ന്യൂദല്‍ഹി: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്കെത്തിക്കേണ്ടെന്ന മുന്‍ തീരുമാനത്തിലുറച്ച് പാര്‍ട്ടി നേതൃത്വം. യെച്ചൂരിയെ നോമിനേറ്റ് ചെയ്യണമെന്ന പശ്ചിമ ബംഗാള്‍ സി.പി.ഐ.എം ഘടകത്തിന്റെ ശുപാര്‍ശ പൊളിറ്റ് ബ്യൂറോ തള്ളി.
മാര്‍ച്ച് ആറിന് ചേര്‍ന്ന പൊളിറ്റ് ബ്യൂറോയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് ടേമില്‍ രാജ്യസഭയിലെത്തിയവരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്നാണ് സി.പി.ഐ.എം നിലപാട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേരളത്തിലെ അംഗങ്ങള്‍ക്ക് പ്രാമുഖ്യമുള്ള 17 അംഗ പൊളിറ്റ്ബ്യൂറോയില്‍ ഒമ്പത് പേര്‍ മാത്രമാണ് കഴിഞ്ഞ യോഗത്തിനെത്തിയിരുന്നത്.
‘പാര്‍ട്ടി വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന കീഴ്‌വഴക്കമാണിത്. അത് തിരുത്തേണ്ട സാഹചര്യം നിലവിലില്ല’, പേര് വെളിപ്പെടുത്താത്ത പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
2005 നും 2017 നുമിടയില്‍ രണ്ട് തവണ യെച്ചൂരി രാജ്യസഭാ എം.പിയായിരുന്നു. ബംഗാള്‍ നിയമസഭയില്‍ ആവശ്യത്തിന് ഭൂരിപക്ഷമല്ലാതിരുന്നപ്പോള്‍ യെച്ചൂരിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് രംഗത്തെത്തിയെങ്കിലും സി.പി.ഐ.എം തയ്യാറായിരുന്നില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മാര്‍ച്ച് 26 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. സി.പി.ഐ.എമ്മിന് ബംഗാളില്‍ ഒരു സീറ്റാണുള്ളത്. എന്നാല്‍ ഈ സീറ്റിനെ പ്രതിനീധികരിച്ചിരുന്ന ഋതബൃതാ ബന്ധോപാധ്യായയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ഈ സീറ്റില്‍ യെച്ചൂരിയെ മത്സരിപ്പിക്കണമെന്നായിരുന്നു ബംഗാള്‍ ഘടകത്തിന്റെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസിന്റെ കൂടി സഹായമുണ്ടെങ്കിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയ്ക്ക് ജയിക്കാനാകൂ എന്നതും പൊളിറ്റ്ബ്യൂറോ തീരുമാനത്തെ സ്വാധീനിച്ചു.
ബംഗാള്‍ നിയമസഭയില്‍ ഇടതുപാര്‍ട്ടികള്‍ക്ക് 28 എം.എല്‍.എമാരാണുള്ളത്. രാജ്യസഭാ സീറ്റില്‍ ജയിക്കണമെങ്കില്‍ 46 പേരുടെ പിന്തുണ വേണം. തമിഴ്‌നാട്ടില്‍ നിന്നുള്ള എം.പിയായ ടി.കെ രംഗരാജന്റെ കാലാവധി ഈ ഏപ്രിലില്‍ അവസാനിക്കുന്നതോടെ രാജ്യസഭയിലെ സി.പി.ഐ.എം അംഗങ്ങളുടെ എണ്ണം നാലായി ചുരുങ്ങും.
ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്ക് അഞ്ചില്‍ കുറവ് പ്രതിനിധികളെ ഉള്ളൂവെങ്കില്‍ അവരെ സ്വതന്ത്രരായാണ് പരിഗണിക്കുക. അങ്ങനെയാകുമ്പോള്‍ പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കുന്നതിന് കുറച്ച് സമയം മാത്രമെ അനുവദിക്കൂ.
നിലവില്‍ സി.പി.ഐ.എമ്മിന് ലോക്‌സഭയിലോ രാജ്യസഭയിലോ ബംഗാള്‍ പ്രതിനിധികളില്ല. 1964 ലെ പാര്‍ട്ടി രൂപീകരണത്തിന് ശേഷം ഇതാദ്യമായാണ് പാര്‍ട്ടിയ്ക്ക് ബംഗാളിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റില്‍ അംഗമില്ലാതിരിക്കുന്നത്.
WATCH THIS VIDEO: