| Monday, 2nd September 2024, 8:51 am

ഇതാ റോയല്‍സിന്റെ ഇടിമിന്നല്‍, വെടിക്കെട്ടുമായി ക്വിന്റണ്‍ ഡി കോക്ക്; തോറ്റ് മടുത്ത് ഫാല്‍ക്കണ്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയമേറ്റുവാങ്ങി ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ ഫാല്‍ക്കണ്‍സ്. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാര്‍ബഡോസ് റോയല്‍സിനോടാണ് ഫാല്‍ക്കണ്‍സ് തോല്‍വിയേറ്റുവാങ്ങിയത്. ഒമ്പത് വിക്കറ്റിനായിരുന്നു ഹോം ടീമിന്റെ പരാജയം.

മത്സരത്തില്‍ ടോസ് നേടിയ റോയല്‍സ് നായകന്‍ റോവ്മന്‍ പവല്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ടീമന്റെ ടോപ് ഓര്‍ഡര്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയപ്പോള്‍ ജുവല്‍ ആന്‍ഡ്രൂവിന്റെ ചെറുത്തുനില്‍പ് ടീമിന് തുണയായി. 35 പന്ത് നേരിട്ട് രണ്ട് സിക്‌സറും മൂന്ന് ഫോറും ഉള്‍പ്പെടെ 48 റണ്‍സാണ് താരം നേടിയത്.

16 പന്തില്‍ 20 റണ്‍സ് നേടിയ നായകന്‍ ക്രിസ് ഗ്രീനാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് ഫാല്‍ക്കണ്‍സ് നേടിയത്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിയ റോയല്‍സ് ബൗളര്‍മാര്‍ ഫാല്‍ക്കണ്‍സിനെ മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ അനുവദിച്ചില്ല. ഒബെഡ് മക്കോയ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മഹീഷ് തീക്ഷണ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ദുനിത് വെല്ലാലാഗെയും നവീന്‍ ഉള്‍ ഹഖുമാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

146 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ റോയല്‍സിനെ ഓപ്പണര്‍മാര്‍ ഡ്രൈവിങ് സീറ്റിലിരുത്തി. ആദ്യ വിക്കറ്റില്‍ 80 റണ്‍സാണ് ക്വിന്റണ്‍ ഡി കോക്കും റകീം കോണ്‍വാളും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

ഏഴാം ഓവറിലെ മൂന്നാം പന്തില്‍ കോണ്‍വാളിനെ ഇമാദ് വസീം മടക്കി. 20 പന്തില്‍ 30 റണ്‍സ് നേടി നില്‍ക്കവെയാണ് കോണ്‍വാള്‍ പുറത്തായത്.

കോണ്‍വാള്‍ പുറത്തായെങ്കിലും ഡി കോക്ക് അടി നിര്‍ത്തിയില്ല. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ പന്തുകള്‍ അതിര്‍ത്തിവര തൊട്ടപ്പോള്‍ റോയല്‍സ് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.

ഒടുവില്‍ 27 പന്തും ഒമ്പത് വിക്കറ്റും കയ്യിലിരിക്കെ റോയല്‍സ്, ഫാല്‍ക്കണ്‍സ് എന്ന കടമ്പ മറികടന്നു.

45 പന്തില്‍ പുറത്താകാതെ 87 റണ്‍സാണ് ഡി കോക്ക് നേടിയത്. അഞ്ച് സിക്‌സറും ഒമ്പത് ഫോറും അടക്കം 193.33 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഡി കോക്കിന്റെ സംഹാരതാണ്ഡവം.

ഒരു വശത്ത് ഡി കോക്ക് ആഞ്ഞടിച്ചുമ്പോള്‍ മറുവശത്ത് ക്രീസില്‍ നിലയുറപ്പിച്ച ഷര്‍മര്‍ ബ്രൂക്‌സ് താരത്തിനാവശ്യമായി പിന്തുണ നല്‍കി. 28 പന്തില്‍ 21 റണ്‍സാണ് ബ്രൂക്‌സ് നേടിയത്.

ഇതോടെ ആദ്യ മത്സരം വിജയിച്ച റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്തെി. മികച്ച നെറ്റ് റണ്‍ റേറ്റിന്റെ ബലത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗയാന ആമസോണ്‍ വാറിയേഴ്‌സിനെയും മുന്‍ ചാമ്പ്യന്‍മാരായ സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയേറ്റ്‌സിനെയും മറികടന്നാണ് റോയല്‍സ് ഒന്നാമതെത്തിയത്.

സെപ്റ്റംബര്‍ ഏഴിനാണ് ബാര്‍ബഡോസിന്റെ അടുത്ത മത്സരം. വെര്‍ണര്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയേറ്റ്‌സാണ് എതിരാളികള്‍.

Content highlight: CPL 2024: Barbados Royals defeated Antigua and Barbuda Falcons, Quinton de Kock scored half century

We use cookies to give you the best possible experience. Learn more