കോഴിക്കോട്: സദാചാര പ്രശ്‌നങ്ങള്‍ ആരോപിച്ച് സസ്‌പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ഉമേഷ് വള്ളിക്കുന്നിനെ സര്‍വ്വീസില്‍ തിരികെയെടുത്തു. ഫറോക്ക് പൊലീസ് സ്റ്റേഷനിലാണ് ഉമേഷിനെ നിയമിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടത്.
തന്നെ സര്‍വീസില്‍ തിരികെയെടുക്കണമെന്ന ഉമേഷിന്റെ അപേക്ഷയിലാണ് നടപടി. 2020 സെപ്റ്റംബര്‍ മാസമാണ് ഉമേഷ് വള്ളിക്കുന്നിനെ വനിതാ സുഹൃത്തിന് വാടകയ്ക്ക് വീട് എടുത്തു നല്‍കി എന്നതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജ് സസ്‌പെന്റ് ചെയ്തത്.
നേരത്തെ ഡോ. ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരം എന്ന സിനിമയുടെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതിന് 2019ലും ഉമേഷിനെ കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
തുടര്‍ച്ചയായി തനിക്കെതിരെ നടപടിയെടുക്കുന്നത് കമ്മീഷണര്‍ക്ക് വ്യക്തിവിദ്വേഷം ഉള്ളത് കൊണ്ടാണെന്ന് ഉമേഷ് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിച്ചതിന് ഉമേഷിനെതിരെ വകുപ്പുതല അന്വേഷണത്തിനും കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു.
സുഹൃത്തായ യുവതിയ്ക്ക് താമസിക്കാന്‍ ഫ്ളാറ്റെടുത്തുകൊടുത്തു എന്നതായിരുന്നു ഉമേഷിന് എതിരായ പ്രധാന ആരോപണം. യുവതിയുടെ അമ്മ നല്‍കിയ പരാതിയിലായിരുന്നു ഉമേഷിനെതിരെ നടപടിയെടുത്തത്.
ഇതിനിടെ മാവോയിസ്റ്റ് ബന്ധമാരോപിച്ച് എന്‍.ഐ.എ യു.എ.പി.എ ചുമത്തിയ അലനും താഹയ്ക്കും ജാമ്യം അനുവദിച്ച കോടതി വിധി വായിക്കുകയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് ഉമേഷിനെതിരെ കാരണം കാണിക്കല്‍ മെമ്മോ അയച്ചിരുന്നു.
നേരത്തെ ഉമേഷ് വള്ളിക്കുന്നിന്റെ സസ്പെന്‍ഷന്‍ ഉത്തരവില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നാരോപിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ യുവതി പരാതി നല്‍കിയിരുന്നു.
യുവതിയെ രക്ഷിതാക്കളില്‍ നിന്ന് അകറ്റി ഉമേഷ് ഫ്‌ളാറ്റില്‍ നിത്യസന്ദര്‍ശനം നടത്തുന്നുവെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് യുവതി ഐ.ജിക്ക് പരാതി നല്‍കിയത്. എന്നാല്‍ ഈ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക