കൊല്‍ക്കത്ത: ആഡംബര ജീവിതത്തോടൊപ്പം മോശം പെരുമാറ്റങ്ങളും കൈമുതലാക്കിയ രാജ്യസഭാംഗത്തെ സി.പി.ഐ.എമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പശ്ചിമ ബംഗാള്‍ ഘടകമാണ് രാജ്യസഭാ എം.പി ഋതബ്രത ബാനര്‍ജിയെ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സസ്‌പെന്‍ഷന്‍ തീരുമാനം. സംസ്ഥാന സെക്രട്ടറി സൂര്‍ജ്യകാന്ത മിശ്രയാണ് പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്. അടുത്തിടെ മമത ബാനര്‍ജിക്കെതിരെ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലുള്‍പ്പെടെ ഋതബ്രതയുടെ പെരുമാറ്റം പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
എസ്.എഫ്.ഐ മുന്‍ ദേശീയ സെക്രട്ടറിയായ ഋതബ്രത ബാനര്‍ജി 2014 മുതല്‍ രാജ്യസഭാംഗമാണ്. ലക്ഷങ്ങള്‍ വിലയുള്ള ആപ്പിള്‍ വാച്ചും മോണ്ട് ബ്ലാങ്ക് പേനയുമായി ഇരിക്കുന്ന ഋതബ്രത ബാനര്‍ജിയുടെ ഫോട്ടോ പാര്‍ട്ടി അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ വലിയ അമര്‍ഷമുണ്ടാക്കുകയും മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ഫേസ്ബുക്കിലുള്‍പ്പടെ ഇത് ചര്‍ച്ചയാക്കിയ ഇടതുപക്ഷ അനുഭാവിയായ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അയാളുടെ കമ്പനിയ്ക്ക് ഋതബ്രത അയച്ച ഇമെയില്‍ വലിയ വിവാദമായി മാറിയിരുന്നു. പാര്‍ട്ടിയില്‍ രൂക്ഷവിമര്‍ശനം ഉയരുകയും ഋതബ്രതയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചത്.