| Monday, 23rd January 2017, 8:59 am

സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ കൊല്‍ക്കത്തയില്‍ വെച്ച് കാണാതായി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ബംഗാള്‍ പൊലീസ് രാമചന്ദ്രനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല എന്നാണ് പറയുന്നതെങ്കിലും കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പ്രത്യേക സേനയുടെ കസ്റ്റഡിയിലോ പൊലീസിന്റെ അനൗദ്യോദിക കസ്റ്റഡിയിലോയാകാം  അദ്ദേഹം എന്നു സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ കേരള സംസ്ഥാന സെക്രട്ടറി എം.കെ ദാസന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


കൊല്‍ക്കത്ത: ബംഗാളിലെ ഭാംഗര്‍ കര്‍ഷക സമര രക്തസാക്ഷികളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ കാണാതായി. കര്‍ഷക സമരം നടക്കുന്ന ഭാംഗറില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ബംഗാള്‍ സന്ദര്‍ശിക്കുന്നതിനായി പോയ രാമചന്ദ്രന്‍ ഇന്നലെ വൈകിയിട്ട് ഹൗറ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായി വിവരമുണ്ട്. പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല.


Also read ജല്ലിക്കെട്ട് മറീന ബീച്ചില്‍ സംഘര്‍ഷം: പൊലീസ് സമരക്കാരെ ഒഴിപ്പിക്കുന്നു


കര്‍ഷക സമരത്തിന്റെ ഭാഗമായി രാമചന്ദ്രനെ  പൊലീസ് കസ്റ്റഡിയിലെടുത്തതായിരിക്കാം എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. ബംഗാള്‍ പൊലീസ് രാമചന്ദ്രനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല എന്നാണ് പറയുന്നതെങ്കിലും കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി പ്രത്യേക സേനയുടെ കസ്റ്റഡിയിലോ പൊലീസിന്റെ അനൗദ്യോദിക കസ്റ്റഡിയിലോയാകാം  അദ്ദേഹം എന്നു സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ കേരള സംസ്ഥാന സെക്രട്ടറി എം.കെ ദാസന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. നേരത്തെ സമരം സൃഷ്ടിക്കുന്നത് പുറമെ നിന്നുള്ള ആളുകളാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചിരുന്നു. മമതയുടെ പ്രസ്താവനയുടെ ബലത്തിലാകം അറസ്റ്റെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

വെടിവെപ്പിനെ തുടര്‍ന്ന് കൊല്ലപ്പെട്ട മൊഫിജ്ജുല്‍ ഖാന്‍, ആലം മൊല്ല എന്നിവരുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനു വേണ്ടിയായിരുന്നു കെ.എന്‍ രാമചന്ദ്രന്‍ ലഖ്‌നൗവില്‍ നിന്നും ഹൗറയിലേക്ക് പുറപ്പെട്ടത്. സ്റ്റേഷനില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ബംഗാളിലെ ഡി.ജി.പിയ്ക്ക് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. അറസ്റ്റിലാണെങ്കില്‍ ആ വിവരം പുറത്തു വിടുക അല്ലെങ്കില്‍ രാമചന്ദ്രനെ കണ്ടെത്തുക എന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. കോട്ടയം സ്വദേശിയായ കെ.എന്‍ രാമചന്ദ്രന്‍ ദല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ഭാംഗറില്‍ ഊര്‍ജ്ജ പദ്ധതിക്കു വേണ്ടി കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ സമരത്തിനിടെയാണ്  കഴിഞ്ഞ പതിനേഴിന് ഒരു വിദ്യാര്‍ത്ഥിയും കര്‍ഷകനും കൊല്ലപ്പെട്ടത്. 2015ല്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ മുതല്‍ കര്‍ഷക പ്രക്ഷോഭം നിലനില്‍ക്കുന്ന മേഖലയാണ് ബംഗാളിലെ ഭാംഗര്‍. പ്രതിഷേധത്തിന്റെ ഭാഗമായി പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള പദ്ധതി പ്രദേശം ജനങ്ങള്‍ കഴിഞ്ഞ ദിവസം ഉപരോധിച്ചിരുന്നു. ഉപരോധ സമരത്തിനിടെയായിരുന്നു പൊലീസ് വെടിവെപ്പ് എന്നാല്‍ തങ്ങളല്ല വെടിയുതിര്‍ത്തത് എന്ന നിലപാടിലാണ് പൊലീസ്. സി.പി.ഐ.എം റെഡ്സ്റ്റാര്‍ സമര രംഗത്ത് സജീവമായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെയായിരുന്നു സ്ഥലത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നത്. സമരത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പടെ 600ഓളം പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഗ്രാമീണര്‍ ഒന്നടങ്കം സമരരംഗത്തിറങ്ങിയത്.

We use cookies to give you the best possible experience. Learn more