ഫുട്‌ബോളിലേതെന്ന പോലെ ക്രിക്കറ്റിലും റെഡ് കാര്‍ഡ് ഏര്‍പ്പെടുത്താനൊരുങ്ങി കരീബിയന്‍ പ്രീമിയര്‍ ലീഗ്. കുറഞ്ഞ ഓവര്‍ നിരക്കിനുള്ള ശിക്ഷയായാണ് സി.പി.എല്‍ റെഡ് കാര്‍ഡ് നല്‍കാന്‍ ഒരുങ്ങുന്നത്.
കുറഞ്ഞ ഓവര്‍ നിരക്കിന് പിഴയടക്കമുള്ള ശിക്ഷ ഏര്‍പ്പെടുത്തിയതിന് ശേഷവും താരങ്ങളോ ടീമോ ഇക്കാര്യം ഗൗരവപൂര്‍വം എടുക്കാത്തതിനാലാണ് റെഡ് കാര്‍ഡ് അവതരിപ്പിക്കുന്നത്.
കുറഞ്ഞ ഓവര്‍ നിരക്ക് മൂലം പലപ്പോഴും മത്സരങ്ങളുടെ സമയം നീണ്ടുപോകാറുണ്ട്. മൂന്ന് മണിക്കൂറുള്ള കുട്ടിക്രിക്കറ്റിന്റെ ആവേശത്തെ ഈ നീണ്ടുപോകല്‍ കാര്യമായി തന്നെ ബാധിക്കുകയും ചെയ്യുന്നുണ്ട്.
ഇതിന് പരിഹാരമെന്നോണമെന്നാണ് റെഡ് കാര്‍ഡ് റൂള്‍ അവതരിപ്പിക്കാന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് ഒരുങ്ങുന്നത്.
ഓരോ ടീമിന്റെ ഇന്നിങ്‌സിന് പരമാവധി 85 മിനിട്ടാണ് അനുവദിച്ചിരിക്കുന്നത്. ഓവര്‍ നിരക്കുകള്‍ തേര്‍ഡ് അമ്പയര്‍മാര്‍ കൃത്യമായി തന്നെ നിരീക്ഷിക്കുകയും ഓരോ ഓവര്‍ കഴിയുമ്പോഴും ശേഷിക്കന്ന ഓവര്‍ എറിഞ്ഞു തീര്‍ക്കാനുള്ള സമയം അടക്കം സ്‌ക്രീനിലൂടെ ക്യാപ്റ്റന്‍ അടക്കമുള്ളവരെ അറിയിക്കുകയും ചെയ്യും.
18ാം ഓവറിന് മുന്‍പ് ഓവര്‍ നിരക്ക് നിശ്ചിത സമയത്തിന് പിന്നിലാണെങ്കില്‍ ഒരു ഫീല്‍ഡര്‍ 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് നിന്നും പിന്‍വലിക്കേണ്ടിവരും. 19 ഓവര്‍ ആരംഭിക്കുമ്പോഴും സ്ഥിതി ഇതുതന്നെയാണെങ്കില്‍ ബൗണ്ടറി ലൈനില്‍ നിന്നും രണ്ടാമത്തെ ഫീല്‍ഡറെ പിന്‍വലിക്കേണ്ടിവരും.
ഇരുപതാം ഓവര്‍ ആരംഭിക്കുമ്പോള്‍ ഓവര്‍ നിരക്ക് പിന്നിലാണെങ്കില്‍ ഒരു റെഡ് കാര്‍ഡ് ഉപയോഗിച്ച് അമ്പയര്‍ക്ക് ഒരു ഫീല്‍ഡറെ പുറത്താക്കാന്‍ സാധിക്കും.
ബൗളിങ് ടീമിന് മാത്രമല്ല, ബാറ്റിങ് ടീമിനും സമയം പാഴാക്കിയാല്‍ പണികിട്ടും. അത് റണ്‍സിന്റെ രൂപത്തിലായിരിക്കും എന്ന് മാത്രം. അമ്പയറുടെ മുന്നറിയിപ്പിന് ശേഷം സമയം പാഴാക്കുന്ന ഓരോ അവസരത്തിലും ടീമിന് അഞ്ച് റണ്‍സ് പെനാല്‍ട്ടി വിധിക്കും. കരീബിയന്‍ പ്രീമിര്‍ ലീഗിന്റെ പുതിയ സീസണോടെ ഈ നിയമങ്ങല്‍ പ്രാവര്‍ത്തികമാകും.
ആഗസ്റ്റ് 17നാണ് സി.പി.എല്‍ 2023ന് തുടക്കമാകുന്നത്. ആറ് ടീമുകളാണ് സീസണില്‍ കിരീടത്തിനായി മാറ്റുരക്കുന്നത്.
നിലവിലെ ചാമ്പ്യന്‍മാരായ ജമൈക്ക താലവാസും സെന്റ് ലൂസിയ കിങ്സുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. രണ്ടാം ദിവസം ബാര്‍ബഡോസ് റോയല്‍സ് സെന്റ് ലൂസിയ കിങ്‌സിനെ നേരിടും.
സി.പി.എല്‍ 2023 ടീമുകള്‍
ജമൈക്ക താലവാസ്, സെന്റ് ലൂസിയ കിങ്സ്, ബാര്‍ബഡോസ് റോയല്‍സ്, സെന്റ് കീത്സ് ആന്‍ഡ് നെവിസ് പേട്രിയറ്റ്സ്, ട്രിബാംഗോ നൈറ്റ് റൈഡേഴ്സ്, ആമസോണ്‍ ഗയാന വാറിയേഴ്സ്.
Content Highlight: CPL to introduce red Card in cricket