|

'ബി.ജെ.പിയുമായി സഖ്യം അനുവദിക്കില്ല'; പ്രാദേശിക ഘടകങ്ങളോട് സി.പി.ഐ.എം ബംഗാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം പാടില്ലെന്ന് പ്രാദേശിക ഘടകങ്ങളോട് സി.പി.ഐ.എം ബംഗാള്‍ കമ്മിറ്റിയുടെ ആഹ്വാനം.

‘നിര്‍ദേശങ്ങള്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. ബി.ജെ.പിയുമായി ഒരുതരത്തിലുള്ള സഖ്യവും അനുവദിക്കില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നുണ്ട്. ആ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഏരിയാ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കും,’ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലിം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ സാധാരണ നടക്കുന്നത് പോലെ താഴെത്തട്ടിലുള്ള നേതാക്കളും പ്രവര്‍ത്തകരും എടുക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയ അതേപടി തുടരും. തീരുമാനങ്ങള്‍ ജില്ലാ കമ്മിറ്റികള്‍ പരിശോധിക്കുമെന്നും, ആവശ്യമെങ്കില്‍ സംസ്ഥാന കമ്മിറ്റി ഇടപെടുമെന്നും മുഹമ്മദ് സലിം പറഞ്ഞു.

മുതിര്‍ന്ന സി.പി.ഐ.എം നേതാവ് അശോക് ഭട്ടാചാര്യയെ ചൊവ്വാഴ്ച ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സി.പി.ഐ.എമ്മിന്റെ പ്രഖ്യാപനം. ബി.ജെ.പി ഡാര്‍ജിലിങ് എം.പി. രാജു ബിസ്ത, സിലിഗുരി എം.എല്‍.എ ശങ്കര്‍ ഘോഷ് എന്നിവരാണ് അശോക് ഭട്ടാചാര്യയെ സിലിഗുരിയിലെ വസതിയിലെത്തി സന്ദര്‍ശിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ വലിയ രീതിയിലുള്ള പരാജയത്തിന് ശേഷം അടുത്തിടെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സി.പി.ഐ.എം മികവ് തെളിയിച്ചിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.ഐ.എമ്മിന്റെ വോട്ട് ബാങ്കിലുണ്ടായ വിളളല്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കി കൊടുത്തുവെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനം ഉറപ്പാക്കിക്കൊണ്ടാണ് സി.പി.ഐ.എം ശക്തി വീണ്ടെടുക്കാന്‍ തുടങ്ങിയത്. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബംഗാളിലെ പാര്‍ട്ടി.

അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വടക്കന്‍ ബംഗാളില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. 2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ബംഗാളില്‍ എട്ടില്‍ ഏഴ് സീറ്റുകളും നേടി ബി.ജെ.പി തങ്ങളുടെ ശക്തി തെളിയിച്ചിരുന്നു.

Content Highlight: CPM Bengal issues directive; No form of alliance with the BJP will be permitted