ശ്രീധരന്‍ പിള്ളയുടെ കത്ത്; ദേശീയപാത ഇരകളുടെ ആവശ്യപ്രകാരമെന്ന് സി.ആര്‍ നീലകണ്ഠന്‍
Kerala
ശ്രീധരന്‍ പിള്ളയുടെ കത്ത്; ദേശീയപാത ഇരകളുടെ ആവശ്യപ്രകാരമെന്ന് സി.ആര്‍ നീലകണ്ഠന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th May 2019, 2:31 pm

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും സമരസമിതിയും ദേശീയപാത വികസനം അട്ടിമറിച്ചു എന്ന് സി.പി.ഐ.എം നേതാക്കള്‍ പ്രചരിപ്പിക്കുന്നത് ദേശീയപാത ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം എന്തായിരുന്നു എന്നത് മറച്ചുവച്ചുകൊണ്ടാണെന്ന് ആം ആദ്മി മുന്‍ കണ്‍വീനറും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.ആര്‍ നീലകണ്ഠന്‍.

ദേശീയപാത ഇരകളുടെ ആവശ്യപ്രകാരമായിരുന്നു അങ്ങനെ ഒരു കത്ത് നല്‍കിയതെന്നും സി.ആര്‍ പറയുന്നു.

ദേശീയപാത വികസനം ബി.ജെ.പിയും സമരസമിതിയും ചേര്‍ന്ന് അട്ടിമറിച്ചു എന്ന് സി.പി.ഐ.എം കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചരണം ചുങ്കപ്പാത യില്‍ നിന്ന് കൊള്ളയടിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിന്റെ രോഷമാണെന്നും സി.ആര്‍ നീലകണ്ഠന്‍ കുറ്റപ്പെടുത്തി.

പി.എസ് ശ്രീധരന്‍ പിള്ള കേന്ദ്ര ഗതാഗത മന്ത്രിയായ നിതിന്‍ ഗഡ്കരിക്ക് നല്‍കിയ കത്ത് ദേശീയ പാത ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ഹാഷിം ചെന്നംപള്ളിയുടെ ആവശ്യപ്രകാരം നല്‍കിയതാണ്.

കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളെയും സമരസമിതി നേരില്‍ കാണുകയും ഇതേ ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ സഹകരിക്കാന്‍ തയ്യാറായത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മാത്രമാണ്.

കേന്ദ്ര ഭരണകക്ഷി എന്ന നിലയില്‍ അവരുടെ കത്തിന് വിലയുണ്ട് ഉണ്ട് എന്ന് കരുതി കൊണ്ട് തന്നെയാണ് ആ കത്തും മറ്റ് അനുബന്ധ രേഖകളുമായി ഹാഷിം ചേന്നം പിള്ളിയുടെ കൂടെ താനടക്കമുള്ള സമര സമിതി അംഗങ്ങള്‍ ദല്‍ഹിയില്‍ പോയതെന്നും സി.ആര്‍ പറയുന്നു.

ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള 22 കിലോമീറ്റര്‍, ഇപ്പോള്‍ എന്‍എച്ച് 66, പഴയ എന്‍എച്ച് 17, ഭാഗത്ത് നിലനില്‍ക്കുന്ന സവിശേഷമായ ചില പ്രശ്‌നങ്ങള്‍ കേന്ദ്രത്തെയും നാഷണല്‍ ഹൈവേ അതോറിറ്റിയെയും അറിയിക്കാന്‍ വേണ്ടിയാണ് അത്തരത്തില്‍ ഒരു നിവേദനം തയ്യാറാക്കിയത്.

അതിലെ ആവശ്യങ്ങള്‍ വളരെ പ്രധാനമാണ് എന്നതും ജനജീവിതത്തെ സാരമായി ബാധിക്കുന്നതാണ് എന്നും ബോധ്യം ആയതുകൊണ്ടാണ് പി.എസ് ശ്രീധരന്‍ പിള്ള അത് ദേശീയ ഉപരിതല ഗതാഗത മന്ത്രിക്ക് നല്‍കിയത്.

ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള പ്രദേശത്തെ ജനങ്ങള്‍ രണ്ടാമത് കുടിയിറക്ക് ഭീഷണി നേരിടുന്നവരാണ്. ദേശീയപാത വികസനത്തിന് വേണ്ടി 15 വര്‍ഷം മുമ്പ് അവരുടെ ഭൂമി വിട്ടു നല്‍കിയിട്ട് അതിന്റെ നിസ്സാരമായ തുക പോലും ഇപ്പോഴും കിട്ടാത്തവരാണ് അവര്‍.

ആ പാവപ്പെട്ട ജനങ്ങള്‍ അവള്‍ അവരുടെ ബാക്കിയുള്ള ഭൂമിയില്‍ വീണ്ടും വീടുകെട്ടി ജീവിതം തുടങ്ങിയപ്പോഴാണ് 30മീറ്റര്‍ അല്ല 45 മീറ്റര്‍ ആണ് വേണ്ടത് എന്ന് പറഞ്ഞ് വീണ്ടും സ്ഥലം ഏറ്റെടുക്കാന്‍ അധികൃതര്‍ വന്നത്. 30മീറ്റര്‍ ഏറ്റെടുത്തിട്ടും ഒരു വരി പാത പോലും ഇപ്പോഴും അവിടങ്ങളില്‍ വന്നിട്ടില്ല.

എറണാകുളത്തുള്ള എല്ലാ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഇക്കാര്യം അറിയാവുന്നതാണ്. സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ ജനങ്ങളോടൊപ്പം നില്‍ക്കണമെന്ന് എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാല്‍നടജാഥ നടത്തിയതാണ്.

കഴിഞ്ഞ പ്രളയത്തില്‍ ഏറ്റവും ബാധിക്കപ്പെട്ട ഇടങ്ങളാണ് ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ. ഇവിടങ്ങളിലെ ജനങ്ങള്‍ ഞങ്ങള്‍ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിട്ടുള്ള സമയത്താണ് സ്ഥലം വിട്ടു കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അധികൃതര്‍ വീടുകള്‍ മുങ്ങി പോയവര്‍ക്കും തകര്‍ന്നുപോയ വര്‍ക്കും നോട്ടീസ് അയച്ചത്. ജനങ്ങളുടെ ഈ പ്രാരാബ്ദങ്ങള്‍ക്ക് സമാപനം കണ്ടതിനു ശേഷമേ ഭൂമി എടുക്കാവൂ എന്നാണ് സമരസമിതി ഇതി നിവേദനത്തില്‍ ആവശ്യപ്പെട്ടത്.

ഈ പ്രളയത്തില്‍ മുങ്ങിപ്പോയ ഭൂമിയില്‍ ദേശീയപാത അതേപോലെ വികസിപ്പിച്ചാല്‍ അത് അശാസ്ത്രീയമാണെന്നും നിലനില്‍ക്കില്ല എന്നും നിവേദനത്തില്‍ പറഞ്ഞിരുന്നു. അതിന്റെ കൂടെ തന്നെ ഏറെക്കാലമായി ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ബദല്‍ അവതരിപ്പിക്കുകയും ചെയ്തു. പ്രളയത്തില്‍ മുങ്ങി പോയ, ജനവാസം കൂടിയ, തിരക്കുള്ള കവലകളിലും 45 മീറ്റര്‍ ദേശീയപാതക്ക് പകരം നിലവിലുള്ള 30 മീറ്ററില്‍ നാലുവരി ആറുവരിയോ പണിയുകയോ ആവശ്യമെങ്കില്‍ മേല്‍പ്പാലങ്ങള്‍ വഴിയും ഗതാഗത പ്രശ്‌നം പരിഹരിക്കണം എന്നായിരുന്നു ആക്ഷന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം.

ഈ ആവശ്യങ്ങള്‍ എല്ലാം ഉന്നയിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും മറ്റും കാണാന്‍ പോയത്. പക്ഷേ ഇതെല്ലാം മറച്ചുവച്ച് കേരളത്തിന്റെ തെക്ക് മുതല്‍ വടക്ക് വരെയുള്ള ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഈയൊരു കത്താണ് തടസ്സം എന്ന് പ്രചരിപ്പിക്കുന്നതിന് സ്ഥാപിതതാത്പര്യങ്ങള്‍ ഉണ്ടെന്ന് സി.ആര്‍ പറയുന്നു.

പ്രളയത്തിന്റെ ഇരകളെ ഉടനെ കുടിയൊഴിപ്പിക്കണമെന്ന് ഇന്ന് ആവശ്യപ്പെടുന്നത് അവരെ സംരക്ഷിക്കേണ്ട കേരള സര്‍ക്കാര്‍ ആണ്, നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനാണ്. പ്രളയ സമയത്ത് തൃശൂര്‍ അടക്കമുള്ള ഇടങ്ങളില്‍ ഇതില്‍ സ്ഥലം ഏറ്റെടുക്കാനുള്ള സര്‍വ്വേ നടപടിയുമായി കേരള പോലീസിന്റെ കാവലില്‍ ഉദ്യോഗസ്ഥര്‍ മുന്നോട്ടു പോയിരുന്നു.

പ്രളയത്തിന്റെ ഇരകള്‍കള്‍ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിട്ടുള്ള അവസരത്തില്‍ പോലും അവര്‍ക്ക് കുടിയൊഴിഞ്ഞു പോകാനുള്ള നോട്ടീസ് അയക്കുകയാണ് ചെയ്തത്. ഇത് തടയാന്‍ പോലും നമ്മുടെ സര്‍ക്കാരോ മുഖ്യമന്ത്രി പിണറായി വിജയനൊ ശ്രമിച്ചിട്ടില്ല. പകരം കേരളത്തില്‍ സ്ഥലമേറ്റെടുപ്പ് ഒരു പ്രതിരോധവും ഇല്ലാതെ നടക്കുന്നു എന്ന റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് ഇന്ന് സമര്‍പ്പിച്ചത്.

ദേശീയപാതാ വികസനം ദേശീയപാത വില്‍പ്പനയാണ്, ദേശീയപാതയിലെ ടോള്‍ പിരിവ് കമ്പനികളുടെ കൊള്ളയാണ്, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും പങ്കുപറ്റാന്‍ ഉള്ള കച്ചവടമാണ്.

ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം ഇതിനെയൊക്കെ എതിര്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം കേരളത്തിന്റെ തന്നെ പൊതുസ്വത്തായ ദേശീയപാത സ്വകാര്യകമ്പനികള്‍ക്ക് എഴുതിത്തള്ളുകയാണ്. ദേശീയപാത ആക്ഷന്‍ കൗണ്‍സിലിന്റെ സമരങ്ങളെയും ആവശ്യങ്ങളെയും ന്യായങ്ങളെയും അടിച്ചമര്‍ത്താനും ഇരകളുടെ പ്രതിരോധവും സമരവും ബി.ജെ.പിയുടെതാണ് എന്ന് വരുത്തി തീര്‍ക്കാനും സ്ഥലമേറ്റെടുപ്പ് ദ്രുതഗതിയില്‍ നടത്താനുള്ള അത്യുത്സാഹം ആണ് പി.എസ് ശ്രീധരന്‍ പിള്ളയുടെ കത്ത് പ്രചരിക്കുന്നത് വഴി കാണുന്നത്.

കഴക്കൂട്ടം മുതല്‍ വടക്കോട്ട് ഏറ്റെടുത്തിട്ടുള്ള 30 മീറ്ററില്‍ ദേശീയപാത വികസിപ്പിക്കണം, ആവശ്യമുള്ളിടത്ത് മേല്‍പ്പാലങ്ങള്‍ വേണം, ഇനി വീണ്ടും ജനങ്ങളെ കുടിയൊഴിപ്പിക്കരുത്. വീടുകളും കടകളും നഷ്ടപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുക എത്രയായിരിക്കുമെന്ന് എന്ന് പറയാനുള്ള സന്നദ്ധത പോലും കേരള സര്‍ക്കാരിന് ഇല്ല.

2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം നിലനില്‍ക്കുമ്പോള്‍ തന്നെ 1956 ലെ നിയമം വച്ച് ഭൂമി ഏറ്റെടുക്കുകയും, 2013ലെ നിയമപ്രകാരം നഷ്ടപരിഹാരം നല്‍കുമെന്ന് കള്ള വാഗ്ദാനം നല്‍കുകയും ആണ് കേരള സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നഷ്ടപരിഹാരത്തുക എത്രയായിരിക്കുമെന്ന് പറയാന്‍ കഴിയുന്നില്ല, പുനരധിവാസം എന്ന ഒരു വാക്കുപോലും പദ്ധതിയില്‍ ഇല്ല.

ദേശീയപാത ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യങ്ങളും നിലപാടുകളും വ്യക്തമാണ്. പല സംഘടനകളും പാര്‍ട്ടികളും നേതാക്കളും പ്രതിരോധ സമരത്തെ പിന്തുണച്ചിട്ടുണ്ട്, ഹൈബി ഈഡന്‍, കെ വി തോമസ് എന്നിവരെ കൂടാതെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെ ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ആ കത്തും പോലും. പക്ഷേ ഇന്നേവരെ ഒരു സി.പി.ഐ.എം നേതാക്കളും ദേശീയപാത ഇരകള്‍ക്കു വേണ്ടി നില കൊണ്ടിട്ടില്ലെന്നും സി.ആര്‍ പറയുന്നു.