ന്യൂദല്‍ഹി: ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ഉറച്ച് സി.പി.ഐ.എം.എല്‍ ലിബറേഷന്‍. സി.പി.ഐ.എം കോണ്‍ഗ്രസുമായി സഖ്യത്തില്‍ ചേരുന്നത് വലിയ നഷ്ടമുണ്ടാക്കുമെന്നും തങ്ങള്‍ സഖ്യത്തിലേക്ക് വരില്ലെന്നും സി.പി.ഐ.എം.എല്‍ (ലിബറേഷന്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി കണ്ടില്ല. ബംഗാളില്‍ സി.പി.ഐ.എം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ തിരിച്ചടി ഉറപ്പ്. ബംഗാളിലെ സി.പി.ഐ.എം കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരില്ല,’ ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.
കോണ്‍ഗ്രസിന് രാഷ്ട്രീയ അടിത്തറ നഷ്ടപ്പെട്ടുവെന്നും ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 70 സീറ്റുകള്‍ നല്‍കിയത് തിരിച്ചടിയായെന്നും ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.
കോണ്‍ഗ്രസിന്റെ സാമൂഹിക-രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കിയാല്‍ നഷ്ടം സംഭവിക്കുക സി.പി.ഐ.എമ്മിന് മാത്രമാകുമെന്നും ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സി.പി.ഐ.എം.എല്‍ പങ്കാളിയാകില്ലെന്നും ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.
മഹാസഖ്യത്തിന്റെ ഭാഗമായി ബീഹാറില്‍ 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. മഹാസഖ്യത്തിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഇടതുപാര്‍ട്ടികള്‍ മികച്ച വിജയം നേടിയിരുന്നു. 19 സീറ്റുകളില്‍ മത്സരിച്ച സി.പി.ഐ.എം.എല്‍ 12 സീറ്റുകളിലാണ് വിജയിച്ചത്. ആറ് സീറ്റുകളില്‍ മത്സരിച്ച സി.പി.ഐയും നാല് സീറ്റുകളില്‍ മത്സരിച്ച സി.പി.ഐ.എമ്മും രണ്ട് സീറ്റുകളില്‍ വീതവുമാണ് വിജയിച്ചത്. 2015 ലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എംഎല്ലിന് മൂന്ന് സീറ്റുകള്‍ മാത്രമാണ് നേടിയിരുന്നത്. അതേസ്ഥാനത്ത് ഇടതുപക്ഷ പാര്‍ട്ടികള്‍ ഇത്തവണ 16 സീറ്റുകള്‍ നേടിയത് മികച്ച വിജയമായാണ് കണക്കാക്കുന്നത്.
ബീഹാര്‍ തെരഞ്ഞെടുപ്പിനെ സമീപിച്ചതില്‍ വീഴ്ചപറ്റിയെന്ന് കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയുടേയും ഇടതുപാര്‍ട്ടികളുടേയും അടുത്തെത്താന്‍ തങ്ങള്‍ക്കായില്ലെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞത്.
ആര്‍.ജെ.ഡിയും ഇടതുപാര്‍ട്ടികളും മികച്ച പ്രകടനം തന്നെ നടത്തി. അവരെപ്പോലെ ഞങ്ങള്‍ക്കും സീറ്റുകള്‍ നേടാനായിരുന്നെങ്കില്‍ ബീഹാറില്‍ മഹാസഖ്യം അധികാരമേല്‍ക്കുമായിരുന്നു.ബീഹാറികളും അത് തന്നെയായിരുന്നു ആഗ്രഹിച്ചിരുന്നത്. ഒരു മാറ്റം അവര്‍ തീര്‍ച്ചയായും ആഗ്രഹിച്ചിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
ബീഹാറിലെ മുതിര്‍ന്ന നേതാക്കളുമായി ഞങ്ങള്‍ ചര്‍ച്ച നടത്തും. സ്ഥാനാര്‍ത്ഥികളുമായും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുമായും ചര്‍ച്ച നടത്തും. അതിന് ശേഷം ഒരു തീരുമാനത്തിലെത്തുകയും ആ തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്യമെന്നും അദ്ദേഹം പറഞ്ഞു.
കേവല ഭൂരിപക്ഷത്തിനാവശ്യമായ 122 സീറ്റുകള്‍ മറികടന്നാണ് ബീഹാര്‍ എന്‍.ഡി.എ സഖ്യം അധികാരം നിലനിര്‍ത്തിയത് 125 സീറ്റുകളിലാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിജയിച്ചത്. ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗദ്ബന്ധന്‍ 110 സീറ്റുകള്‍ നേടി.
എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിയാണ് എന്‍.ഡി.എ വിജയം സ്വന്തമാക്കിയത്. മഹാഗദ്ബന്ധന്‍ വിജയിക്കുമെന്നായിരുന്നു എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ നാലിനാണ് അവസാന മണ്ഡലത്തിലെയും വോട്ടെണ്ണല്‍ തീര്‍ന്നത്.
75 സീറ്റ് നേടിയ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍.ജെ.ഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബി.ജെ.പി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെ.ഡി.യു 43 സീറ്റുകളിലൊതുങ്ങി. ഭരണം നിലനിര്‍ത്തിയെങ്കിലും രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് ജെ.ഡി.യു നേരിട്ടത്.
2015ല്‍ 71 സീറ്റുകളാണ് ജെ.ഡി.യു നേടിയിരുന്നത്. കോണ്‍ഗ്രസിനും കനത്ത തിരിച്ചടി നേരിട്ടു. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് വെറും 19 സീറ്റിലാണ് ജയിച്ചത്. അതേസമയം, ഇടതുപാര്‍ട്ടികള്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി. മത്സരിച്ച 29 സീറ്റില്‍ 15ലും ഇടതുപാര്‍ട്ടികള്‍ ജയിച്ചു. സി.പി.ഐ.എമ്മും സി.പി.ഐയും രണ്ട് സീറ്റ് വീതം നേടിയപ്പോള്‍ സി.പി.ഐ(എം.എല്‍) 11 സീറ്റ് നേടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: CPIML against Congress in election defeat of Mahagadbandhan in Bihar