| Tuesday, 11th June 2024, 10:44 pm

റസലിനും നരെയ്‌നുമൊപ്പം പൊള്ളാര്‍ഡിനെയും പൂരനെയും നിലനിര്‍ത്തി നൈറ്റ് റൈഡേഴ്‌സ്; ഫൈനല്‍ തോറ്റതിനുള്ള തിരിച്ചടി ഇവിടെ തുടങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

2024 കരീബിയന്‍ പ്രീമിയര്‍ ലീഗിനുള്ള മുന്നൊരുക്കത്തിലാണ് കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ്. ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, നിക്കോളാസ് പൂരന്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ് എന്നിവരെയടക്കം വമ്പന്‍ താരനിരയെ നിലനിര്‍ത്തിയാണ് നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്.

ഇതിനൊപ്പം ടിം ഡേവിഡ്, ജേസണ്‍ റോയ്, ജോഷ് ലിറ്റില്‍ എന്നിവരെ ടീം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

ആഗസ്റ്റ് 30നാണ് സി.പി.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയേറ്റ്‌സ് ആന്‍ഡിഗ്വ ആന്‍ഡ് ബാര്‍ബുഡ ഫാല്‍ക്കണണ്‍സിനെ നേരിടുന്നതോടെയാണ് സി.പി.എല്‍ 2024ന് തുടക്കമാകുന്നത്.

രണ്ടാം മത്സരത്തില്‍ ഫാല്‍ക്കണ്‍സ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗയാന ആമസോണ്‍ വാറിയേഴ്‌സിനെ നേരിടും. സെപ്റ്റംബര്‍ ഒന്നിനാണ് നൈറ്റ് റൈഡേഴ്‌സ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരായ സെറ്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയേറ്റ്‌സ് ആണ് എതിരാളികള്‍.

കഴിഞ്ഞ സീസണില്‍ നൈറ്റ് റൈഡേഴ്‌സിനെ നാണംകെടുത്തി ഗയാന ആമസോണ്‍ വാറിയേഴ്‌സാണ് കപ്പുയര്‍ത്തിയത്. നൈറ്റ് റൈഡേഴ്‌സ് വെറും 94 റണ്‍സിന് പുറത്തായപ്പോള്‍ 36 പന്ത് ശേഷിക്കെ ഒറ്റ വിക്കറ്റ് മാത്രം വീഴ്ത്തി ഇമ്രാന്‍ താഹിറിന്റെ ആമസോണ്‍ വാറിയേഴ്‌സ് കിരീടം ചൂടി.

കഴിഞ്ഞ തവണ നഷ്ടപ്പെടുത്തിയ കിരീടം തന്നെയാണ് നൈറ്റ് റൈഡേഴ്‌സ് ഇത്തവണ ലക്ഷ്യമിടുന്നത്.

ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡ് 2024

നിലനിര്‍ത്തിയ താരങ്ങള്‍

കെയ്‌റോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, നിക്കോളാസ് പൂരന്‍, ഡ്വെയ്ന്‍ ബ്രാവോ, വഖാര്‍ സലാംഖെയ്ല്‍, ജെയ്ഡന്‍ സീല്‍സ്, അലി ഖാന്‍, അകീല്‍ ഹൊസൈന്‍, കെയ്‌സി കാര്‍ട്ടി, ടെറന്‍സ് ഹിന്‍ഡ്‌സ്.

പുതുതായി ടീമിലെത്തിച്ച താരങ്ങള്‍

ടിം ഡേവിഡ്, ജേസണ്‍ റോയ്, ജോഷ് ലിറ്റില്‍.

ഒക്ടോബര്‍ 2 മുതലാണ് സി.പി.എല്ലിന്റെ നോക്ക് ഔട്ട് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് ആദ്യ ക്വാളിഫയറും മൂന്നിന് എലിമിനേറ്ററും അഞ്ചിന് രണ്ടാം ക്വാളിഫയറും നടക്കും.

ഒക്ടോബര്‍ ഏഴിനാണ് കലാശപ്പോരാട്ടം. നോക്ക് ഔട്ടിലെ മത്സരങ്ങള്‍ക്കെല്ലാം തന്നെ പ്രൊവിഡന്‍സ് സ്റ്റേഡിയമാണ് വേദിയാകുന്നത്.

Content Highlight: CPL 2024: Tribango Knight Riders announced squad

We use cookies to give you the best possible experience. Learn more