കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ എഡിഷന്‍ വിജയത്തോടെ ആരംഭിച്ച് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗയാന ആമസോണ്‍ വാറിയേഴ്‌സ്. സെന്റ് ജോര്‍ജിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ ഫാല്‍ക്കണ്‍സിനെ പരാജയപ്പെടുത്തിയാണ് വാറിയേഴ്‌സ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്.
അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ഗയാന ആമസോണ്‍ വാറിയേഴ്‌സ് വിജയിച്ചുകയറിയത്. ഫാല്‍ക്കണ്‍സ് ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം ഷായ് ഹോപ്പ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ കരുത്തില്‍ വാറിയേഴ്‌സ് മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ഗയാന എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുന്‍ ചാമ്പ്യന്‍മാരായ സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയേറ്റ്‌സിനോട് പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാനായി കളത്തിലെത്തിയ ഫാല്‍ക്കണ്‍സിന് തുടക്കം പാളി. ടീം സ്‌കേര്‍ പത്തില്‍ നില്‍ക്കവെ ടെഡി ബിഷപ് പുറത്തായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ കോഫി ജെയിംസിനെ ഒപ്പം കൂട്ടി ഫഖര്‍ സമാന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
രണ്ടാം വിക്കറ്റില്‍ 74 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഫാല്‍ക്കണ്‍സ് പടുത്തയര്‍ത്തിയത്. പത്താം ഓവറിലെ രണ്ടാം പന്തില്‍ ജെയിംസിനെ പുറത്താക്കി ഗുഡാകേഷ് മോട്ടി വാറിയേഴ്‌സിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. 24 പന്തില്‍ 37 റണ്‍സ് നേടി കോഫി ജെയിംസ് പുറത്തായി.
പിന്നാലെയെത്തിയ സാം ബില്ലിങ്‌സും ജുവല്‍ ആന്‍ഡ്രൂവും പത്ത് റണ്‍സ് വീതം നേടി പുറത്തായി. ആന്‍ഡ്രൂവിന് തൊട്ടുപിന്നാലെ ഫഖര്‍ സമാനും മടങ്ങി. 33 പന്ത് നേരിട്ട് 40 റണ്‍സാണ് താരം നേടിയത്.
എന്നാല്‍ ആറാം നമ്പറില്‍ ഇറങ്ങിയ ഇമാദ് വസീം സ്‌കോര്‍ ബോര്‍ഡിനെ വീഴാതെ കാത്തു. ഒടുവില്‍ 20 ഓവറിലെ അവസാന പന്തില്‍ വസീം റണ്‍ ഔട്ടായി മടങ്ങുമ്പോള്‍ 168 റണ്‍സാണ് ഫാല്‍ക്കണ്‍സിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
21 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറുമായി 40 റണ്‍സാണ് ഇമാദ് വസീം നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വാറിയേഴ്‌സിനും തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കവെ ഗുഡാകേഷ് മോട്ടിയെ ക്രിസ് ഗ്രീന്‍ മടക്കി. വണ്‍ ഡൗണായി ഷായ് ഹോപ്പ് കളത്തിലെത്തിയപ്പോള്‍ ആരാധകര്‍ക്കും ഹോപ്പ് വന്നുതുടങ്ങി.
ഒരു വശത്ത് ഹോപ്പ് നിലയുറപ്പിച്ച് കളിച്ചെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഫാല്‍ക്കണ്‍സും മൊമെന്റം നഷ്ടപ്പെടാതെ കാത്തു.
ടീം സ്‌കോര്‍ 122ല്‍ നില്‍ക്കവെ ഹോപ്പിനെ പുറത്താക്കി ക്രിസ് ഗ്രീന്‍ വീണ്ടും ഹോം ക്രൗഡിന് ഹോപ്പ് നല്‍കി. 34 പന്തില്‍ 41 റണ്‍സ് നേടി നില്‍ക്കവെയാണ് ഹോപ്പ് മടങ്ങിയത്. ടീം സ്‌കോര്‍ 147ല്‍ നില്‍ക്കവെ ടീമിന്റെ അടുത്ത പ്രതീക്ഷയായ റൊമാരിയോ ഷെപ്പേര്‍ഡും പുറത്തായി. 16 പന്തില്‍ 32 റണ്‍സ് നേടി നില്‍ക്കവെയാണ് ഷെപ്പേര്‍ഡ് പുറത്താകുന്നത്.
ഒടുവില്‍ അവസാന ഓവറില്‍ 16 റണ്‍സ് എന്ന നിലയിലേക്ക് വാറിയേഴ്‌സിന്റെ വിജയലക്ഷ്യം വഴി മാറി. പാക് സൂപ്പര്‍ താരം മുഹമ്മദ് ആമിറാണ് അവസാന ഓവര്‍ എറിയാനെത്തിയത്.
ആദ്യ പന്ത് തന്നെ ഡോട്ടാക്കി മാറ്റിയ ആമിര്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ഡ്വെയ്ന്‍ പ്രിട്ടോറിയസിന്റെ നെഞ്ചിടിപ്പേറ്റി. ആ സാഹചര്യത്തില്‍ അഞ്ച് പന്തില്‍ നിന്നും രണ്ട് റണ്‍സ് മാത്രമാണ് പ്രിട്ടോറിയസിന്റെ പേരിലുണ്ടായിരുന്നത്.
രണ്ടാം പന്തായി ഫുള്‍ ടോസ് തൊടുത്തുവിട്ട ആമിറിന്റെ പ്രതീക്ഷകള്‍ തെറ്റിച്ച് പ്രിട്ടോറിയസ് ഫോര്‍ നേടി. ലോ ഫുള്‍ ടോസായി വന്ന മൂന്നാം പന്തും ബൗണ്ടറി ലൈന്‍ തൊട്ടതോടെ മൂന്ന് പന്തില്‍ നിന്നും എട്ട് എന്ന രീതിയില്‍ വിജയലക്ഷ്യം മാറി.
ഓവറിലെ നാലാം പന്തില്‍ ആമിര്‍ റണ്‍ വഴങ്ങാതെ പന്തെറിഞ്ഞപ്പോള്‍ ഫുള്‍ ലെങ്ത്തില്‍ കുതിച്ചെത്തിയ അഞ്ചാം പന്ത് വീണ്ടും ബൗണ്ടറി ലൈന്‍ കടന്നു.
അവസാന പന്തില്‍ വിജയിക്കാന്‍ നാല് റണ്‍സായിരുന്നു ടീമിന് വേണ്ടിയിരുന്നത്. ഓഫ് സ്റ്റംപ് ലക്ഷ്യമാക്കി വന്ന ഫുള്‍ ലെങ്ത് ഡെലിവെറി കൃത്യമായി ജഡജ് ചെയ്ത പ്രിട്ടോറിയസ് പന്ത് ഗ്യാലറിയിലെത്തിച്ചു.
അവസാന ഓവറില്‍ 0, 4 , 4 , 0, 4, 6 എന്നിങ്ങനെയാണ് റണ്‍സ് പിറന്നത്. പത്ത് പന്തില്‍ നിന്നും 20 റണ്‍സുമായി പ്രിട്ടോറിയസ് വാറിയേഴ്‌സിന്റെ വിജയം ഉറപ്പിച്ചു.
ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ഗയാന ആമസോണ്‍ വാറിയേഴ്‌സ്.
സെപ്റ്റംബര്‍ അഞ്ചിനാണ് വാറിയേഴ്‌സിന്റെ അടുത്ത മത്സരം. വെര്‍ണര്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയേറ്റ്‌സാണ് എതിരാളികള്‍.
Content highlight: CPL 2024: Guyana Amazon Warriors’ thrilling last ball victory against Antigua and Barbuda Falcons