴിമതിയുടെ നടത്തിപ്പുകാരായിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് ഈ നിയമ ഭേദഗതി കൊണ്ടു വന്നത്. സര്‍ക്കാര്‍ ഓഫീസില്‍ ചെല്ലുന്ന ആര്‍ക്കെതിരെയും ഒരു ഉദ്യോഗസ്ഥന്റെ പരാതിയിന്മേല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 353-ാം വകുപ്പ് പ്രയോഗിക്കുകയും ആ വകുപ്പ് ജാമ്യമില്ലാത്ത ഒന്നാക്കി മാറ്റുകയും ചെയ്തത് ആ സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിവില്‍ സര്‍വീസിലെ അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കി സുതാര്യത ഉറപ്പാക്കണമെങ്കില്‍, പൊതു സമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണ്. പൊതുജനം ഭീതിയോടെ കയറിച്ചെല്ലേണ്ട ഒന്നാകരുത് സര്‍ക്കാര്‍ ഓഫീസ്. വിവരാവകാശ നിയമത്തിനു ഈ പ്രക്രിയയില്‍ ഉള്ള പങ്കും എടുത്ത് പറയേണ്ടതില്ല. അതുകൊണ്ട് തന്നെ ഈ ജനവിരുദ്ധ ഭേദഗതി പിന്‍വലിച്ച് പിണറായി സര്‍ക്കാരിന്റെ അഴിമതിവിരുദ്ധനയം വ്യക്തമാക്കണമെന്ന അഭ്യര്‍ത്ഥനയും സി.ആര്‍ നീലകണ്ഠന്‍ മുന്നോട്ടു വെയ്ക്കുന്നു. ഇതിനായി ജനങ്ങളോടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ നടത്തിയ അഭ്യര്‍ത്ഥനയും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

സിവില്‍ സര്‍വീസിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരായി എന്നും പ്രവര്‍ത്തിക്കുന്ന ആം ആദ്മി പാര്‍ട്ടി പിണറായി സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നുവെന്നും. അതിനായി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.