തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍ നടപടി നേരിട്ടതിന്റെ പേരില്‍ പരിഹാസ പോസ്റ്റുമായെത്തിയ സംഘപരിവാര്‍ നേതാവ് ടി.ജി മോഹന്‍ദാസിന് മറുപടിയുമായി ആം ആദ്മിയുടെ മുന്‍ സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍.
”ജനാധിപത്യം പൂത്ത് കൊലമറിഞ്ഞ് കണ്ടം നിറഞ്ഞു കിടക്കുന്ന ആപ്പില്‍ നിന്ന് ഒരു വിശദീകരണം പോലും ചോദിക്കാതെ എന്റെ സ്‌നേഹിതന്‍ സി.ആര്‍ നീലകണ്ഠനെ പുറത്താക്കിയിരിക്കുന്നു. ഫാഷിസം എന്താണെന്ന് മനസിലാകുന്നുണ്ടോ”? എന്നായിരുന്നു ടി.ജി മോഹന്‍ദാസ് ട്വിറ്ററിലൂടെ പരിഹസിച്ചത്.
ഇതിന് പിന്നാലെ തന്നെ മറുപടിയുമായി സി.ആര്‍ എത്തി. ” പൂച്ചയ്ക്കാര് മണികെട്ടും എന്ന കാര്യത്തില്‍ കെജ്‌രിവാളും ഞാനും തമ്മില്‍ ചെറിയ തര്‍ക്കം. പക്ഷേ മണി കെട്ടിയാല്‍ പോര, ചാക്കിലാക്കി കൊണ്ട് കളയുക തന്നെ വേണം എന്ന ധാരണയില്‍ ഞങ്ങള്‍ എത്തിയിട്ടുണ്ട്” എന്നായിരുന്നു ഇതിന് സി.ആര്‍ നല്‍കിയ മറുപടി.
വീട്ടില്‍ ചിലപ്പോള്‍ തര്‍ക്കം ഉണ്ടാകുമെന്നും പക്ഷേ അതിനിടയിലേക്ക് വിഷ ജന്തുക്കള്‍ കയറി വന്നാല്‍തല്ലിക്കൊല്ലുകയാണ് പതിവ് എന്നും ടി.ജി മോഹന്‍ദാസിന് മറുപടിയായി സി.ആര്‍ നീലകണ്ഠന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പാര്‍ട്ടിയുടെ അനുമതിയില്ലാതെ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സി.ആര്‍ നീലകണ്ഠനെതിരെ നടപടിയുമായി ആം ആദ്മി നേതൃത്വം രംഗത്തെത്തിയത്. സി.ആര്‍ നീലകണ്ഠനെ പാര്‍ട്ടി പദവികളില്‍ നിന്നൊഴിവാക്കിയതായി നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.
എന്‍.ഡി.എയെ തോല്‍പ്പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്നാണ് ദേശീയ നേതൃത്വം പറഞ്ഞതെന്നും അതനുസരിച്ചാണ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതെന്നുമായിരുന്നു സി.ആര്‍ നീലകണ്ഠന്റെ വിശദീകരണം.
പാര്‍ട്ടിയുടെ ഏത് നടപടിയേും അംഗീകരിക്കുമെന്നും കണ്‍വീനറാക്കിയ പാര്‍ട്ടിക്ക് നടപടിയെടുക്കാന്‍ അധികാരമുണ്ടെന്നും പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നും സി.ആര്‍ നീലകണ്ഠന്‍ പ്രതികരിച്ചിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതായുള്ള പരാതിയില്‍ ആം ആദ്മി ദേശീയ നേതൃത്വം സി.ആര്‍.
നീലകണ്ഠന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
കേരളത്തില്‍ 11 മണ്ഡലങ്ങളില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും എന്നായിരുന്നു സി.ആര്‍ നീലകണ്ഠന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ദേശീയ നേതൃത്വത്തോട് വിശദീകരണം ചോദിക്കാതെ ഇക്കാര്യം ഏകപക്ഷീയമായി പ്രഖ്യാപിച്ച സി.ആര്‍ നീലകണ്ഠനോട് എ.എ.പി വിശദീകരണം തേടുകയായിരുന്നു.