ന്യൂദല്‍ഹി: യു.പി.എ യെയും എന്‍.ഡി.എ യെയും വെല്ലുവിളിക്കാന്‍ തയ്യാറായി സി.പി.ഐ.എം. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ നേതൃത്വത്തില്‍ മൂന്നാം മുന്നണിക്ക് രൂപം നല്‍കാനാണ് സി.പി.ഐ.എം പദ്ധതിയിടുന്നത്. []
ഇതിനുള്ള സൂചനയായിരുന്നു ഇന്നലെ നടന്ന ഭാരത് ബന്ദിനിടയില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നല്‍കിയത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ശേഷം ലോക്‌സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ പാര്‍ട്ടിയായ സമാജ്‌വാദിക്ക് വലിയ സ്ഥാനമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലുള്ളതെന്നാണ് പ്രകാശ് കാരാട്ട് പറയുന്നത്. മുലായം സിങ്ങിന് വലിയ പ്രാധാന്യമുണ്ടെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.
“പാര്‍ലമെന്‍ിന് അകത്തും പുറത്തും മുലായം സിങ്ങിനെ പോലെ വലിയൊരു പാര്‍ട്ടിയുടെ നേതാവിന് പലതും ചെയ്യാന്‍ കഴിയും.” കാരാട്ട് പറയുന്നു.
സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരിയും മൂന്നാം മുന്നണിക്കുള്ള സൂചനകളാണ് നല്‍കുന്നത്. ഇതര കോണ്‍ഗ്രസ്- ബി.ജെ.പി സഖ്യത്തിനാണ് പദ്ധതിയിടുന്നതെന്നാണ് അറിയുന്നത്. നയപരമായ കാര്യങ്ങളില്‍ അധിഷ്ഠിതമായ മൂന്നാം മുന്നണിക്കാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും യെച്ചൂരി പറയുന്നു.
കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും വെല്ലുവിളിച്ചുകൊണ്ട് ഒരു മൂന്നാം മുന്നണിയുടെ രൂപീകരണമാണ് സി.പി.ഐ.എം ലക്ഷ്യമിടുന്നതെന്നാണ് കാരാട്ടിന്റെയും യെച്ചൂരിയുടേയും പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.
ഡീസല്‍ വിലവര്‍ധനവ്, വിദേശ നിക്ഷേപം എന്നിവ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ ഒരു ബദലിനെ കുറിച്ച് ആലോചിക്കുമെന്ന് മുലായം സിങ്ങും വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബര്‍ 12 ന് കൊല്‍ക്കത്തയില്‍ നടന്ന സമാജ്‌വാദി പാര്‍ട്ടി നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗത്തിലും മൂന്നാം മുന്നണിക്കുള്ള സാധ്യത മുലായം വ്യക്തമാക്കിയിരുന്നു. ചെറിയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ യു.പി.എക്കോ എന്‍.ഡി.എക്കോ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് മുലായം മുന്നറിയിപ്പ് നല്‍കിയിരുന്നു.