'ഞങ്ങള്‍ മത്സരിക്കുന്നത് സംഘപരിവാര്‍ വിരുദ്ധതയ്ക്ക് ശക്തി പകരാന്‍'; അധികാരം കിട്ടിയാല്‍ ഭരണത്തിന്റെ ഭാഗമാകില്ലെന്ന് സി.പി.ഐ.എം.എല്‍
national news
'ഞങ്ങള്‍ മത്സരിക്കുന്നത് സംഘപരിവാര്‍ വിരുദ്ധതയ്ക്ക് ശക്തി പകരാന്‍'; അധികാരം കിട്ടിയാല്‍ ഭരണത്തിന്റെ ഭാഗമാകില്ലെന്ന് സി.പി.ഐ.എം.എല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd October 2020, 8:11 am

പട്‌ന: ബീഹാറില്‍ മഹാസഖ്യം അധികാരത്തിലേറിയാല്‍ ഭരണത്തിന്റെ ഭാഗമാകില്ലെന്ന് സി.പി.ഐ.എം.എല്‍. സംഘപരിവാറിനെതിരെ സംഘടിക്കാനാണ് ആദ്യമായി മഹാസഖ്യത്തിന്റെ ഭാഗമായതെന്നും സി.പി.ഐ.എം.എല്‍ ലിബറേഷന്‍ പൊളിറ്റ് ബ്യൂറോ അംഗം കവിതാ കൃഷ്ണന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അവരുടെ പ്രതികരണം.

‘ഞങ്ങളുടെ ശക്തി ഞങ്ങള്‍ക്കറിയാം. ആ ശക്തി ബി.ജെ.പി വിരുദ്ധതയ്ക്ക് ശക്തിപകരാന്‍ പിന്തുണയാകും. മഹാസഖ്യം അധികാരത്തിലെത്തിയാലും ഞങ്ങള്‍ സര്‍ക്കാരിന്റെ ഭാഗമാകില്ല. മന്ത്രിസ്ഥാനങ്ങള്‍ ഏറ്റെടുക്കില്ല. എന്നാല്‍ സര്‍ക്കാരിന് മാര്‍ഗ നിര്‍ദേശം നല്‍കാനും ഇടപെടാനും ഞങ്ങളുണ്ടാകും,’ കവിതാ കൃഷ്ണന്‍.

ബി.ജെ.പി-ജെ.ഡി.യു സഖ്യം ബീഹാര്‍ ജനതയെ വഞ്ചിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഭൂസമരങ്ങളിലൂടെയും ദളിതുകളുടെ അവകാശ പോരാട്ടങ്ങളിലൂടെയുമാണ് ബീഹാറിന്റെ മണ്ണില്‍ സി.പി.ഐ.എം.എല്‍ വേരുറപ്പിച്ചത്. ആര്‍.ജെ.ഡി ഉള്‍പ്പെടുന്ന മഹാസഖ്യത്തിനൊപ്പം തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പാര്‍ട്ടി തീരുമാനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. മൂന്ന് എം.എല്‍.എമാരുള്ള പാര്‍ട്ടിയുടെ ഒറ്റയാള്‍ പോരാട്ടം എവിടെയുമെത്തില്ലെന്ന് കണ്ടാണ് സംഘപരിവാര്‍ ശക്തികള്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ മഹാസഖ്യത്തിനൊപ്പം തെരഞ്ഞെടുപ്പിലേക്ക് എത്തിയതെന്നും കവിതാ കൃഷ്ണന്‍ പറഞ്ഞു.

മഹാസഖ്യത്തിന്റെ ഭാഗമായി 19 സീറ്റുകളിലേക്കാണ് സി.പി.ഐ.എം.എല്‍ മത്സരിക്കുന്നത്.

1980കളുടെ അവസാനം മുതല്‍ പാര്‍ട്ടിയെന്ന നിലയില്‍ സി.പി.ഐ.എം.എല്‍ ബീഹാര്‍ രാഷ്ട്രീയത്തിലുണ്ട്. ദളിതുകള്‍ക്കിടയില്‍ വോട്ടവാകാശത്തെക്കുറിച്ചുള്ള പ്രാധാന്യം ഉറപ്പുവരുത്തുന്നതിലും സി.പി.ഐ.എം.എല്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

നിലവില്‍ മഹാസഖ്യത്തിനെതിരെ ബി.ജെ.പി ശക്തമായി രംഗത്തുണ്ട്. നക്‌സലിസം തിരിച്ച് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ബീഹാറില്‍ ആര്‍.ജെ.ഡി സി.പി.ഐ.എം.എല്ലിനെ സഖ്യത്തിലുള്‍പ്പെടുത്തിയതെന്നും ബി.ജെ.പി പ്രചരിപ്പിക്കുന്നുണ്ട്.

അതേസമയം ഏറെ പ്രതീക്ഷയോടെയാണ് മഹാസഖ്യം ബീഹാര്‍ തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നത്. എന്‍.ഡി.എയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാസഖ്യം ബീഹാര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ബീഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെതിരെ ശക്തമായ പ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നത്. നിതീഷ് കുമാര്‍ 30,000 കോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെന്ന് ആര്‍.ജെ.ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ തേജസ്വി യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നിതീഷ് കുമാര്‍ അഴിമതിയുടെ ഭീഷ്മപിതാമഹനാണെന്നായിരുന്നു തേജസ്വി യാദവ് പറഞ്ഞിരുന്നത്. താന്‍ അധികാരത്തിലെത്തിയാല്‍ അഴിമതി തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIML says they will not be a part of government if they come into power in Bihar