രാഷ്ട്രീയ ലാഭത്തിന് ഫലസ്തീന്‍ വിഷയത്തെ സി.പി.ഐ.എം ദുരുപയോഗം ചെയ്യുന്നു: വി.ഡി സതീശന്‍
തിരുവനന്തപുരം: രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഫലസ്തീന്‍ വിഷയത്തെ സി.പി.ഐ.എം ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഫലസ്തീനെ അനുകൂലിച്ച് സി.പി.ഐ.എം റാലി നടത്തുമ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത് മുസ്‌ലിം ലീഗ്, സമസ്ത, യു.ഡി.എഫ് എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധിയാളുകള്‍ മരിച്ചുവീഴുകയും മനുഷ്യാവകാശലംഘനമുണ്ടാവുകയും കുഞ്ഞുങ്ങളുടെ നിലവിളിയുണ്ടാവുകയും ചെയ്യുന്ന ഗുരുതരമായ പ്രശ്‌നത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് സി.പി.ഐ.എം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും വി.ഡി. സതീഷന്‍ പറഞ്ഞു. താല്‍കാലിക ലാഭത്തിന് വേണ്ടി ഫലസ്തീന്‍ വിഷയത്തെ സി.പി.ഐ.എം വഷളാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
ആര്യാടന്‍ ഷൗക്കത്തിന്റേത് സംഘടനാപരമായ കാര്യമാണെന്നും അക്കാര്യങ്ങള്‍ കെ.പി.സി.സി പ്രസിഡന്റ് പറയുമെന്നും സതീഷന്‍ വ്യക്തമാക്കി. വിഷയം അച്ചടക്ക സമിതിക്ക് വിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ട് എം.എം. ലോറന്‍സ് 100 വയസുകഴിഞ്ഞ അച്ച്യുതാനന്ദനെക്കുറിച്ചെഴുതിയെന്ന് നിങ്ങള്‍ പിണറായി വിജയനോട് ചോദിക്കുമോയെന്നും വി.ഡി. സതീഷന്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ചോദിച്ചു.
ഫലസ്തീന്‍ റാലിയില്‍ നിന്ന് ലീഗ് പിന്മാറാന്‍ കോണ്‍ഗ്രസ് സമ്മര്‍ദം ചെലുത്തേണ്ട കാര്യമില്ലെന്നും അതില്‍ തീരുമാനമെടുക്കേണ്ടത് ലീഗാണെന്നും അദ്ദേഹം വ്യക്തമാക്കി. റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചാല്‍ ലീഗും യു.ഡി.എഫിനെ ക്ഷണിച്ചാല്‍ തീരുമാനമെടുക്കേണ്ടത് മുന്നണിയുമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: CPM is misusing Palestine rally for political gains, says VD Satheesan