273.68ല്‍ 19 പന്തില്‍ 52*, ഒറ്റ ഫോര്‍ പോലുമില്ലാതെ ഏഴ് സിക്‌സര്‍; നൈറ്റ് റൈഡേഴ്‌സിനെ അടിച്ച് ജയിപ്പിച്ച് പൊള്ളാര്‍ഡ്
Sports News
273.68ല്‍ 19 പന്തില്‍ 52*, ഒറ്റ ഫോര്‍ പോലുമില്ലാതെ ഏഴ് സിക്‌സര്‍; നൈറ്റ് റൈഡേഴ്‌സിനെ അടിച്ച് ജയിപ്പിച്ച് പൊള്ളാര്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th September 2024, 9:55 am

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ടുമായി സൂപ്പര്‍ താരം കെയ്‌റോണ്‍ പൊള്ളാര്‍ഡ്. ഡാരന്‍ സമ്മി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ന് നടന്ന ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ് – സെന്റ് ലൂസിയ കിങ്‌സ് മത്സരത്തിലാണ് നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ പൊള്ളാര്‍ഡ് തകര്‍ത്തടിച്ചത്.

19 പന്തില്‍ പുറത്താകാതെ 52 റണ്‍സാണ് കിരീബിയന്‍ വെടിക്കെട്ട് വീരന്‍ സ്വന്തമാക്കിയത്. ഏഴ് സിക്‌സര്‍ അടക്കം 273.68 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്. ഈ പ്രകടനത്തിന് പിന്നാലെ അഞ്ച് പന്ത് ബാക്കി നില്‍ക്കെ കിങ്‌സ് ഉയര്‍ത്തിയ വിജയലക്ഷ്യം മറികടക്കാനും പൊള്ളാര്‍ഡിനും സംഘത്തിനുമായി.

മത്സരത്തില്‍ ടോസ് നേടിയ നൈറ്റ് റൈഡേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മോശമല്ലാത്ത തുടക്കമാണ് കിങ്‌സിന് ലഭിച്ചത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയും വിക്കറ്റ് കീപ്പര്‍ ജോണ്‍സണ്‍ ചാള്‍സും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നാലാം ഓവറിലെ അവസാന പന്തില്‍ ചാള്‍സിനെ പുറത്താക്കി സുനില്‍ നരെയ്‌നാണ് കൂട്ടുകെട്ട് പൊളിച്ചത്. 14 പന്തില്‍ 29 റണ്‍സായിരുന്നു പൊള്ളാര്‍ഡിന്റെ കയ്യിലൊതുങ്ങുമ്പോള്‍ ചാള്‍സിന്റെ പേരിലുണ്ടായിരുന്നത്. പിന്നാലെയെത്തിയ ഡെസ്‌കാര്‍ട്‌സ് ഗോള്‍ഡന്‍ ഡക്കായും മടങ്ങി.

എന്നാല്‍ ഫാഫിനെ ഒപ്പം കൂട്ടി റോസ്റ്റണ്‍ ചെയ്‌സ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എട്ടാം ഓവറില്‍ ഡു പ്ലെസിയെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയ ഭാനുക രാജപക്‌സെയെ കൂട്ടുപിടിച്ച് ചെയ്‌സ് സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറയാതെ നോക്കി.

ഡു പ്ലെസി 26 പന്തില്‍ 34 റണ്‍സ് നേടി മടങ്ങിയപ്പോള്‍ 29 പന്തില്‍ 33 റണ്‍സാണ് ലങ്കന്‍ താരം സ്വന്തമാക്കിയത്. 40 പന്തില്‍ പുറത്താകാതെ 56 റണ്‍സ് നേടിയാണ് റോസ്റ്റണ്‍ ചെയ്‌സ് കിങ്‌സിന്റെ ടോപ് സ്‌കോററായത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് സെന്റ് ലൂസിയ കിങ്‌സ് സ്‌കോര്‍ ബോര്‍ഡില്‍ പടുത്തുയര്‍ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ടീം സ്‌കോര്‍ 20ല്‍ നില്‍ക്കവെ 14 റണ്‍സുമായി സുനില്‍ നരെയ്ന്‍ പുറത്തായി. 15 പന്തില്‍ 16 റണ്‍സ് നേടിയാണ് മറ്റൊരു ഓപ്പണറായ ജേസണ്‍ റോയ് മടങ്ങിയത്.

എന്നാല്‍ മൂന്നാം നമ്പറിലെത്തിയ ഷാക്വെറെ പാരിസ് അര്‍ധ സെഞ്ച്വറിയുമായി ടീമിന് തുണയായി. 33 പന്തില്‍ 57 റണ്‍സാണ് താരം സ്വന്തമാക്കിയത്.

നിക്കോളാസ് പൂരന്‍ 12 പന്തില്‍ 17 റണ്‍സും കെയ്‌സി കാര്‍ട്ടി 22 പന്തില്‍ 15 റണ്‍സും നേടി പുറത്തായി.

ആറാം നമ്പറിലാണ് പൊള്ളാര്‍ഡ് ക്രിസിലെത്തിയത്. ആദ്യ നിമിഷം മുതല്‍ക്കുതന്നെ നയം വ്യക്തമാക്കിയ നൈറ്റ് റൈഡേഴ്‌സ് നായകന്‍ വെടിക്കെട്ടിന് തിരികൊളുത്തി. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സഹതാരത്തെയും എതിരാളികളെയും കാഴ്ചക്കാരാക്കി ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറുകള്‍ പറന്നു.

ഒടുവില്‍ അഞ്ച് പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി നൈറ്റ് റൈഡേഴ്‌സ് വിജയലക്ഷ്യം മറികടന്നു.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ട്രിബാംഗോ. സെപ്റ്റംബര്‍ 14നാണ് ടീമിന്റെ അടുത്ത മത്സരം. ബാര്‍ബഡോസ് റോയല്‍സാണ് എതിരാളികള്‍.

 

 

Content Highlight: CPL 2024: Tribango Knight Riders defeated St Lucia Kings, Pollard scored half century