ന്യൂദല്‍ഹി: പുതിയ കേരള പൊലീസ് ഭേദഗതിയില്‍ പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം.എല്‍ ലിബേറഷന്‍ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണന്‍. ഇത്തരം ക്രൂരനിയമങ്ങള്‍ നടപ്പാക്കിക്കൊണ്ട് ഇടതുപക്ഷത്തെ നാണം കെടുത്തരുതെന്നാണ് കവിത കൃഷ്ണന്‍ ട്വിറ്ററില്‍ കുറിച്ചത്. സി.പി.ഐ.എം ഇത്തരം നിയമങ്ങളെ എതിര്‍ക്കുകയും അഭിപ്രായസ്വാതന്ത്രത്തിനായി നിലകൊള്ളുകയും ചെയ്യുന്നതാണെന്നും കവിത ട്വീറ്റില്‍ പറയുന്നു.
‘ശരിക്കും പിണറായി വിജയന്‍?! സി.പി.ഐ.എം ഇന്ത്യയിലെ ക്രൂരനിയമങ്ങളെ എതിര്‍ക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിലകൊള്ളുകയും ചെയ്യുന്നതാണ്. ഒരു സി.പി.ഐ.എം സര്‍ക്കാര്‍ തന്നെ ഇത്തരത്തിലൊരു ക്രൂരനിയമം നടപ്പില്‍ വരുത്തികൊണ്ട് ഇടതുപക്ഷത്തെ നാണം കെടുത്തരുത്.’
കവിത കൃഷ്ണന്‍ ട്വിറ്ററില്‍ എഴുതി. പിണറായി വിജയന്റെയും സി.പി.ഐ.എമ്മിന്റെയും ഔദ്യോഗിക അക്കൗണ്ടുകള്‍ ടാഗ് ചെയ്തിട്ടുമുണ്ട്.
കഴിഞ്ഞ ദിവസമാണ് സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്‍കിയത്. പൊലീസ് നിയമത്തില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്.
ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുള്ളത്.
2000ത്തിലെ ഐടി ആക്ടിലെ 66എ വകുപ്പും 2011 ലെ കേരള പൊലീസ് ആക്ടിലെ 118(ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് കാണിച്ച് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പകരം സുപ്രീം കോടതി മറ്റു നിയമങ്ങളൊന്നും കൊണ്ട് വന്നിരുന്നില്ല. ഇതിനെ നേരിടാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഭേദഗതി.
ഭേദഗതിക്കെതിരെ നിരവധി കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. രണ്ട് ആളുകള്‍ ചായക്കടയിലിരുന്ന് പരദൂഷണം പറഞ്ഞാല്‍ ജാമ്യമില്ലാതെ പിടിച്ച് അകത്തിടാനുള്ള കരിനിയമമാണ് മന്ത്രിസഭ അംഗീകരിച്ചതെന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ പറഞ്ഞത്.
നിയമത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത് ഇത് നിര്‍ദ്ദയവും വിമതശബ്ദങ്ങളെ നിഅടിച്ചമര്‍ത്തുന്നതാണെന്നുമായിരുന്നു. ഐടി ആക്ടില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ 66 (എ)യ്ക്ക് സമാനമാണ് ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്ന നിയമമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ആക്ടില്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തകുറിപ്പിലൂടെ വിശദീകരണം നല്‍കിയത്.
ഏതെങ്കിലും തരത്തിലുള്ള സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിനോ എതിരായി നിയമം ഉപയോഗിക്കപ്പെടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.
സോഷ്യല്‍ മീഡിയയിലെ ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ട ദുരുപയോഗം തടയാനും സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനുമാണ് ഇത് നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഈ ഭേദഗതി സംബന്ധിച്ച് ഉയര്‍ന്നു വരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളെയും നിര്‍ദ്ദേശങ്ങളെയും സര്‍ക്കാര്‍ പരിഗണിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എല്ലാ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് സി.പി.ഐ.എം കേന്ദ്ര നേതൃത്വം അറിയിച്ചത്. ‘കേരള പൊലീസ് ആക്ട് ഭേദഗതിയുമായി ബന്ധപ്പെട്ട എല്ലാ ക്രിയാത്മക നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കേരളത്തിലെ ഇടത് സര്‍ക്കാര്‍ പരിഗണിക്കും’, സി.പി.ഐ.എം പറഞ്ഞു. ട്വിറ്റര്‍ വഴിയായിരുന്നു പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക