കെ.എം.ഷഹീദ്
കോഴിക്കോട്: സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് നടക്കുന്ന ചരിത്രപ്രദര്‍ശനത്തില്‍ പുതിയ കാലത്തെ സമരങ്ങളെക്കുറിച്ച് മൗനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ ലോകത്തും ഇന്ത്യയിലും കേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ്ഗ പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ചരിത്രം പറയുന്നതാണ് പ്രദര്‍ശനം. എന്നാല്‍ സി.പി.ഐ.എം നേതൃത്വത്തിലും അല്ലാതെയും നടന്ന പുതിയ കാലത്തെ സമരങ്ങളെക്കുറിച്ച് പ്രദര്‍ശനം മൗനം പാലിക്കുകയാണ്. അറേബ്യയില്‍ നടന്ന മുല്ലപ്പൂ വിപ്ലവത്തെക്കുറിച്ചും വാള്‍സ്ട്രീറ്റില്‍ നടക്കുന്ന ഒക്യുപ്പൈ സമരത്തെയും കുറിച്ച് പ്രദര്‍ശനം പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ ഈ കാലയളവില്‍ ഇന്ത്യയിലും കേരളത്തിലും നടന്ന പ്രക്ഷോഭങ്ങള്‍ വിസ്മരിക്കപ്പെട്ടു.
ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെ യൂറോപ്പില്‍ രൂപപ്പെട്ട പുതിയ തൊഴില്‍ സംരംഭങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് പ്രദര്‍ശനം തുടങ്ങുന്നത്. 1819ലെ ഇംഗ്ലണ്ട്-മാഞ്ചസ്റ്റര്‍ മില്‍ സമരം, 1831-34 കാലയളവില്‍ നടന്ന ലിയോ നെയ്ത്ത് തൊഴിലാളി സമരം തുടങ്ങിയ തൊഴിലാളി പ്രക്ഷോഭങ്ങള്‍ 1886ല്‍ മെയ് ഒന്നിന്റെ തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റത്തിലൂടെ ഊര്‍ജ്ജം നേടുന്നു. മെയ് നാലിന് തൊഴിലാളി പ്രക്ഷോഭത്തിന് നേരെ ഷിക്കാഗോ ഹേ മാര്‍ക്കറ്റിന് സമീപം പോലീസ് വെടിവെപ്പുണ്ടാകുന്നു.
ഇന്ത്യയിലെ തൊഴിലാളി പ്രക്ഷോഭങ്ങളെക്കുറിച്ചും ചരിത്രപ്രദര്‍ശനത്തില്‍ വിശദമായി പറയുന്നുണ്ട്. 1862 ഏപ്രില്‍ മെയ് മാസങ്ങളില്‍ ഹൗറയില്‍ 1200 ഓളം റെയില്‍വെ തൊഴിലാളികള്‍ പണിമുടക്കുന്നു. 1920 ഒക്ടോബര്‍ 31ന് അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് രൂപീകരിച്ച് ലാലാ ലജ്പത് റായിയെ അധ്യക്ഷനായി തിരഞ്ഞെടുക്കുന്നു. 1945ല്‍ ന്യായമായ കൂലിക്ക് വേണ്ടി ബംഗാള്‍, ആന്ധ്ര, തൊലുങ്കാന, കേരള മേഖലയില്‍ പ്രക്ഷോഭം നടക്കുന്നു. 1974ല്‍ സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ പണിമുടക്ക് റെയില്‍വെ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടക്കുന്നു.
തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ രൂപീകരണത്തെക്കുറിച്ചും തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമായി പാവങ്ങളുടെ പടത്തലന്‍ എ.കെ.ജിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളെക്കുറിച്ചും പ്രദര്‍ശനത്തില്‍ പറയുന്നുണ്ട്. 1954ല്‍ സംഘടനാ സ്വാതന്ത്ര്യത്തിന് വേണ്ടി തിരുകൊച്ചി ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ പണിമുടക്ക് നടത്തുന്നു. കോഴിക്കോട് നഗരത്തില്‍ നടന്ന ചരിത്രപ്രസിദ്ധമായ നിരവധി തൊഴിലാളി പ്രക്ഷോഭങ്ങളും പ്രദര്‍ശനം സ്മരിക്കുന്നു. 1935ലെ തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ സമരം, 1935ലെ ഫറോഖ് ഓട്ടുതൊഴിലാളി സമരം, 1937ലെ പുതിയറ ഓട്ടുകമ്പനി സമരം തുടങ്ങി നീളുന്നു ഈ ലിസ്റ്റ്. അമിത ജോലി സമയം കുറക്കുക, മാന്യമായ വേതനം നല്‍കുക, മാനേജ്‌മെന്റ് പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ആ സമരങ്ങള്‍. 1935ല്‍ വടകര ബീഡി-സിഗാര്‍ തൊഴിലാളികള്‍ സമരത്തിലൂടെ നേടിയെടുത്ത ബോണസ് മലബാര്‍ മേഖലയിലെ ആദ്യ തൊഴിലാളി ബോണസ് കൂടിയായിരുന്നു.
ലോക തൊഴിലാളി പ്രക്ഷോഭങ്ങളുടെ ചരിത്രത്തെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെയും അതോടനുബന്ധിച്ച് നടന്ന സായുധ പോരാട്ടങ്ങളെയും കോര്‍ത്തിണക്കാന്‍ പ്രദര്‍ശനത്തിന് കഴിഞ്ഞുവെന്നത് എടുത്ത് പറയേണ്ടതാണ്. എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ഇരുപത് വര്‍ഷക്കാലയളവില്‍ നടന്ന സമരങ്ങളെക്കുറിച്ചും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളെക്കുറിച്ചും പ്രദര്‍ശനം ഓര്‍ക്കാന്‍ തയ്യാറാവുന്നില്ല. ഇക്കാലയളവില്‍ പാര്‍ട്ടി പ്രക്ഷോഭങ്ങളില്‍ നിന്ന് പതുക്കെ വഴിമാറാന്‍ തുടങ്ങിയിരുന്നുവെങ്കിലും എടുത്തു പറയേണ്ട സമരങ്ങളും രക്തസാക്ഷിത്വങ്ങളും അക്കാലയളവിലും നടക്കുന്നുണ്ട്.
സ്വാശ്രയ വിരുദ്ധ സമരം, എ.ഡി.ബി വിരുദ്ധ സമരം, നിയമന നിരോധനത്തിനും സ്‌കൂള്‍ അടച്ചുപൂട്ടലിനുമെതിരെ നടന്ന അധ്യാപക സമരം തുടങ്ങിയവയെ ഓര്‍ക്കാന്‍ ചരിത്ര പ്രദര്‍ശനത്തിന് കഴിഞ്ഞില്ല. കേരളത്തില്‍ ആന്റണി സര്‍ക്കാര്‍ പ്രൊഫണല്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ നയം കൊണ്ടുവന്നതിനെതിരെയായിരുന്നു ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഐതിഹാസികമായ സമരം നടന്നത്. പോരാട്ടത്തിനിടെ കൂത്ത് പറമ്പില്‍ അഞ്ച് പേര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഇതോടൊപ്പം എസ്.എഫ്.ഐയുടെ നേതൃത്വത്തിലും സംസ്ഥാനത്തുടനീളം ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഇവയ്‌ക്കൊന്നും പ്രദര്‍ശനത്തില്‍ സ്ഥാനം ലഭിച്ചില്ല.
ഇതിനോടൊപ്പം നടന്ന എ.ഡി.ബി വിരുദ്ധ പ്രക്ഷോഭവും എടുത്തുപറയേണ്ടതാണ്. ഇലക്ട്രിസിറ്റി ഓഫീസുകളില്‍ എ.ഡി.ബി ഓഫീസ് എന്ന് കരി ഓയില്‍ കൊണ്ടെഴുതിയായിരുന്നു പ്രക്ഷോഭം. അന്നും പ്രക്ഷോഭകര്‍ക്കെതിരെ വ്യാപകമായ പോലീസ് വേട്ടയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വന്ന ഇടത് സര്‍ക്കാര്‍ തന്നെ എ.ഡി.ബിയുടെ വക്താക്കളായി മാറി. രണ്ട് സമരങ്ങളെയും ചരിത്രപ്രദര്‍ശനം വിട്ടുകളയാന്‍ കാരണവും സ്വന്തം സര്‍ക്കാര്‍ ഇതിന്റെ നടത്തിപ്പുകാരായി മാറിയെന്നതുകൊണ്ടാണെന്ന് ആക്ഷേപമുണ്ട്.
ആന്റണി സര്‍ക്കാറിന്റെ കാലത്ത് നിയമന നിരോധനത്തിനും സ്‌കൂള്‍ അടച്ചുപൂട്ടലിനും എ.ഡി.ബി നയം നടപ്പാക്കുന്നതിനുമെതിരെ നടന്ന പ്രക്ഷോഭവും ഇങ്ങിനെ അവഗണിക്കപ്പെട്ടു. സംസ്ഥാനത്ത് അടുത്തൊന്നും കാണാത്ത തരത്തില്‍ അധ്യാപകരുടെ നേതൃത്വത്തില്‍ 32 ദിവസം നീണ്ട പണിമുടക്കിനൊടുവില്‍ ആന്റണിക്ക് നിലപാടില്‍ നിന്ന് പിറകോട്ട് പോവേണ്ടി വരികയായിരുന്നു.
ഇപ്പോള്‍ കേരളത്തില്‍ നഴ്‌സിങ് മേഖലയില്‍ നടക്കുന്ന ഐതിഹാസികമായ സമരത്തെയും പ്രദര്‍ശനം അവഗണിച്ചു. പാര്‍ട്ടിയുമായി നേരിട്ട് ബന്ധമില്ലാത്ത അന്താരാഷ്ട്ര സമരങ്ങളെക്കുറിച്ച് പറയുമ്പോള്‍ അത്തരം ഗണത്തിലെങ്കിലും പെടുത്തി നഴ്‌സിങ് സമരത്തെ പരാമര്‍ശിക്കേണ്ടിയിരുന്നു. നഴ്‌സിങ് സമരത്തിന്റെ അടിക്കുറൊപ്പൊന്നുമില്ലാത്ത ഒരു ചിത്രം പ്രദര്‍ശനത്തിന്റെ അവസാന ഭാഗത്ത് അപ്രസക്തമായി നല്‍കുക മാത്രമാണ് ചെയ്തത്.
കര്‍ഷക, തൊഴിലാളി പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന മേള സംഘടിപ്പിച്ച കോഴിക്കോട് നഗരത്തില്‍ രണ്ട് മാസമായി ഒരു തൊഴിലാളി സമരം നടക്കുന്നുണ്ട്. തൊഴിലാളി യൂണിയന്‍ രൂപീകരിച്ചതിന്റെ പേരില്‍ അടച്ചുപൂട്ടിയ ആലപ്പാട്ട് ജ്വല്ലറി ഷോറൂമിന് മുന്നിലാണ് ഈ സമരം. സി.ഐ.ടി.യുവിന് കീഴില്‍ നടക്കുന്ന സമരം രണ്ട് മാസം പിന്നിട്ടെങ്കിലും ഇപ്പോഴും ശൈശവ ദശയില്‍ തന്നെയാണ്. സമരം പരാജയപ്പെടുത്താന്‍ മാനേജ്‌മെന്റ് മുഴുവന്‍ ജ്വല്ലറി ഉടമകളെയും സംഘടിപ്പിച്ച് ശക്തമായ നിലപാടുമായി മുന്നോട്ട് പോവുകയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച ഈ സമരത്തിന് ഏതെങ്കിലും തലത്തില്‍ പ്രാതിനിധ്യം നല്‍കാന്‍ മേളയ്ക്ക് കഴിയണമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഇതിനൊപ്പം പഴയ കാലത്ത് നടന്ന കര്‍ഷക ആദിവാസി പ്രക്ഷോഭങ്ങളെക്കുറിച്ച് മേള പറയുമ്പോള്‍ പുതിയ കാലത്ത് നടന്ന മുത്തങ്ങ, ചെങ്ങറ തുടങ്ങിയ സമരത്തെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. വയനാട്ടില്‍ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ അടുത്തിടെ നടന്ന ഭൂമി പിടിച്ചെടുക്കല്‍ സമരത്തിനും പ്രദര്‍ശനത്തില്‍ ഇടം നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ല.
സി.കണ്ണനും എ.വി കുഞ്ഞമ്പുവും സഖാവ് കുഞ്ഞാലിയും വിസ്മരിക്കപ്പെട്ടു
പാര്‍ട്ടി ചരിത്രത്തെ അപഗ്രഥിച്ചുകൊണ്ട് പ്രദര്‍ശനം സംഘടിപ്പിക്കാന്‍ കഴിഞ്ഞുവെങ്കിലും സി.കണ്ണന്‍, എ.വി കുഞ്ഞമ്പു, സഖാവ് കുഞ്ഞാലി തുടങ്ങിയവരുടെ പേരുകള്‍ ചരിത്രപ്രദര്‍ശനത്തില്‍ നിന്ന് വിട്ടുപോയി. 30-40 കാലഘട്ടത്തില്‍ കണ്ണൂര്‍ ഗണേഷ് ബീഡി നടത്തിയിരുന്ന ചൂഷണങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ക്കിടയില്‍ ട്രേഡ് യൂണിയന്‍ കെട്ടിപ്പടുത്ത് സംഘടനാ രംഗത്ത് വന്ന നേതാവാണ് സി.കണ്ണന്‍. കോട്ടണ്‍ മില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് സി.പി.ഐ.എം മുന്നണിപ്പോരാളികളിലൊരാളായി. രണ്ട് തവണ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത് എ.കെ.ജിക്കൊപ്പം ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്.
ഭഗത്സിംഗില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് അഭിനവഭാരത് യുവക് സംഘിലൂടെ യുവജനങ്ങളെ സംഘടിപ്പിച്ച് സംഘടനാ രംഗത്ത് വന്ന നേതാവാണ് എ.വി കുഞ്ഞമ്പു. കരിവെള്ളൂര്‍ സമരനായകനായ കുഞ്ഞമ്പു 64ല്‍ നാഷണല്‍ കൗണ്‍സില്‍ നിന്ന് ഇറങ്ങിവന്ന 34 പേരിലൊരാളാണ്.
മലപ്പുറത്ത് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് സഖാവ് കുഞ്ഞാലി. ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ജന്മി-മുതലാളി ചൂഷണത്തിനെതിരെ ശക്തമായി രംഗത്തുവന്ന അദ്ദേഹത്തെ കോണ്‍ഗ്രസുകാര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇപ്പോള്‍ മന്ത്രിയായ ആര്യാടന്‍ മുഹമ്മദ് കേസില്‍ പ്രതിയായിരുന്നുവെങ്കിലും പിന്നീട് കോടതി വെറുതെ വിടുകയായിരുന്നു.