കോഴിക്കോട്: വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ട “ഏറ്റുമുട്ടല്‍” റിസോര്‍ട്ടുടമകളും പോലീസും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണെന്ന് സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം.കെ ദാസന്‍. പുറത്ത് വന്ന് കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇക്കാര്യമാണ് വെളിവാക്കുന്നതെന്നും കൊലപാതകത്തെ അപലപിക്കുന്നതായും CPI(ML) റെഡ് സ്റ്റാര്‍സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കേരളം പോലെ ജനസാന്ദ്രതയേറിയ പ്രദേശത്ത് ദേശീയ പാതയോട് ചേര്‍ന്നുള്ള ഒരു റിസോര്‍ട്ടില്‍ ഇത്തരത്തില്‍ ഒരു വെടിവെപ്പും കൊലയും നടത്തേണ്ട എന്തു സാഹചര്യമാണ് ഉണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ആരെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ അവരെ നിയമപരമായി നേരിടുന്നതിനു പകരം മാവോയിസ്റ്റ് ചാപ്പ കുത്തി ആരെയും വകവരുത്താമെന്നത് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സമീപനമാണ്.
കാശ്മീരിലും മറ്റും നടക്കുന്ന ആസൂത്രിതമായ ഭരണകൂട ഏറ്റുമുട്ടലുകളുടെ അനുഭവങ്ങളെയും ഈ സന്ദര്‍ഭത്തില്‍ നാം കാണാതിരുന്നു കൂടാ.
ഇത്തരം മാവോയിസ്റ്റ് വേട്ടക്ക് കനത്ത കേന്ദ്രഫണ്ടിനൊപ്പം മറ്റ് പാരിതോഷികങ്ങളും പോലീസ് ഭരണസംവിധാനങ്ങള്‍ക്ക് ലഭിക്കുന്നതും ഏറ്റുമുട്ടല്‍ കൊലകള്‍ക്കുള്ള പ്രേരണയാണ്.
ഇത്തരത്തിലുള്ള ഏറ്റുമുട്ടല്‍ കൊലകളുടെ മറവില്‍ ജനകീയ സമരങ്ങളെയും വ്യവസ്ഥക്കെതിരെ സമരം ചെയ്യുന്ന ജനാധിപത്യ ശക്തികളെയും ഭയപ്പെടുത്തി ഒതുക്കാമെന്ന ഭരണകൂട തന്ത്രങ്ങളെയും നാം തിരിച്ചറിയണം.
അങ്ങേയറ്റം ദുരൂഹത നിറഞ്ഞ ഈ വെടിവെപ്പിനെയും കൊലയേയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരണം. അതിനായി ജനാധിപത്യ പ്രസ്ഥാനങ്ങളും ജനപക്ഷ പ്രവര്‍ത്തകരും മുന്നോട്ടു വരണമെന്നും എം.കെ ദാസന്‍ ആഹ്വാനം ചെയ്തു.