കെ റെയിലുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങളുന്നയിച്ചതിന്റെ പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബറിടങ്ങളില്‍ വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ ചില സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും.
റഫീഖ് അഹമ്മദ്, എം.എന്‍. കാരശ്ശേരി, സി.ആര്‍. നീലകണ്ഠന്‍ തുടങ്ങിയവര്‍ ഈ രീതിയില്‍ സൈബര്‍ ഇടങ്ങളില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇവരുടെയെല്ലാം വ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയുമെല്ലാം വിമര്‍ശനങ്ങളിലേക്ക് വലിച്ചിഴക്കുന്നതിനെതിരെ ഇടതുപക്ഷത്ത് നിന്നുതന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തനിക്കെതിരെ നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് സി.ആര്‍. നീലകണ്ഠന്‍.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഞാന്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് മേല്‍ ഒട്ടനവധി പേര് വന്ന് കമന്റുകള്‍ ഇടുന്നത് സൈബര്‍ ആക്രമണമാണെന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല.
ഫേസ്ബുക്ക് ഒരു പൊതുമാധ്യമം ആണല്ലോ. അതില്‍ ഞാന്‍ എന്റേതായ അഭിപ്രായങ്ങള്‍ ഒരു പദ്ധതിയെ കുറിച്ചിടുന്നു. അതെന്റെ ബോധ്യമാണ്. അതിനെതിരായ അഭിപ്രായങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകും എന്ന് അറിയാത്ത ആളല്ല ഞാന്‍. അത് കമന്റായി വരും എന്നും എനിക്കറിയാം. അതെഴുതാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടല്ലോ. അതെങ്ങനെ ആകണം എന്ന് പറയാന്‍ എനിക്കധികാരമില്ല. അതാണെന്റെ ജനാധിപത്യം. മോശമെന്ന് തോന്നുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ എനിക്ക് കഴിയുമല്ലോ.
ഇവിടെ ധാരാളം പേര്‍, ഏതാണ്ട് സംഘടിതമായി എന്ന് തോന്നിക്കുന്ന വിധത്തില്‍ കുറെ കമന്റുകള്‍ ഇടുന്നതാണ് പ്രശ്‌നമായി പലരും പറയുന്നത്. ഞാന്‍ ഉന്നയിച്ച സില്‍വര്‍ ലൈന്‍ വിഷയത്തില്‍ അവര്‍ക്കൊന്നും പറയാനില്ല എന്നതുകൊണ്ടാകുമല്ലോ എന്നെ വ്യക്തിപരമായി ആക്രമിക്കുന്ന കമന്റുകള്‍ ഇടുന്നത്.