| Thursday, 25th July 2019, 7:58 am

ഉണ്ടാകാത്ത സംഘര്‍ഷത്തിന്റെ പേരില്‍ സി.പി.ഐ നുണപ്രചരണം നടത്തുന്നുവെന്ന് വൈപ്പിന്‍ ഏരിയ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എറണാകുളം ജില്ലയിലെ സി.പി.ഐ.എം-സി.പി.ഐ തര്‍ക്കത്തില്‍ സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി സി.പി.ഐ.എം. ഉണ്ടാകാത്ത സംഘര്‍ഷത്തിന്റെ പേരില്‍ സി.പി.ഐ നുണപ്രചരണം നടത്തുന്നുവെന്ന് സി.പി.ഐ.എം വൈപ്പിന്‍ ഏരിയ സെക്രട്ടറി ആരോപിച്ചു.

സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് ആഭ്യന്തര വകുപ്പിനെതിരെ തെരുവില്‍ യുദ്ധം ചെയ്യുന്നത് ആരെ സഹായിക്കാനാണെന്ന് സി.പി.ഐ നേതൃത്വം പരിശോധിക്കണമെന്നും ഏരിയ സെക്രട്ടറി സി.കെ മോഹനന്‍ മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വൈപ്പിന്‍ കോളജില്‍ നടന്ന എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘര്‍ഷമാണ് ഇരു പര്‍ട്ടികള്‍ക്കുമിടയില്‍ രൂക്ഷമായ വാക്‌പോരിലെയ്ക്ക് എത്തിയത്. എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ കണ്ട് മടങ്ങും വഴി സി.പി.ഐ.എം പ്രവര്‍ത്തകര്‍ സി.പി.ഐ ജില്ലാ സെക്രട്ടറിയെ തടഞ്ഞുവെന്നാണ് സി.പി.ഐ ആരോപണം.

സി.പി.എം പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് പക്ഷപാതപരമായി പെരുമാറിയ വൈപ്പിന്‍ സി.ഐയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ നടത്തിയ ഐ.ജി ഓഫീസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു.

സി.പി.ഐ ജില്ലാസെക്രട്ടറിയെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തടഞ്ഞിട്ടില്ലാ എന്നും ഉണ്ടാകാത്ത സംഘര്‍ഷത്തിന്റെ പേരില്‍ സി.പി.ഐ നുണപ്രചാരണം നടത്തുകയാണെന്നുമാണ് സി.പി.എം ആരോപണം. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സി.പി.എം ഏരിയ സെക്രട്ടറി സി.കെ മോഹനന്‍ മാസ്റ്റര്‍ ആരോപിച്ചു.

രമേശ് ചെന്നിത്തലയടക്കം പിന്തുണച്ച സമരം ആരെ സഹായിക്കാനാണെന്ന് സി.പി.ഐ നേതൃത്വം പരിശോധിക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു. പൊലീസ് പോകുന്നത് നല്ല നിലക്കല്ലെന്ന വിമര്‍ശനവുമായി മാര്‍ച്ചിനിടെ പരിക്കേറ്റ സി.പി.ഐ എം.എല്‍.എ എല്‍ദോ എബ്രഹാം പറഞ്ഞിരുന്നു.

അതേസമയം, കണ്ടാലറിയുന്ന എം.എല്‍.എയെ ലോക്കല്‍ പൊലീസ് തല്ലിയത് നിയമവാഴ്ച തകര്‍ന്നതിന്റെ ഉദാഹരണമാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞിരുന്നു. വെല്ലുവിളിക്കുന്നത് പോലെയായി പൊലീസ് നടപടിയെന്നും റവന്യൂ മന്ത്രി പറഞ്ഞിരുന്നു.

വേണ്ടി വന്നാല്‍ സമരം ചെയ്യാന്‍ മടിയില്ല എന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാറും വ്യക്തമാക്കി. തല്ല് കൊണ്ട് തന്നെയാണ് മന്ത്രി കസേരയിലെത്തിയത്. ഇനിയും തല്ല് കൊള്ളാന്‍ മടിയില്ല എന്നും സുനില്‍കുമാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഭരണകക്ഷി സമരം നടത്തിയാല്‍ ഇങ്ങനെയൊക്കെ വരുമെന്നാണ് മന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചത്. തുടര്‍ന്ന് യോഗത്തിനിടെയുണ്ടായ തര്‍ക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് പരിഹരിച്ചത്.

We use cookies to give you the best possible experience. Learn more