കോഴിക്കോട്: ടിവി 9 ന്റെ സ്റ്റിംഗ് ഓപറേഷനില്‍ കുടുങ്ങിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്‍.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി കണ്‍വീനറും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ നേതാവുമായ അഡ്വക്കറ്റ് പി.എ മുഹമ്മദ് റിയാസ് ആണ് പരാതി നല്‍കിയത്.
എം കെ രാഘവന്‍ നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനത്തെ പറ്റിയും രാഘവന്റെ പണമിടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. കള്ളപ്പണ ഇടപാടടക്കം എല്ലാം അന്വേഷിക്കണമെന്നും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആകെ 53 ലക്ഷം രൂപ മാത്രമാണ് രാഘവന്‍ തെരഞ്ഞെടുപ്പ് ചെലവായി കമ്മീഷന് മുമ്പാകെ കാണിച്ചത്. എന്നാല്‍ സ്വാകര്യ ചാനല്‍ പ്രതിനിധിയോട് 20 കോടി രൂപ ചെലവായെന്ന് പറഞ്ഞതിലൂടെ പണമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.
ടി.വി 9 ഒളിക്യാമറയില്‍ 5 കോടി രൂപ രാഘവന്‍ ആവശ്യപ്പെടുന്നതും ഡല്‍ഹിയിലുള്ള സെക്രട്ടറിയുടെ കയ്യില്‍ പണമായി തന്നെ ഏല്‍പ്പിക്കണമെന്നും സെക്രട്ടറിയുടെ നമ്പര്‍ തരാമെന്നും എം.പി പറയുന്ന ദൃശ്യമാണ് പുറത്തുവന്നത്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഘവന് 20 കോടി രൂപ ചെലവായെന്നും കേരളത്തിലെ തെരഞ്ഞെടുപ്പില്‍ വലിയ ചിലവാണെന്നും രാഘവന്‍ പറയുന്നു. എന്നാല്‍ രാഘവന്റെ തെരഞ്ഞെടുപ്പ് ചെലവായി കമ്മീഷന് നല്‍കിയ കണക്കില്‍ കാണിച്ചത് 53 ലക്ഷം രൂപ മാത്രമായിരുന്നു.
പോസ്റ്റര്‍ അച്ചടി, ഹോഡിങ്ങ്സുകള്‍, ബാനറുകള്‍, റാലികള്‍ എന്നിവയ്ക്കും തെരഞ്ഞെടുപ്പ് ദിവസം മദ്യ വിതരണത്തിനും വലിയ ചെലവുകള്‍ ഉണ്ട്. കോണ്‍ഗ്രസ്സ് ഹൈക്കമാന്റില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി 2 മുതല്‍ 5 കോടി രൂപ വരെയാണ് ലഭിക്കുകയെന്നും ബാക്കി പണം സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ താന്‍ തന്നെ സംഘടിപ്പിക്കണമെന്നും പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
അതേസമയം എം.കെ രാഘവനെതിരെ നടന്നത് സി.പി.ഐ.എമ്മിന്റെ ഗൂഢാലോചനയാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നു വരുന്ന വില കുറഞ്ഞ ആരോപണങ്ങളായി കണ്ട് ഇത് അവഗണിക്കാനുമാണ് യു.ഡി.എഫിന്റെ തീരുമാനം.
എന്നാല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ യു.ഡി.എഫ് തീരുമാനിച്ചിട്ടില്ല. എം രാഘവനെ മണ്ഡലത്തിലെ ജനങ്ങള്‍ക്കറിയാമെന്നും വ്യാജ ആരോപണം ജനങ്ങള്‍ തള്ളിക്കളയുമെന്നും ഡിസിസി പ്രസിഡണ്ട് ടി സിദ്ദീഖ് പറഞ്ഞു.