കൊച്ചി: പുതുവൈപ്പ് സമരക്കാരോടൊപ്പം ഹൈക്കോര്‍ട്ട് ജംഗ്ഷനിലെത്തിയ തന്നോട് പൊതുപ്രവര്‍ത്തനം വേണ്ടെന്ന് എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര പറഞ്ഞതായി ആംആദ്മി നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.ആര്‍ നീലകണ്ഠന്‍.
അഡ്വക്കേറ്റാണെന്ന് പറഞ്ഞപ്പോള്‍ വക്കീലാണെങ്കില്‍ കോടതിയില്‍ പോയാല്‍ മതിയെന്ന് യതീഷ് ചന്ദ്ര പറഞ്ഞെന്നും സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് അവര്‍ പരിപാടിക്കിടെയായിരുന്നു സി.ആര്‍ നീലകണ്ഠന്റെ പ്രതികരണം.
“എറണാകുളം മറൈന്‍ഡ്രൈവിനടുത്ത് കുട്ടികളും സ്ത്രീകളുമടക്കം ആളുകള്‍ കൂടി നില്‍ക്കുന്നു. ഈ യതീഷ് ചന്ദ്രയെന്ന ആള്‍ ഓടിവന്നു പറയുന്നു, “ഓടടാ ഇവിടുന്ന്, വിടടാ” എന്ന്. സ്ത്രീകളെ അടിച്ച് വാനില്‍ കയറ്റിയപ്പോഴാണ് ഞാന്‍ ഇടപെട്ടത്.” അദ്ദേഹം പറയുന്നു.
ഇങ്ങനെയാണോ സര്‍ ആറസ്റ്റ് ചെയ്യുക എന്ന് താന്‍ യതീഷ് ചന്ദ്രയോട് ചോദിച്ചു. അയാള്‍ തന്നോട് പറഞ്ഞ മറുപടി, നീയിതില്‍ ഇടപെടേണ്ട, നീയാരാ എന്നായിരുന്നുവെന്ന് സി.ആര്‍ നീലകണ്ഠന്‍ വ്യക്തമാക്കുന്നു. ഒരു പൊതുപ്രവര്‍ത്തകനാണെന്നും അഡ്വക്കേറ്റ് ആണെന്നും താന്‍ പറഞ്ഞു. തനിക്കിതില്‍ ഇടപെടാന്‍ കഴിയുമെന്നും അറിയിച്ചപ്പോള്‍, അഡ്വക്കേറ്റ് കോടതിയില്‍ പോയാല്‍ മതി. പൊതുപ്രവര്‍ത്തനമൊന്നും ഇതില്‍ വേണ്ട എന്നായിരുന്നു മറുപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
അന്ന് 12 കുട്ടികള്‍ ആശുപത്രിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരാളുടെ കൈ ഒടിയുകയും ചെയ്തു. 320 പേരെ അറസ്റ്റ് ചെയ്ത് വിവിധ പൊലീസ് സറ്റേഷനുകളില്‍ വെച്ചു. അന്ന് രാത്രി മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തിയെന്നും ഹരിത ട്രൈബ്യൂണലിന്റെ ജൂലൈ നാലിന് കേസ് പരിഗണിക്കുന്നതുവരെ ഐഒസി പ്ലാന്റില്‍ നിര്‍മ്മാണം നടക്കില്ലെന്ന് മന്ത്രി വാക്ക് നല്‍കിയിരുന്നെന്നും സിആര്‍ നീലകണ്ഠന്‍ പറഞ്ഞു.