ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആചാര്യന്മാരില്‍ നിന്ന് ഈ നാടിന് ഒന്നും പഠിക്കാനില്ല
Kannur University
ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആചാര്യന്മാരില്‍ നിന്ന് ഈ നാടിന് ഒന്നും പഠിക്കാനില്ല
സി.ആര്‍. നീലകണ്ഠന്‍
Friday, 10th September 2021, 4:44 pm
സംഘപരിവാറിന് കേരളത്തെ താലത്തില്‍ വെച്ചു കൊടുക്കാനുള്ള ഇത്തരം ശ്രമങ്ങളില്‍ ഉത്തേജിതരായവരാണ് കണ്ണൂര്‍ സര്‍വ്വകലാശാല സിലബസില്‍ ഗാന്ധി - രാഷ്ട്ര ഘാതകന്‍മാര്‍ക്ക് മാന്യതയുടെ കുപ്പായം ഇടാന്‍ ശ്രമിക്കുന്നത്.

ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും കേരളം കാണുന്നത് സംഘപരിവാര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആചാര്യന്‍മാരും ഉന്‍മൂലന സിദ്ധാന്ത നേതാക്കളുമായാണ്. അവരില്‍ നിന്ന് ഈ നാടിന് ഒരു ചുക്കും പഠിക്കാനില്ല. അതുകൊണ്ട് തന്നെ സംഘ് പരിവാറുകാരല്ലാത്ത മറ്റൊരാളും കേരളത്തില്‍ അബോധത്തില്‍ പോലും ഈ വര്‍ഗീയ ഭ്രാന്തന്‍മാരെയും അവരുടെ വിദ്വേഷ സാഹിത്യങ്ങളെയും ന്യായീകരിക്കില്ല.

എന്നാല്‍ അത്തരം പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞ് കൊണ്ട് കേരളത്തിലെ ഒരു സര്‍വകലാശാല (കേന്ദ്ര സര്‍വ്വകലാശാല അല്ല) അതും കണ്ണൂര്‍ സര്‍വകലാശാല സംഘപരിവാറിന്റെ അടിസ്ഥാന സഹിത്യങ്ങളായ വിചാരധാര, ആരാണ് ഹിന്ദു, വി ഓര്‍ നാഷന്‍ ഹുഡ് ഡിഫൈന്‍ഡ് എന്നീ പുസ്തകങ്ങളാണ് എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പി.ജി. മൂന്നാം സെമസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. (സംഘപരിവാറിന്റെ ഉന്‍മൂലന ഭരണനിര്‍വ്വഹണത്തിന്റെ ആധാര ഗ്രന്ഥങ്ങളാണിവ, അതുകൊണ്ടാവും ഭരണ പഠനത്തിന്റെ ഭാഗമാക്കിയത്.)

മുസ്‌ലിങ്ങളെയും, ക്രിസ്ത്യാനികളെയും, കമ്മ്യൂണിസ്റ്റുകളെയും ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിക്കുകയും അവരെ ഉന്‍മൂലനം ചെയ്യല്‍ ജീവിത ദൗത്യമായും പഠിപ്പിക്കുന്ന, ഹിന്ദുത്വ – സവര്‍ണ്ണ സാംസ്‌കാരിക ദേശീയത അംഗീകരിക്കാത്തവരെ രണ്ടാം തരം പൗരന്‍മാരായി പ്രഖ്യാപിക്കുന്ന അത്യന്തം ഭീകര സാഹിത്യങ്ങളാണ് നമ്മുടെ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ പോകുന്നത്. വിഖ്യാതമായ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മാത്രമുള്ള കോഴ്‌സിന്റെ സിലബസിലാണ് ഈ മാരക വിഷം ചേര്‍ത്തിരിക്കുന്നത്.

സംഘപരിവാര്‍ വിദ്യാഭ്യാസ മേഖലയെ കാവി വല്‍ക്കരിക്കുന്നതിനെതിരെ പൊരുതുന്ന ഒരു നാട്ടില്‍ ഇത് യാദൃശ്ചികമല്ല.
സംഘപരിവാര്‍ പദ്ധതികള്‍ മനോഹരമായി നടപ്പാക്കിക്കൊടുക്കുകയും എന്നാല്‍ ഞങ്ങളെക്കാള്‍ മികച്ച ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനം മറ്റാരും നടത്തുന്നില്ല എന്ന് അവകാശ വാദം ഉയര്‍ത്തുകയും ചെയ്യുന്ന കപടന്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നത്
നമ്മളെ ഭയപ്പെടുത്തേണ്ടതുണ്ട്.

കേരളത്തിലെ പോലീസില്‍ സംഘപരിവാര്‍ ഗ്യാങ്ങുണ്ടെന്ന സഖാവ് ആനിരാജയുടെ പ്രസ്താവനക്കപ്പുറമാണ് കാര്യങ്ങള്‍. കേരളത്തിലെ മുഴു മണ്ഡലങ്ങളിലും സംഘപരിവാര്‍ സ്വാധീനം ശക്തമായിരിക്കുന്നു. അല്ലെങ്കില്‍ തന്നെ കുറെ നാളുകളായി സംഘപരിവാറാണ് കേരളത്തിന്റെ അജണ്ട നിശ്ചയിക്കുന്നത്.

അവര്‍ നിര്‍മ്മിക്കുന്ന നുണകളെ സാധൂകരിക്കുന്ന സാമൂഹ്യ- രാഷ്ട്രീയ വിവാദങ്ങളും ന്യൂനപക്ഷ വിരോധം ഉത്തേജിപ്പിക്കുന്ന കൃത്രിമ പ്രചാരണങ്ങളുമാണ് കേരളത്തില്‍ കാര്യമായി നടക്കുന്നത്. സംഘപരിവാറിന് കേരളത്തെ താലത്തില്‍ വെച്ചു കൊടുക്കാനുള്ള ഇത്തരം ശ്രമങ്ങളില്‍ ഉത്തേജിതരായവരാണ് കണ്ണൂര്‍ സര്‍വ്വകലാശാല സിലബസില്‍ ഗാന്ധി – രാഷ്ട്ര ഘാതകന്‍മാര്‍ക്ക് മാന്യതയുടെ കുപ്പായം ഇടാന്‍ ശ്രമിക്കുന്നത്.

ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം നടത്തുക എന്നത് മാത്രമല്ല. ആ പോരാട്ട ഭൂമിയിലെ കള്ളനാണയങ്ങളെ തിരിച്ചറിയുക എന്ന അധിക ബാധ്യത കൂടി ജനാധിപത്യ പോരാളികള്‍ക്കുണ്ട് എന്ന് മനസ്സിലാക്കാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപകരിക്കണം. സര്‍ക്കാരും സര്‍വ്വകലാശാലയും അംഗീകരിച്ചാലും ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും ഒരു നിലക്കും അംഗീകരിക്കുകയില്ല. അതിനി എത്ര വലിയ നഷ്ടം സഹിക്കേണ്ടി വന്നാലും. ആ സിലബസ്സ് വലിച്ചു കീറി ചവറ്റുകൊട്ടയില്‍ തള്ളും. തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍ – സര്‍വ്വകലാശാല നേതൃത്വങ്ങള്‍ തയ്യാറാകണം. ഇല്ലെങ്കില്‍ പ്രതിഷേധത്തിന്റെ
മഹാ സാഗരം കേരളത്തിന് കാണേണ്ടി വരും

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CR Neelakandan writes on Kannur University Syllabus Controversy

സി.ആര്‍. നീലകണ്ഠന്‍
സാമൂഹ്യപ്രവര്‍ത്തകന്‍