കള്ളപ്പണ തിരിമറി; ഗുജറാത്തിലെ ബാങ്കുകള്‍ നിരീക്ഷണത്തില്‍
Daily News
കള്ളപ്പണ തിരിമറി; ഗുജറാത്തിലെ ബാങ്കുകള്‍ നിരീക്ഷണത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st December 2016, 8:33 am

നവംബര്‍ എട്ടിന് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനെ തുടര്‍ന്നു പ്രവാസികളില്‍ പലരും തിരക്കിട്ടു സംസ്ഥാനത്തെത്തിയതായും സൂചനയുണ്ടായിരുന്നു.


അഹമ്മദാബാദ്:  ലക്ഷക്കണക്കിനു രൂപയുടെ കള്ളപ്പണ തിരിമറി ആരോപണങ്ങള്‍ നിലനില്‍ക്കേ ഗുജറാത്തിലെ ബാങ്കുകളും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍.

നവംബര്‍ എട്ടിന് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനെ തുടര്‍ന്നു പ്രവാസികളില്‍ പലരും തിരക്കിട്ടു സംസ്ഥാനത്തെത്തിയതായും സൂചനയുണ്ടായിരുന്നു.

വിവാഹ, ആഘോഷ സീസണ്‍ പ്രമാണിച്ചാണ് ഈ യാത്രകളെന്നായിരുന്നു പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ നല്‍കിയിരുന്ന വിശദീകരണം. ഈ ആരോപണങ്ങള്‍ നിലനില്‍ക്കേയാണു ബാങ്കുകളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന. നഗരത്തിലെ പ്രധാന ബാങ്കുകളില്‍ ചിലതില്‍ കഴിഞ്ഞദിവസം ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു.

അപ്രതീക്ഷിതമായി ബാങ്കിലെത്തിയ ഉദ്യോഗസ്ഥര്‍ പ്രധാന അക്കൗണ്ടുകള്‍ പരിശോധിച്ചുവെന്നാണ് വിവരം. കള്ളപ്പണം വെളുപ്പിക്കാന്‍ ബാങ്കുകള്‍ കൂട്ടുനിന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

നേരത്തെ ഗുജറാത്തില്‍ നിന്നും പുതിയ 2000 രൂപ നോട്ടുകളടങ്ങിയ കണക്കില്‍ പെടാത്ത പണം പിടിച്ചിരുന്നു. ഈ മാസമാദ്യം അഹമ്മദാബാദില്‍ കാറില്‍ നിന്നും 500ലേറെ പുതിയ 2000രൂപ നോട്ടുകള്‍ പിടിച്ചെടുത്തു. 12.4ലക്ഷം രൂപയാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഭൂരിപക്ഷവും 2000രൂപ നോട്ടുകളായിരുന്നു.

മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ കാര്‍ പൊലീസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. കല്ല്യാണച്ചെലവിനായി വിവിധ അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിച്ച തുകയാണിതെന്നാണ് കാറിലുണ്ടായിരുന്നയാള്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ വിവാഹക്ഷണക്കത്ത് പോലുള്ള തെളിവുകളൊന്നും നല്‍കാനില്ലാത്തതിനാല്‍ പൊലീസ് പണം ടാക്‌സ് ഒഫീഷ്യലുകള്‍ക്ക് കൈമാറുകയായിരുന്നു.