| Tuesday, 7th May 2019, 7:59 pm

സംഘിപ്പട്ടം എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ നോക്കണ്ടാ; യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായി എന്നും ഇവിടെ ഉണ്ടാകുമെന്ന് സി.ആര്‍ നീലകണ്ഠന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സംഘിപ്പട്ടം എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ നോക്കണ്ടെന്ന് ആം ആദ്മി മുന്‍ കണ്‍വീനറും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.ആര്‍ നീലകണ്ഠന്‍. നിങ്ങള്‍ വികസനത്തിന്റെ പേരില്‍ അടിച്ചമര്‍ത്താന്‍ നോക്കുന്ന ജനങ്ങള്‍ക്കൊപ്പം, അവരുടെ മുന്നില്‍ ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് ആയി ആം ആദ്മിയായി ഞാന്‍ ഇവിടെ തന്നെ കാണുമെന്നും നീലകണ്ഠന്‍ പറഞ്ഞു.

‘സഖാവ് വള്ളി നിക്കറുമിട്ട് അജന്തയില്‍ ആദിപാപം കണ്ട് നടന്നപ്പോള്‍ നീലകണ്ഠന്‍ കമ്മ്യൂണിസ്റ്റ് ആയതാണ്. താങ്കളെ പോലെ ഇവിടെ ഈ ഫേസ്ബുക്കില്‍ കിടന്നു ചിലച്ചയ്ക്കുന്നതല്ല, അടിയന്തരാവസ്ഥ കാലത്ത് മുദ്രാവാക്യം വിളിച്ചു ജയിലില്‍ കിടന്നതാണ് എന്റെ വിപ്ലവം’. നീലകണ്ഠന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദേശീയപാത വികസനം സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ അനുകൂലിച്ച് രംഗത്തെത്തിയതിന് പിന്നാലെ നീലകണ്ഠന്‍ സംഘപരിവാര്‍ അനുകൂലിയാണെന്ന തരത്തില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം രംഗത്തെത്തിയത്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും സമരസമിതിയും ദേശീയപാത വികസനം അട്ടിമറിച്ചു എന്ന് സി.പി.ഐ.എം നേതാക്കള്‍ പ്രചരിപ്പിക്കുന്നത് ദേശീയപാത ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം എന്തായിരുന്നു എന്നത് മറച്ചുവച്ചുകൊണ്ടാണെന്നായിരുന്നു സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞത്. ദേശീയപാത ഇരകളുടെ ആവശ്യപ്രകാരമായിരുന്നു അങ്ങനെ ഒരു കത്ത് നല്‍കിയതെന്നും സി.ആര്‍ പറഞ്ഞിരുന്നു.

ദേശീയപാത വികസനം ബി.ജെ.പിയും സമരസമിതിയും ചേര്‍ന്ന് അട്ടിമറിച്ചു എന്ന് സി.പി.ഐ.എം കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചരണം ചുങ്കപ്പാത യില്‍ നിന്ന് കൊള്ളയടിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിന്റെ രോഷമാണെന്നും സി.ആര്‍ നീലകണ്ഠന്‍ കുറ്റപ്പെടുത്തിയിരുന്നു.

പി.എസ് ശ്രീധരന്‍ പിള്ള കേന്ദ്ര ഗതാഗത മന്ത്രിയായ നിതിന്‍ ഗഡ്കരിക്ക് നല്‍കിയ കത്ത് ദേശീയ പാത ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ഹാഷിം ചെന്നംപള്ളിയുടെ ആവശ്യപ്രകാരം നല്‍കിയതാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളെയും സമരസമിതി നേരില്‍ കാണുകയും ഇതേ ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ സഹകരിക്കാന്‍ തയ്യാറായത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മാത്രമാണ്.

കേന്ദ്ര ഭരണകക്ഷി എന്ന നിലയില്‍ അവരുടെ കത്തിന് വിലയുണ്ട് ഉണ്ട് എന്ന് കരുതി കൊണ്ട് തന്നെയാണ് ആ കത്തും മറ്റ് അനുബന്ധ രേഖകളുമായി ഹാഷിം ചേന്നം പിള്ളിയുടെ കൂടെ താനടക്കമുള്ള സമര സമിതി അംഗങ്ങള്‍ ദല്‍ഹിയില്‍ പോയതെന്നും സി.ആര്‍ പറയുന്നു.

കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കേന്ദ്രത്തിനു കത്തെഴുതിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തെഴുതിയെന്നാണ് ആരോപണം. കത്തിന്റെ പകര്‍പ്പ് കൈരളി ന്യൂസാണ് പുറത്തു വിട്ടത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ലെറ്റര്‍ പാഡിലാണ് കത്തെഴുതിയിരിക്കുന്നത്. 2018 സെപ്തംബര്‍ 14 ആണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി. ഇടപ്പള്ളി മൂത്തകുന്നം റോഡിലെ സ്ഥലം ഏറ്റെടുക്കല്‍ നിര്‍ത്തി വെക്കണമെന്നാണ് കത്തിലെ ആവശ്യം. പ്രളയം കൂടി കണക്കിലെടുത്താകണം മുമ്പോട്ടു പോകേണ്ടതെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more