| Friday, 19th May 2017, 11:59 am

ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും സി.പി.ഐ.എമ്മിന്റെ മികച്ച ഭരണ മാതൃക: അഞ്ചുവര്‍ഷത്തിനിടെ പരിഹാരമുണ്ടാക്കിയത് ഒട്ടേറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: ജൂണ്‍ 5ന് കാലാവധി അവസാനിക്കുന്ന ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും സി.പി.ഐ.എം പ്രതിനിധികള്‍ പടിയിറങ്ങാനൊരുങ്ങുന്നത് മികച്ച ഭരണ മാതൃക നടപ്പിലാക്കിയശേഷം. സി.പി.ഐ.എം പ്രതിനിധികളായ മേയര്‍ സഞ്ജയ് ചൗഹാമന്‍, ഡെപ്യൂട്ടി മേയര്‍ തികേന്ദര്‍ പന്‍വാര്‍ എന്നിവരാണ് ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തലപ്പത്തുള്ളത്.

“അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റികൊണ്ട് ഒരു പ്രാദേശിക ഭരണവിഭാഗത്തെ ജനങ്ങളുടെ സര്‍ക്കാറാക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്.” ചൗഹാന്‍ അവകാശപ്പെടുന്നു.


Must Read: പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളെ കിട്ടില്ലെന്ന ആശങ്ക; അഞ്ചു കോടിയുടെ വമ്പന്‍ ഓഫറുമായി നെഹ്‌റു ഗ്രൂപ്പിന്റെ പരസ്യം 


മറ്റ് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മാതൃകയായ ഒട്ടേറെ നേട്ടങ്ങള്‍ക്ക് ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന് അവകാശപ്പെടാനാവും. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പബ്ലിക് ടോയ്‌ലറ്റുകളുടെ മാനേജ്‌മെന്റാണെന്നും അദ്ദേഹം പറയുന്നു.

“പുതുതായി 25 ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചതിനു പുറമേ പരിതാപകരമായ അവസ്ഥയിലുണ്ടായിരുന്ന 100 ടോയ്‌ലറ്റുകള്‍ നവീകരിക്കുകയും ചെയ്തു. ഇന്ന് ഈ ടോയ്‌ലറ്റുകള്‍ എല്ലാം തന്നെ വളരെ വൃത്തിയുള്ളതും ആവശ്യത്തിനു വെള്ളമുള്ളതുമാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മൂത്രപ്പുരകള്‍ സൗജന്യമാണ്. സാനിറ്ററി നാപ്കിനുകള്‍ നശിപ്പിക്കാനുള്ള ക്രമീകരണങ്ങളുണ്ട്.”ചൗഹാന്‍ പറയുന്നു.


Must Read: ‘സൂചികൊണ്ടെടുക്കാവുന്നതിനെ തൂമ്പ കൊണ്ട് എടുക്കുന്നത് കാണുമ്പോള്‍ അച്ഛനെ ഓര്‍മ്മ വരും’ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.കെ നായനാരുടെ മകന്‍ 


കുടിവെള്ളത്തിന്റെ കാര്യത്തിലാണ് മറ്റൊരു നേട്ടം സി.പി.ഐ.എം അവകാശപ്പെടുന്നത്. 2015ന്റെ അവസാന കാലത്ത് മലിനജലം കാരണം ഷിംല മഞ്ഞപ്പിത്തത്തിന്റെ പിടിയിലായിരുന്നു. ജലം വിതരണം ചെയ്ത കോര്‍പ്പറേഷനായിരുന്നു ഇതിന് ഉത്തരവാദി. മഞ്ഞപ്പിത്തം പടരാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി ഈ സമയത്ത് ചൗഹാന്‍ പൊലീസില് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മലിനജലം വരുന്ന അശ്വനി കുന്ദ് മേഖലയില്‍ നിന്നും വെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നത് കോര്‍പ്പറേഷന്‍ അവസാനിപ്പിച്ചിരുന്നു.

“ഇറിഗേഷന്‍ ആന്റ് പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഒഴിവു കഴിവുകള്‍ നിരത്തിയതോടെ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുത്തു. ദിവസം 12ലക്ഷം ലിറ്ററോളം ജലം നഷ്ടപ്പെടുത്തുന്ന ഗിരി നദിയില്‍ നിന്നുള്ള ജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ ഞങ്ങള്‍ മാറ്റിസ്ഥാപിച്ചു. ഈ പദ്ധതിക്ക് ദിവസം 20മില്യണ്‍ ലിറ്റര്‍ വിതരണം ചെയ്യാനുള്ള കപ്പാസിറ്ററിയുണ്ട്. ഇപ്പോള്‍ ദിവസം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേഖലയില്‍ മാത്രമല്ല സമീപ പ്രദേശങ്ങളിലും ജലം വിതരണം ചെയ്യാന്‍ കഴിയുന്നുണ്ട്. ജലവിതരണം സ്വകാര്യ വത്കരിക്കുകയെന്നതില്‍ അപകടം ഒഴിവാക്കാന്‍ കഴിഞ്ഞു എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ വിജയം” അദ്ദേഹം അവകാശഫ്‌പെടുന്നു.

കോര്‍പ്പറേഷന്റെ വികസനത്തിനു സഹായകരമാകുന്ന രീതിയില്‍ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സാധിച്ചതാണ് മറ്റൊരു നേട്ടമെന്നും അദ്ദേഹം പറയുന്നു. അതേസമയം ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയാണെന്ന് ചൗഹാന്‍ സമ്മതിക്കുന്നു. മറ്റുപാര്‍ട്ടികളില്‍ നിന്നുള്ള കൗണ്‍സിലര്‍മാര്‍ തയ്യാറാവാത്തതുകൊണ്ടും സംസ്ഥാന ഭരണകൂടത്തിന്റെ സഹായമില്ലാത്തതുകൊണ്ടും ഒട്ടേറെ പദ്ധതികള്‍ പാതിവഴിയിലായെന്നും ചൗഹാന്‍ പറയുന്നു.

2012ന് മുമ്പ് മേയറെയും ഡെപ്യൂട്ടി മേയറെയും നേരിട്ടല്ലാതെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ രീതിയില്‍ ഭേദഗതി വരുത്താന്‍ ആവശ്യപ്പെട്ടത് ബി.ജെ.പിയായിരുന്നു. 2012ല്‍ ഇരു സ്ഥാനങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാമെന്നു കരുതിയായിരുന്നു ബി.ജെ.പി ഇത്തരമൊരു ഭേദഗതി കൊണ്ടുവന്നത്.

എന്നാല്‍ ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് നേരിട്ടുള്ള തെരഞ്ഞെടുപ്പിലൂടെ ചൗഹാനും പന്‍വാറും അധികാരത്തിലെത്തിയത്. 25 വാര്‍ഡുകളില്‍ മിക്ക സീറ്റുകളിലും വിജയിച്ചുകൊണ്ട് ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ രണ്ടറ്റങ്ങളിലും ബി.ജെ.പിയും കോണ്‍ഗ്രസും ശക്തമായി നിലയുറപ്പിച്ചപ്പോഴും ഇവര്‍ക്ക് ഇരുവര്‍ക്കും സ്വയം ജനപ്രിയരെന്നു തെളിയിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചു.

അതേസമയം, അടുത്ത തെരഞ്ഞെടുപ്പില്‍ പഴയ രീതിയില്‍ തന്നെ മേയറെ തെരഞ്ഞെടുക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്.

We use cookies to give you the best possible experience. Learn more