| Wednesday, 22nd August 2018, 9:36 am

കേരളത്തിന് അടിയന്തര സഹായമായി 2000 കോടി അനുവദിക്കണം: പ്രധാനമന്ത്രിക്ക് യെച്ചൂരിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര സഹായമായി 2000 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കത്ത്. മാനുഷിക പരിഗണന കണക്കിലെടുത്ത് കേരളത്തിന് കൂടുതല്‍ സഹായങ്ങള്‍ അനുവദിക്കണമെന്നാണ് യെച്ചൂരി ആവശ്യപ്പെടുന്നത്.

അടിയന്തര സഹായമായി കേരളത്തിന് 500 കോടി അനുവദിച്ച കേന്ദ്രത്തിന് നന്ദി പറഞ്ഞ യെച്ചൂരി, കേരളത്തിലെ പ്രളയക്കെടുതി നേരിടാന്‍ ഈ തുക തീര്‍ത്തും അപര്യാപ്തമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

പ്രളയക്കെടുതിയില്‍ നശിച്ച കേരളത്തിലെ വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ സന്നദ്ധ സംഘടനകളുടെ സഹായം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read:കേരളത്തിലേത് ലെവല്‍-3 ദുരന്തം; കേന്ദ്രസര്‍ക്കാര്‍ എന്തുചെയ്‌തെന്ന് വിശദീകരിക്കണം: ഹൈക്കോടതി

“ലക്ഷക്കണക്കിന് ആളുകള്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ ഇതിനുളള ഫണ്ട് റിലീസ് ചെയ്യണം. ഇക്കാര്യം യു.എന്‍ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ അവരുടെ സഹായം തേടുകയും വേണം.” യെച്ചൂരി ആവശ്യപ്പെട്ടു.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെത്തുന്ന സാധന സാമഗ്രികളുടെ ഡ്യൂട്ടി എടുത്തുമാറ്റാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

” പണമായും സാധനങ്ങളായും സംഭാവനകള്‍ എല്ലാ തുറകളില്‍ നിന്നും പ്രവഹിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കുന്നുണ്ട്. ഇത്തരം സാധനങ്ങളുടെ നികുതി എടുത്തുമാറ്റാന്‍ ഞാന്‍ താങ്കളോട് അപേക്ഷിക്കുന്നു.” കത്തില്‍ പറയുന്നു.

Also Read:ഹിന്ദുത്വവാദികളുടെ ആക്രമണത്തില്‍ നിന്ന് മുസ്‌ലിം യുവാവിനെ രക്ഷിച്ച സിഖ് പൊലീസുകാരന് ധീരതയ്ക്കുള്ള മെഡല്‍

കഴിഞ്ഞദിവസം കേരളത്തിനുവേണ്ടിയുള്ള ദുരിതാശ്വാസ നിധിയിലേക്കുള്ള പണസമാഹരണത്തിന് സീതാറാം യെച്ചൂരിയും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ദല്‍ഹിയിലെ മാര്‍ക്കറ്റില്‍ ഇറങ്ങിയിരുന്നു.

We use cookies to give you the best possible experience. Learn more