എന്ത് സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് എ.എ.പി എല്‍.ഡി.എഫിനെ പിന്തുണയ്ക്കാമെന്ന് തീരുമാനിച്ചതെന്ന് വ്യക്തമല്ല; സി.ആര്‍ നീലകണ്ഠന്‍ സംസാരിക്കുന്നു
Dool Talk
എന്ത് സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് എ.എ.പി എല്‍.ഡി.എഫിനെ പിന്തുണയ്ക്കാമെന്ന് തീരുമാനിച്ചതെന്ന് വ്യക്തമല്ല; സി.ആര്‍ നീലകണ്ഠന്‍ സംസാരിക്കുന്നു
ജിന്‍സി ടി എം
Saturday, 27th April 2019, 4:47 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. 11 മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ പിന്തുയ്ക്കുമെന്നായിരുന്നു എ.എ.പി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ നേരത്തെ പ്രഖ്യാപിച്ചത്. ദേശീയ നേതൃത്വത്തോട് ആലോചിച്ചല്ല സി.ആര്‍ ഇത്തരമൊരു നിലപാട് പ്രഖ്യാപിച്ചതെന്നു പറഞ്ഞ് സംസ്ഥാന നേതൃത്വം അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടി സ്വീകരിച്ച നിലപാടിനോട് പ്രതികരിച്ച് സി.ആര്‍ നീലകണ്ഠന്‍ ഡൂള്‍ന്യൂസിനോടു സംസാരിക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്നത് പാര്‍ട്ടി ദേശീയ നേതൃത്വത്തോട് ആലോചിക്കാതെ പ്രഖ്യാപിച്ചുവെന്നാരോപിച്ചാണ് എ.എ.പിയില്‍ നിന്നും താങ്കളെ സസ്‌പെന്റ് ചെയ്തത്. എന്താണ് അത്തരമൊരു അഭിപ്രായ ഭിന്നതയ്ക്ക് വഴിവെച്ചത്?

അഭിപ്രായ ഭിന്നതയ്ക്ക് വഴിവെച്ചത് ഒരുപക്ഷേ ദല്‍ഹിയിലെ രാഷ്ട്രീയമാവാം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്താങ്ങണോ യു.ഡി.എഫിനെ പിന്താങ്ങണോയെന്ന് ഞങ്ങള്‍ വളരെ കൃത്യമായി ചോദിച്ചിരുന്നു. എല്ലാ സീറ്റിലും നിരുപാധിക പിന്തുണ നല്‍കണോ അല്ലെങ്കില്‍ സെലക്ടീവായി പിന്തുണയ്ക്കണമെങ്കില്‍ അങ്ങനെ ചെയ്യാമെന്നും ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. അപ്പോള്‍ ഞങ്ങളോട് പറഞ്ഞത്, ശക്തനായ എന്‍.ഡി.എ വിരുദ്ധ സ്ഥാനാര്‍ത്ഥി ആരാണോയെന്ന് നോക്കുക, അയാള്‍ക്ക് വോട്ടു ചെയ്യുകയെന്നാണ്.

ആരെ പിന്താങ്ങണമെന്ന് ഞങ്ങള്‍ക്ക് തീരുമാനിക്കാനാവില്ല. അതുകൊണ്ട് അതത് മണ്ഡലങ്ങളിലെ പ്രവര്‍ത്തകരോട് ഇക്കാര്യം തീരുമാനിക്കാന്‍ പറഞ്ഞു. 12 മണ്ഡലങ്ങളില്‍ നിന്ന് അവര്‍ റിസള്‍ട്ട് തന്നു. വടകര തീരുമാനിക്കാന്‍ കുറച്ചു കൂടി സമയം വേണമെന്ന് പറഞ്ഞു. തെക്കോട്ടുള്ള ഒന്ന് രണ്ട് മണ്ഡലങ്ങളിലെ വിവരങ്ങളും കിട്ടിയില്ല. കാരണം പല പല മണ്ഡലങ്ങളിലും ആരെ പിന്തുണയ്ക്കണമെന്ന സംശയമുണ്ട്.

ഇതു കഴിഞ്ഞപ്പോള്‍, എനിക്കു മനസിലാകുന്നത് ദല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല എന്ന അവസ്ഥ ഒരു തലയ്ക്കു വന്നു. മറുവശത്തു നിന്നും സി.പി.ഐ.എം ശക്തമായ സമ്മര്‍ദ്ദം ചെലുത്തി. ദേശീയ തലത്തില്‍ മുന്നണിയെന്ന താല്‍പര്യമുണ്ടാവാം. എന്തു തരത്തില്‍ താല്‍പര്യമുണ്ടായാലും അത്തരത്തില്‍ ഒരു നിലപാടെടുക്കാന്‍ അവര്‍ പ്രേരിപ്പിക്കപ്പെട്ടതെന്താണെന്ന് നേതൃത്വം വിശദീകരിച്ചിട്ടില്ല.

എന്നോട് എല്‍.ഡി.എഫിനെ പിന്തുണയ്ക്കണമെന്ന് പറഞ്ഞു. എല്‍.ഡി.എഫിനെ എല്ലായിടത്തും പിന്തുണയ്ക്കുന്നതിനോട് എനിക്ക് യോജിപ്പില്ലയെന്ന് പാര്‍ട്ടിക്കകത്ത് ഞാന്‍ പറഞ്ഞിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസമേയുള്ളൂ. ഒറ്റ ദിവസമേ പ്രചരണമുള്ളൂ. അതിനുമുമ്പ് നമ്മളൊരു നിലപാടെടുത്തിട്ട് ഒരു ദിവസംകൊണ്ട് ഇതുമുഴുവന്‍ മാറ്റി മറിക്കാന്‍ പറ്റുമോ. അപ്പോള്‍ നമ്മുടെ പ്രവര്‍ത്തകര്‍ നിരാശരാവും. ഇത് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ മുമ്പു തന്നെ ആ രീതിയില്‍ നിലപാടെടുത്ത് മുന്നോട്ടു പോകുമായിരുന്നു. എന്ത് സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ദേശീയ നേതൃത്വം ഇത്തരമൊരു നിലപാടെടുത്തതെന്ന് ഇതുവരെ മനസിലായിട്ടില്ല. അത് ദേശീയ നേതൃത്വമാണ് വിശദീകരിക്കേണ്ടത്. എനിക്കു ഇതുസംബന്ധിച്ച് കിട്ടിയ വിശദീകരണമൊന്നും തന്നെ യുക്തിഭദ്രമല്ല. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ അറിയുന്നൊരാളെന്ന നിലയ്ക്ക് എനിക്ക് ബോധ്യപ്പെടുന്ന ഒരു വിശദീകരണം അവര്‍ നല്‍കേണ്ടേ?

ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായുള്ള എ.എ.പിയുടെ സഖ്യസാധ്യതകള്‍ പൂര്‍ണമായി അടഞ്ഞതാണോ എല്‍.ഡി.എഫിന് പിന്തുണ നല്‍കാമെന്ന നിലപാടിലെത്താന്‍ കാരണമായത്?

അത് അറിയില്ല. ഇന്നത്തെ പത്രത്തിലും വാതിലുകള്‍ അടച്ചിട്ടില്ലയെന്നാണ് വാര്‍ത്ത. സഖ്യസാധ്യതയുണ്ടാവും, ഉണ്ടാകണമെന്നും പ്രതീക്ഷിക്കുന്നയാളാണ് ഞാന്‍. കാരണം ദല്‍ഹിയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കണം. രണ്ടുദിവസമായി എനിക്കു കിട്ടുന്ന വാര്‍ത്ത മോദി ചിലപ്പോള്‍ രണ്ടാം മണ്ഡലമായി ദല്‍ഹിയില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ്. അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസും ആം ആദ്മിയും ശക്തമായ ഐക്യത്തില്‍ നിന്നുകൊണ്ട് അതിനെതിരായി നിലപാടെടുക്കാന്‍ കഴിയണം. അല്ലെങ്കില്‍ ദേശീയ രാഷ്ട്രീയത്തില്‍ നമുക്ക് പരാജയമായിരിക്കും. ഇതെന്റെ വ്യക്തപരമായ നിലപാടാണ്.

കോണ്‍ഗ്രസിനോട് ഒരിഷ്ടമുണ്ടായിട്ടല്ല. മറ്റു പല സ്ഥലങ്ങളിലും ആം ആദ്മി പാര്‍ട്ടി പിന്താങ്ങുന്നത്, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയാണ്. തമിഴ്‌നാട്ടില്‍ ഡി.എം.കെ സഖ്യത്തിനെയാണ്. അവരൊക്കെ നല്ലയാളുകളായതുകൊണ്ടല്ല പിന്താങ്ങുന്നത്. ബി.ജെ.പി തോല്‍ക്കണമെന്നുള്ളതുകൊണ്ടാണ്. അതുതന്നെയാണ് കെജ്‌രിവാള്‍ എല്ലാകാലത്തും പറഞ്ഞിട്ടുള്ളത്. ആ നിലപാട് ആം ആദ്മി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ദല്‍ഹിയിലാണല്ലോ ഏറ്റവുമധികം കാണേണ്ടത്.

ആം ആദ്മി പാര്‍ട്ടിക്ക് കൃത്യമായ ഒരു സംഘടനാ ചട്ടക്കൂട് ഇല്ലാത്തതാണോ ഇത്തരം അഭിപ്രായ ഭിന്നതകള്‍ക്ക് വഴിവെക്കുന്നത്?

അതിലൊക്കെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. സംഘടനാ ചട്ടക്കൂട് എന്താണെന്നത് കേന്ദ്ര നേതൃത്വത്തിനുപോലും ഇതുവരെ കൃത്യമായി പറയാന്‍ കഴിഞ്ഞിട്ടില്ല. ഒരു വര്‍ഷമായി ഇവിടുത്തെ കമ്മിറ്റികള്‍ മരവിപ്പിച്ചിരിക്കുകയാണ്. കമ്മിറ്റി ഫ്രീസ് ചെയ്ത് കുറേക്കഴിഞ്ഞാല്‍ അത് തുറക്കണ്ടേ? എന്തെങ്കിലുമൊരു മാറ്റം വേണ്ടേ? കമ്മിറ്റി ഫ്രീസ് ചെയ്യാന്‍ അന്നു പറഞ്ഞ കാരണം ചെങ്ങന്നൂരിലുണ്ടായ പരാജയമാണെന്നാണ്. എന്നാല്‍ അത് തിരുത്താന്‍ എന്തെങ്കിലും ചെയ്യണ്ടേ, ഇവിടെ സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ പോലും എനിക്ക് അവകാശമുണ്ടായിരുന്നില്ല. ഇതിനെതിരെ ഞാന്‍ പരാതി നല്‍കിയിരുന്നു. എന്നെ ഒഴിവാക്കി തരാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. കാരണം ഇങ്ങനെ നില്‍ക്കാന്‍ പറ്റില്ല. കേരളം പോലൊരു സ്ഥലത്ത് ഒരു കൊല്ലത്തിലേറെ ഒരു പാര്‍ട്ടിയുടെ കമ്മിറ്റി ഫ്രീസ് ചെയ്തുവെച്ചാല്‍ എന്തായിരിക്കും അതിന്റെ അനന്തരഫലമെന്ന് ആലോചിക്കാമല്ലോ

ഞാനെന്റെ പരിമിതമായ ശേഷിവെച്ച് പരമാവധി രാഷ്ട്രീയ രംഗത്ത് സജീവമാകാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

പലവട്ടം ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു. അത് നടത്താന്‍ ഞങ്ങള്‍ എപ്പോഴും റെഡിയായിരുന്നു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്ത ആളുകള്‍ നേരെ വന്ന് ഉന്നത സ്ഥാനത്തേക്ക് നിയോഗിക്കുന്നതില്‍ പ്രവര്‍ത്തകരില്‍ വലിയ എതിര്‍പ്പുണ്ട്. അത് ശരിയുമാണ്. അഞ്ചാറ് കൊല്ലമായി അവരിവിടെ പ്രവര്‍ത്തിക്കുന്നവരാണ്. പിന്നെ ഹൈക്കമാന്റ് സമ്പ്രദായം ഈ പാര്‍ട്ടിയില്‍ ഇല്ലയെന്നാണ് ഞങ്ങളോട് പറഞ്ഞത്. അതൊക്കെ വിശ്വസിച്ചിട്ടാണ് ഞങ്ങളൊക്കെ നില്‍ക്കുന്നത്. അതിനൊക്കെ എതിരായിട്ടുള്ള കാര്യങ്ങളാണ് കാണുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം കൈക്കൊണ്ട തീരുമാനമാണ് താങ്കള്‍ മുമ്പ് പ്രഖ്യാപിച്ചത്. അതില്‍ സി.ആര്‍ നീലകണ്ഠന്‍ എന്ന വ്യക്തിയ്‌ക്കെതിരെയാണ് ദേശീയ നേതൃത്വം നടപടിയെടുത്തത്. സംഘടനാ ചട്ടക്കൂട് ഇല്ലാത്തതണോ അത്തരമൊരു വ്യക്തികേന്ദ്രീകൃതമായ നടപടിയ്ക്കു വഴിവെച്ചത്?

അങ്ങനെ എനിക്കറിയില്ല. ഞാനതിനോട് പ്രതികരിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ എന്റെ തീരുമാനമേ ആയിരുന്നില്ല അത്. ഒരു മണ്ഡലത്തില്‍ പോലും എന്റെ തീരുമാനമല്ല. എല്ലാ മണ്ഡലത്തിലേയും വളണ്ടിയര്‍മാരുടെ തീരുമാനം എന്നെ അറിയിക്കാനാണ് ഞാന്‍ അവരോട് പറഞ്ഞത്. അവിടെ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരുടെ മൂന്ന് സോണല്‍ മീറ്റിങ് ഞാന്‍ വിളിച്ചുകൂട്ടി. കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തന്നെ അതിനുള്ള നടപടികള്‍ തുടങ്ങി. ഏപ്രില്‍ ആയപ്പോഴാണ് സ്ഥാനാര്‍ത്ഥികള്‍ വന്നത്. അപ്പോഴല്ലേ ആളുകള്‍ക്ക് അഭിപ്രായം പറയാന്‍ പറ്റൂ. സ്ഥാനാര്‍ത്ഥികളുടെ ഗുണദോഷങ്ങളും വോട്ടിങ്ങില്‍ പരിഗണിക്കുമല്ലോ. അതുകൊണ്ട് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചശേഷമാണ് യോഗം വിളിച്ചത്.

ചില മണ്ഡലത്തിലുള്ളവര്‍ ഞങ്ങളുടെ മണ്ഡലത്തിന്റെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. അതും സമ്മതിച്ചു. കാസര്‍കോട്, കണ്ണൂര്, വയനാട് ഇതൊക്കെ ജില്ലാ യോഗം വിളിച്ചു. കോട്ടയം മുതല്‍ തെക്കോട്ടുള്ള മണ്ഡലങ്ങളില്‍ വളണ്ടിയര്‍മാര്‍ക്ക് സോണല്‍ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് തീരുമാനം വൈകിയത്. ഏതുമണ്ഡലത്തിലായാലും തീരുമാനമെടുത്തത് അവിടെയുള്ളവരാണ്.

കോഴിക്കോട് മണ്ഡലത്തില്‍ എം.കെ രാഘവനെ പിന്തുണയ്ക്കുന്നതില്‍ എനിക്ക് വ്യക്തിപരമായി വിയോജിപ്പുണ്ട്. കാരണം എം.കെ രാഘവന്റെ പേരിലൊരു ആരോപണമുണ്ട്. അവിടുത്തെ കമ്മിറ്റിയില്‍ അത് സൂചിപ്പിച്ചപ്പോള്‍, അത് വിശ്വസനീയമായ ആരോപണമല്ല, ചിലപ്പോള്‍ അത് വ്യാജമാണെങ്കിലോ. അദ്ദേഹത്തിനെതിരെ കേസൊന്നും എടുത്തിട്ടില്ല. ഇനി കേസെടുത്താല്‍ അദ്ദേഹം രാജിവെക്കണമെന്ന് ആദ്യം ആവശ്യപ്പെടുന്നത് ആം ആദ്മി പാര്‍ട്ടിയായിരിക്കും. എന്നാണ് വളണ്ടിയര്‍മാര്‍ പറഞ്ഞത്.

കണ്ണൂരില്‍ കെ. സുധാകരന്റെ കാര്യത്തിലും അങ്ങനെയാണുണ്ടായത്. അവര് പറഞ്ഞു, കെ. സുധാകരന്‍ വര്‍ഗീയവാദിയാണ്. അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായ ആളാണ്. പക്ഷേ പി.കെ ശ്രീമതി എല്ലാകാലത്തും അതിനെ പിന്താങ്ങുന്നയാളും സ്ത്രീവിരുദ്ധ നിലപാടുള്ള ആളുമാണെന്നാണ്. അത് അവിടെയുള്ള പ്രവര്‍ത്തകരുടെ സെലക്ഷനാണ്. എനിക്കതില്‍ ഒരു പങ്കുമില്ല. പറഞ്ഞുവരുന്നത് ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്.

ദല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ പോകുന്നുവെന്നാണല്ലോ വാര്‍ത്ത ആ വാര്‍ത്ത വരുമ്പോള്‍ ഇവിടെ കോണ്‍ഗ്രസിനോട് ചെറിയൊരു ചായ്‌വ് നമ്മുടെ പ്രവര്‍ത്തകര്‍ക്കുണ്ടാവാം. അത് സ്വാഭാവികമാകും.

എ.എ.പി മുന്നോട്ടുവെച്ച രാഷ്ട്രീയത്തില്‍ ആകൃഷ്ടരായി വളരെ ആവേശത്തോടെ അതിലേക്ക് കടന്നുവന്നവരാണ് എം.എന്‍ കാരശേരി, സാറാ ജോസഫ് തുടങ്ങിയവര്‍. എന്നാല്‍ അവരൊക്കെ പിന്നീട് പാര്‍ട്ടി വിട്ടുപോകുന്നതാണ് കണ്ടത്. എന്തായിരിക്കാം അതിനു വഴിവെച്ചത്?

അതിന് പല കാരണങ്ങളുണ്ട്. എ.എ.പി വരുന്നത് ഏതെങ്കിലും ഐഡിയോളജിയുടെ പുസ്തകത്തിന്റെ പുറത്തല്ല. അന്ന് ഒരു ബദല്‍ രൂപം എന്നര്‍ത്ഥത്തിലാണ്. അതിലേക്ക് ഓടിവന്ന പലരും അവരുടേതായ എ.എ.പി സങ്കല്പവുമായാണ് ഇതിനകത്ത് വന്നത്. ഇതില്‍ പറയുന്ന ഓരോരുത്തര്‍ക്കും തങ്ങള്‍ പറയുന്നതാണ് ആം ആദ്മിയെന്നൊരു ധാരണയുണ്ട്. ആ ധാരണ ഒരുപക്ഷേ ഇതിന്റെ സംഘടനാ രൂപത്തിലോ ഇതിന്റെ രാഷ്ട്രീയ നിലപാടുകളിലോ വന്നിട്ടുണ്ടാവില്ല. അങ്ങനെയാണ് പലരും വിട്ടുപോകുന്നത്.

നേരത്തെ പറഞ്ഞ, ഹൈക്കമാന്റ് സമ്പ്രദായം. അത് ഇതിനകത്ത് ഇല്ലയെന്നായിരുന്നു പറഞ്ഞിരുന്നത്. സാറ ടീച്ചര്‍ക്കൊക്കെ ഏറ്റവും വിഷമമുണ്ടാക്കിയത് ഹൈക്കമാന്റാണ്. ടീച്ചറത് പലവട്ടം പറഞ്ഞിട്ടുണ്ട്. ഞാനിതിനെ കാണുന്നത് കുറേക്കൂടി പ്രായോഗിക തലത്തിലാണ്. ഇത് തിരുത്തിയേ മുന്നോട്ടുപോകാന്‍ പറ്റുകയുള്ളൂ. അല്ലാതെ നമ്മള് വിട്ടുപോകുകയല്ല വേണ്ടത്. ആറ് വര്‍ഷം മാത്രം പ്രായമുള്ള പാര്‍ട്ടിയാണത്. അതുകൊണ്ട് തിരുത്താന്‍ സമയമുണ്ട്. തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ചെറിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ വലിയ സാധ്യതകളുണ്ടെന്ന് തോന്നുന്നുണ്ടോ?

വ്യക്തമായ പ്രത്യയശാസ്ത്ര, ആക്ഷന്‍ പ്ലാറ്റ്‌ഫോമില്‍ വന്നാല്‍ ഒരുപാട് സാധ്യതയുണ്ട്. കാരണം ഇടതുപക്ഷം വളരെ ദുര്‍ബലമാവുകയാണ്. ഇടതുപക്ഷം ചെയ്തിരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ കേരളത്തില്‍ ആരുമില്ല. പക്ഷേ അതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലൊരു പാര്‍ട്ടിക്ക് ഇനി പ്രസക്തിയില്ല. ഒരു ജനാധിപത്യ പ്ലാറ്റ്‌ഫോം എന്നര്‍ത്ഥത്തില്‍ ഒരു ഇടതുകേന്ദ്രീകൃത രാഷ്ട്രീയത്തിന് കേരളത്തില്‍ ഇന്നും പ്രസക്തിയുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.

ഇടുതപക്ഷത്തെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുക വഴി പ്രാദേശിക പാര്‍ട്ടികളെ കൂടെ നിര്‍ത്താനുള്ള ശ്രമമാണ് എ.എ.പി നടത്തിയിരിക്കുന്നത്. അതല്ലേ താങ്കള്‍ അടക്കമുള്ള നേതാക്കള്‍ മുന്നോട്ടുവെച്ചത്?

അത് പ്രായോഗികമാണോയെന്ന് വലിയ സംശയമുണ്ട്. അങ്ങനെ നടക്കുകയാണെങ്കില്‍ നല്ല കാര്യം. പക്ഷേ ഇവര്‍ക്കൊക്കെ വലിയ താല്‍പര്യങ്ങളുണ്ടാകും. ബി.ജെ.പി ഏത് അഴിമതിയും നടത്തി അധികാരം നിലനിര്‍ത്തുന്നവരാണ്. അങ്ങനെയൊരു സാഹചര്യം വന്നാല്‍ ഈ പ്രാദേശിക മുന്നണിയില്‍ നില്‍ക്കുന്ന എത്രയാളുകള്‍ അവിടെ തുടരും! മായാവതി നില്‍ക്കുമോ, മുലായാം സിങ് നില്‍ക്കുമോ, മമതാ ബാനര്‍ജി നില്‍ക്കുമോ ബി.ജെ.ഡി നില്‍ക്കുമോ, ടി.ആര്‍.എസ് നില്‍ക്കുമോ? നമുക്കൊന്നും പറയാന്‍ പറ്റില്ല.

ഫെഡറല്‍ മുന്നണിയെന്നു പറയുന്നതിന് ഒരു പ്രത്യയശാസ്ത്ര അടിത്തറവേണം. വെറുതെ കുറേ പാര്‍ട്ടികള്‍ കൂടിയെന്നതുകൊണ്ട് ഒന്നും ആവില്ല. എന്തുവിലകൊടുത്തും പാര്‍ട്ടികളെ കൂടെ നിര്‍ത്താന്‍ കഴിയാവുന്ന ആളുകളാണ് ബി.ജെ.പി. ഇവരാരും ബി.ജെ.പിയുടെ കൂടെ പോകുന്നതിന് തടസമുള്ള ആളുകളുമല്ല.

ഏതുവിധേയനും ബി.ജെ.പിയുടെ പാര്‍ലമെന്റിലെ സീറ്റ് കുറയ്ക്കുകയെന്നതാണ് നമ്മുടെ പ്രധാന ലക്ഷ്യം. അത് ഏതുതരം മുന്നണിയായാലും. ഒരു ഉദാഹരണം പറയുകയാണെങ്കില്‍, തിരുവനന്തപുരത്ത് ആം ആദ്മികള്‍ ദിവാകരന് വോട്ടു ചെയ്തുവെന്നിരിക്കട്ടെ, ദിവാകരന്‍ മുന്നാം സ്ഥാനത്തു വരികയും തരൂര്‍ രണ്ടാം സ്ഥാനത്തു വരികയും കുമ്മനത്തിലൂടെ ബി.ജെ.പി ജയിക്കുകയുമാണെങ്കില്‍ ദിവാകരന് വോട്ടു ചെയ്ത ആം ആദ്മിക്കാരന് സങ്കടമുണ്ടാവില്ലേ… അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ കൂടി പരിശോധിച്ച് വോട്ടു ചെയ്യണമെന്നാണ് ഞാന്‍ പറഞ്ഞത്. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജിനാണ് മുന്‍തൂക്കമെങ്കില്‍ അവര്‍ക്ക് വോട്ടു ചെയ്യണം. തൃശൂര്‍ പ്രതാപനാണ് മുന്‍തൂക്കമെങ്കില്‍ അദ്ദേഹത്തിന് വോട്ടു ചെയ്യണം. പാലക്കാട് എം.ബി രാജേഷാണ് മുമ്പിലെങ്കില്‍ അദ്ദേഹത്തിന് വോട്ടു ചെയ്യണം. ഇതാണ് എന്റെ നിലപാട്.

വിദ്യാര്‍ഥി രാഷ്ട്രീയ കാലം തൊട്ടേ താങ്കള്‍ ഇടതുസഹയാത്രികനാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ വേദിയില്‍ താങ്കള്‍ സംസാരിച്ചിട്ടുണ്ട്. രാഷ്ട്രീയമായി ഭിന്ന നിപാടുള്ളപ്പോഴും അതിനു തയ്യാറായ താങ്കള്‍ക്ക് സി.പി.ഐ.എമ്മിനോടുള്ള ഇത്രവലിയ വിയോജിപ്പിന് കാരണമെന്താണ്?

ഞാന്‍ മുപ്പതുകൊല്ലം സി.പി.ഐ.എമ്മിലെ മെമ്പറായിരുന്നു. ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയുമായിട്ടോ അവരുടെ പാര്‍ട്ടികളുമായിട്ടോ ഒരുകാലത്തും ഒരു ഐക്യവുമുണ്ടാക്കിയിട്ടില്ല. അവരുടെ വേദികളില്‍ പോയത് ജനങ്ങളുടെ സമരങ്ങളുടെ വേദികളിലാണ്. ദേശീയപാതയാവാം, ഗെയില്‍ ആവാം. ഐ.ഒസിയാവാം, അങ്ങനെ നിരവധി സമരങ്ങള്‍. അതിലിപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയല്ല, ആര്‍.എസ്.എസ് വന്നാലും നമ്മള്‍ അതില്‍ നിന്നുപോരുമോ? ഇപ്പോഴുളള ജനകീയ സമരങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും സമരങ്ങളല്ല.

സി.പി.ഐ.എമ്മിനോട് എനിക്ക് വിയോജിപ്പില്ല. ഞാന്‍ പറഞ്ഞല്ലോ എം.ബി രാജേഷിനെ പിന്തുണയ്ക്കണമെങ്കില്‍ അദ്ദേഹത്തെ പിന്തുണയ്ക്കണം, വീണാ ജോര്‍ജ്ജിനെ പിന്തുണയ്ക്കണമെങ്കില്‍ അവരെ പിന്തുണയ്ക്കണമെന്ന്. എനിക്ക് എല്‍.ഡി.എഫിനോട് പ്രത്യേകം ഒരു മമതയൊന്നുമില്ല. അതിനു കാരണം ഇവിടുത്തെ ജനകീയ സമരങ്ങളോട് അവരെടുക്കുന്ന സമീപനം വളരെ മോശമാണ്. ജനകീയ വിഷയങ്ങളില്‍ ഇടതുപക്ഷ സമീപനമല്ല ഈ സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. പ്രളയം അടക്കമുള്ള വിഷയങ്ങളില്‍. എനിക്കതില്‍ ശക്തമായ വിയോജിപ്പുണ്ട്. ഇടതുപക്ഷത്തിന് ഇടതുപക്ഷ സമീപനം വേണം. അതിലല്ലോ.

പരിസ്ഥിതി രാഷ്ട്രീയം സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് താങ്കള്‍. എ.എ.പിയിലൂടെ അത്തരമൊരു രാഷ്ട്രീയം ഉയര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടോ?

ഞാന്‍ നിര്‍ബന്ധമായും എ.എ.പിയെ ഒരു ജനപക്ഷ രാഷ്ട്രീയമായി മുന്നോട്ടുവെക്കാനാണ് ശ്രമിച്ചത്. പാരിസ്ഥിതികമായ വിഷയങ്ങള്‍ എല്ലായിടത്തും വലിയ രാഷ്ട്രീയ പ്രശ്‌നമാണ്. അന്‍വറായാലും ജോയ്‌സ് ജോര്‍ജായാലും ഒക്കെ നേരിടുന്നത് പരിസ്ഥിതി വിഷയങ്ങളാണ്. അത്തരം വിഷയങ്ങള്‍ ഇനിവരുന്നകാലത്ത് മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പ്രശ്‌നമാണ്. അത്തരം സമരങ്ങളില്‍ എ.എ.പി പങ്കെടുക്കണം, എ.എ.പിയുടെ പ്രവര്‍ത്തകര്‍ അതുമായി ഇടപെടണം. നമ്മള്‍ ഒരുപാട് വിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. ഐ.ഒ.സിയുമായി ബന്ധപ്പെട്ട്, ദേശീയപാതയുമായി ബന്ധപ്പെട്ടൊക്കെ. അങ്ങനെയാണ് പുതിയ രാഷ്ട്രീയത്തിലേക്ക് എ.എ.പി കേരളത്തില്‍ എത്തേണ്ടത് എന്നതാണ് എന്റെ നിലപാട്.

 

ജിന്‍സി ടി എം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.