കോഴിക്കോട്:സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ് ജില്ലാ സെക്രട്ടറിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോഴിക്കോട് ജില്ലാ കാര്യവാഹക് എന്‍.പി. രൂപേഷ്, നാദാപുരം സ്വദേശി ഷിജിന്‍ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒമ്പതിന് നടന്ന സംഭവത്തില്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റായിരുന്നു കേസന്വേഷണം നടത്തിയിരുന്നത്. കണ്ണൂര്‍ റോഡില്‍ ക്രിസ്ത്യന്‍ കോളജിന് സമീപമുള്ള സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച്. കണാരന്‍ സ്മാരകമന്ദിരത്തിനു നേരെ ബോംബെറിഞ്ഞ് ജില്ലാ സെക്രട്ടറി പി.മോഹനനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
ലോക്കല്‍ പൊലീസിന്റെ പ്രത്യേകസംഘം അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടാവാത്തതോടെയാണ് ക്രൈംബ്രാഞ്ച് മൂന്നാഴ്ചയ്ക്കു ശേഷം കേസ് ഏറ്റെടുത്തത്. ബോംബേറ് നടന്ന് അഞ്ചു ദിവസത്തിനുള്ളില്‍ അന്വേഷണത്തിനു മേല്‍നോട്ടംവഹിച്ചിരുന്ന സിറ്റി പൊലീസ് കമ്മിഷണര്‍ ജെ. ജയനാഥിനെ മാറ്റിയത് ഏറെ വിവാദമായിരുന്നു.
പ്രതികള്‍ എന്ന് സംശയിക്കുന്ന മൂന്ന് പേരെ ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റില്‍ ചോദ്യം ചെയ്തിരുന്നു.ഇതേത്തുടര്‍ന്നാണ് അറസ്റ്റ്. ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് നാല് പേര്‍ക്ക് നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും മൂന്ന് പേരാണ് ഹാജരായത്. മറ്റൊരാള്‍ ഉച്ചയോട് കൂടി ഹാജരാവുമെന്നാണ് അറിയുന്നത്.